| Tuesday, 10th June 2025, 7:06 am

വിന്‍ഡീസ് ക്രിക്കറ്റിന് വമ്പന്‍ തിരിച്ചടി; വെടിക്കെട്ട് ബാറ്റര്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങി

സ്പോര്‍ട്സ് ഡെസ്‌ക്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ ബാറ്റര്‍ നിക്കോളാസ് പൂരന്‍. സോഷ്യല്‍ മീഡിയയായ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം വിരമിക്കല്‍ അറിയിച്ചത്. വെസ്റ്റ് ഇന്‍ഡീസിന്റെ ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും മികവ് പുലര്‍ത്തിയ നിക്കോളാസ് ടീമിന്റെ നെടുംതൂണായിരുന്നു എന്ന് വിശേഷിപ്പിക്കാം. 29ാം വയസിലാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിന്‍ഡീസ് ക്രിക്കറ്റിന് ഒരു തിരിച്ചടിയാണ്.

 
‘ആ മെറൂണ്‍ ജേഴ്‌സി ധരിച്ച് ദേശീയഗാനത്തിനായി എഴുന്നേറ്റ്, ഓരോ തവണയും മൈതാനത്ത് കാലുകുത്തുമ്പോള്‍ എനിക്കുള്ളതെല്ലാം ഞാന്‍ നല്‍കി… അതിന്റെ അര്‍ത്ഥം വാക്കുകളില്‍ വിവരിക്കുക പ്രയാസമാണ്. ടീമിനെ ക്യാപ്റ്റനായി നയിച്ചത് എന്റെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന ഒരു പദവിയാണ്,’ പൂരന്‍ ഇന്‍സ്റ്റാഗ്രാമില്‍ എഴുതി.

2016ല്‍ വിന്‍ഡീസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച താരം ഇന്റര്‍നാഷണല്‍ ടി-20യില്‍ 106 മത്സരങ്ങളിലെ 97 മത്സരങ്ങളില്‍ നിന്നും 2275 റണ്‍സ് നേടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. 98 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 11 അര്‍ധ സെഞ്ച്വറിയും പൂരന്‍ നേടി. ഫോര്‍മാറ്റില്‍ 26.1 ആവറേജും 136.4 എന്ന സ്‌ട്രൈക്ക് റേറ്റും പൂരന്‍ രേഖപ്പെടുത്തി.

വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി 2019ല്‍ ഏകദിന അരങ്ങേറ്റം നടത്തിയ താരം 61 മത്സരങ്ങളിലെ 58 ഇന്നിങ്‌സില്‍ നിന്നും 1983 റണ്‍സാണ് നേടിയത്. ഫോര്‍മാറ്റില്‍ 118 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും മൂന്ന് സെഞ്ച്വറികളും 11 അര്‍ധ സെഞ്ച്വറികളും വിന്‍ഡീസിന് വേണ്ടി പൂരന്‍ നേടിയിട്ടുണ്ട്. ഫോര്‍മാറ്റില്‍ 39.66 എന്ന് ശരാശരിയിലും 99.15 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരത്തിന്റെ ബാറ്റിങ് പ്രകടനം.

വിന്‍ഡീസ് ക്രിക്കറ്റിന് പുറമെ ഐ.പി.എല്ലിലും പൂരന്‍ സജീവമാണ്. നിലവില്‍ ലഖ്‌നൗവിന് വേണ്ടി കളിക്കുന്ന താരം കിങ്‌സ് ഇലവന്‍ പഞ്ചാബ്, മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

2019ല്‍ അഫ്ഗാനിസ്ഥാനെതിരെ പന്തില്‍ കൃത്രിമം കാണിച്ചതിന് പൂരനെ കുറച്ചുകാലം വിന്‍ഡീസ് ക്രിക്കറ്റില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. വിലക്ക് മറികടന്ന് ശേഷം ഏകദേശം 18 മാസങ്ങള്‍ക്ക് ശേഷം ഓസ്ട്രേലിയയ്ക്കെതിരായ പര്യടനത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ടി-20 വൈസ് ക്യാപ്റ്റനായി നിയമിച്ചു. എന്നാല്‍ കെയ്‌റോണ്‍ പൊള്ളാര്‍ഡിന് പകരക്കാരനായി പൂരന്‍ ക്യാപ്റ്റനായും കളിച്ചു. ശേഷം 2022ല്‍ പൂര്‍ വിന്‍ഡീസിന്റെ സ്ഥിരം ക്യാപ്റ്റനായും തെരഞ്ഞെടുക്കപ്പെട്ടു.

Content Highlight: Nicholas Pooran Retired From International Cricket

We use cookies to give you the best possible experience. Learn more