സിനിമാ പ്രൊമോഷന് വേണ്ടി ഷോപ്പിങ് മോളുകളിലും മറ്റ് പൊതുവേദികളിലുമെത്തുന്ന സിനിമാതാരങ്ങള്‍ പലപ്പോഴും ആരാധകരുടെ തിരക്ക് കാരണം വീര്‍പ്പുമുട്ടാറുണ്ട്. അത്തരത്തില്‍ തെലുങ്ക് താരം നിധി അഗര്‍വാള്‍ കഴിഞ്ഞദിവസം നേരിടേണ്ടി വന്ന മോശം അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച.
പ്രഭാസ് നായകനായ രാജാ സാബിലെ പുതിയ ഗാനം കഴിഞ്ഞദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഹൈദരബാദിലെ ലുലു മാളില്‍ വെച്ചായിരുന്നു സോങ് ലോഞ്ച് ചെയ്തത്. ചിത്രത്തിലെ നായികമാരായ മാളവിക മോഹനന്‍, നിധി അഗര്‍വാള്‍ എന്നിവര്‍ക്കൊപ്പം സംവിധായകന്‍ മാരുതിയും നിര്‍മാതാക്കളായ ടി.ജി. വിശ്വപ്രസാദ്, കൃതി പ്രസാദ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
സോങ് ലോഞ്ചിന് ശേഷം മോളിന് പുറത്തേക്കിറങ്ങാന്‍ ശ്രമിച്ച നിധിയുടെ ചുറ്റും ആരാധകര്‍ കൂട്ടംകൂടി. എല്ലാവരും ഉന്തും തള്ളുമായതോടെ താരത്തിന്റെ ഗാര്‍ഡുകള്‍ നന്നേ പണിപെട്ടു. എന്നാല്‍ ഇതിനിടയില്‍ ചിലര്‍ നിധിയെ മോശമായ രീതിയില്‍ തൊടുകയും തള്ളുകയും ചെയ്യുന്നതിന്റെ വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്.
അസ്വസ്ഥമായ മുഖത്തോടെ കാറിലേക്ക് കയറുന്ന നിധി അഗര്‍വാളാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. താരത്തെ അനുകൂലിച്ചാണ് പലരും സംസാരിക്കുന്നത്. സിനിമാ നടിയാണെങ്കിലും അവരും ഒരു സ്ത്രീയാണെന്നും കുറച്ച് മാന്യമായി പെരുമാറണമെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്. സിവിക് സെന്‍സ് അടുത്തുകൂടി പോകാത്ത ആള്‍ക്കൂട്ടത്തെയും വിമര്‍ശിക്കുന്നവരുണ്ട്.
തെലുങ്ക് ആക്ടിവിസ്റ്റായ രേവതി ഈ വീഡിയോ പങ്കുവെച്ചുകൊണ്ടുള്ള ട്വീറ്റും ചര്‍ച്ചയായിരിക്കുകയാണ്. ‘സോ കോള്‍ഡ് ആരാധകരുടെ’ അക്രമം തനിക്ക് കണ്ടുനില്‍ക്കാന്‍ കഴിയുന്നില്ലെന്നാണ് രേവതി പ്രതികരിച്ചത്. സ്ത്രീകളെ ഒബ്ജക്ടിഫൈ ചെയ്യുന്ന ഇന്നത്തെ സമൂഹത്തില്‍ ഒരു നടിക്ക് ഇങ്ങനെയൊരു ദുരനുഭവം നേരിടേണ്ടി വന്നത് അപലപനീയമാണെന്നും രേവതി തന്റെ പോസ്റ്റില്‍ കുറിച്ചു. നടിമാരെ പൊതുസ്വത്തായി കണക്കാക്കുന്ന സമൂഹമാണ് ഇവിടത്തേതെന്നും പറഞ്ഞ രേവതി, പരിപാടിയുടെ സംഘാടകരെയും വിമര്‍ശിക്കുന്നുണ്ട്.
നടിയുടെ അനുവാദമില്ലാതെ അവരുടെ ശരീരത്തില്‍ തൊടാനും, സെല്‍ഫിയെടുക്കാനും ശ്രമിക്കുന്നത് അങ്ങേയറ്റം മോശമായ പ്രവൃത്തിയാണെന്ന് പലരും പോസ്റ്റുകള്‍ പങ്കുവെക്കുന്നു. നിധി അഗര്‍വാളിന് വേണ്ടത്ര സുരക്ഷ നല്‍കാത്ത നിര്‍മാതാക്കളും ഇതില്‍ പ്രതികരിക്കണമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
Content Highlight: Nidhi Agarwal faced bad experience during Raja Saab promotion