| Monday, 4th May 2026, 9:48 pm

അടിച്ചത് മുംബൈയെ, വീണത് വൈഭവ്; കരീബിയന്‍ കൊടുങ്കാറ്റില്‍ പിറന്നത് വമ്പന്‍ നേട്ടം

Sudev A

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കൂറ്റന്‍ ടോട്ടലുയര്‍ത്തി ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ്. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത എല്‍.എസ്.ജി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സാണ് നേടിയത്.

നിക്കോളാസ് പൂരന്റെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ പിന്‍ബലത്തിലാണ് ലഖ്നൗ കൂറ്റന്‍ ടോട്ടല്‍ അടിച്ചെടുത്തത്. 21 പന്തുകളില്‍ നിന്നും 63 റണ്‍സാണ് വെസ്റ്റ് ഇന്‍ഡീസ് താരം നേടിയത്. ഒരു ഫോറും എട്ട് കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. 16 പന്തുകളില്‍ നിന്നുമാണ് താരം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. സീസണിലുടനീളം നിറം മങ്ങിയ പ്രകടനം നടത്തിയ പൂരന്‍ മുംബൈക്കെതിരെ ശക്തമായി തിരിച്ചുവരികയായിരുന്നു.

ഈ വെടിക്കെട്ട് ഇന്നിങ്സോടെ ഐ.പി.എല്ലില്‍ 20 പന്തുകളില്‍ താഴെ കളിച്ചുകൊണ്ട് ഏറ്റവും കൂടുതല്‍ തവണ അര്‍ധ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായും പൂരന്‍ മാറി. നാല് തവണ ഇത്തരത്തില്‍ ഫിഫ്റ്റി നേടിയ രാജസ്ഥാന്‍ റോയല്‍സ് യുവതാരം വൈഭവ് സൂര്യവംശിയെ മറികടന്നാണ് വിന്‍ഡീസ് താരത്തിന്റെ കുതിപ്പ്.

ഈ പട്ടികയില്‍ ഒന്നാമതുള്ളത് സണ്‍റൈസേഴ്സ് ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മയാണ്. ആറ് തവണയാണ് താരം 20ല്‍ താഴെ പന്തുകളില്‍ നിന്നും ഫിഫ്റ്റി സ്വന്തമാക്കിയത്.

മത്സരത്തില്‍ പൂരന് പുറമെ മിച്ചല്‍ മാര്‍ഷ് 44 റണ്‍സും ഹിമന്ത് സിങ് 40 റണ്‍സും എയ്ഡന്‍ മാര്‍ക്രം 31 റണ്‍സും നേടി ടീമിന് കൂറ്റന്‍ ടോട്ടല്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി.

മുംബൈ ബൗളിങ്ങില്‍ കോര്‍ബിന്‍ ബോഷ് രണ്ട് വിക്കറ്റുകളും അള്ളാഹ് ഗസന്‍ഫര്‍, വില ജാക്‌സ്, രഘു ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

അതേസമയം കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനോട് പരാജയപ്പെട്ടതോടെ മുംബൈ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിരുന്നു. അതുകൊണ്ട് തന്നെ ഇനിയുള്ള മത്സരങ്ങളെല്ലാം വിജയിച്ചുകൊണ്ട് തലയുയര്‍ത്തി മടങ്ങാനാവും മുംബൈ ലക്ഷ്യം വെക്കുക.

മറുഭാഗത്ത് ലഖ്നൗ നിലവില്‍ അവസാന സ്ഥാനത്താണ്. എട്ട് മത്സരങ്ങളില്‍ നിന്നും രണ്ട് ജയവും ആറ് തോല്‍വിയും അടക്കം നാല് പോയിന്റോടെയാണ് എല്‍.എസ്.ജി അവസാന സ്ഥാനത്ത് തുടരുന്നത്. പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കണമെങ്കില്‍ ലഖ്നൗവിനും വിജയം അനിവാര്യമാണ്.

Content Highlight: Nicholas Pooran Create a huge record In IPL

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more