ന്യൂയോര്‍ക്: വെനസ്വലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയും പങ്കാളിയും ശനിയാഴ്ച ഉച്ചയോടെ വിന്‍ഡ്‌സറിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങി. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് പിന്നാലെ അമേരിക്ക മഡുറോയെയും പങ്കാളിയെയും ബന്ദിയാക്കിയിരുന്നു. ഇരുവരെയും വെനസ്വസലെക്ക് പുറത്തേക്ക് കൊണ്ടുപോകുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.
വ്യാപകമായ കര-നാവിക-വ്യോമാക്രമണങ്ങള്‍ക്ക് ശേഷമാണ് മഡൂറോയെയും പങ്കാളിയെയും ബന്ദിയാക്കിയത്. ഇരുവരുടെയും ചിത്രം ട്രംപ് പുറത്തുവിട്ടിരുന്നു. കയ്യാമം വെച്ച ചിത്രമാണ് അമേരിക്ക പുറത്തുവിട്ടത്.
ഇരുവര്‍ക്കും അമേരിക്കയില്‍ വിചാരണ നേരിടേണ്ടി വരുമെന്ന് വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞിരുന്നു. ഭീകര ഗൂഢാലോചന, ആയുധ കുറ്റകൃത്യങ്ങള്‍, കൊക്കെയ്ന്‍ ഇറക്കുമുതി സംബന്ധിച്ചുള്ള ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ഇവര്‍ക്ക് മേല്‍ അമേരിക്ക ചുമത്തിയിട്ടുണ്ടെന്നാണ് എന്‍.ബി.സി ന്യൂസ് അടക്കമുള്ള വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇറാനിലെ ആക്രമണത്തിന് പിന്നാലെ വെനസ്വേലയിലും കടന്നാക്രമണം നടത്തിയിരിക്കുന്നു എന്നും ഓപ്പറേഷന്‍ വിജയകരമായിരുന്നു എന്നുമാണ് വെനസ്വലെ ആക്രമണത്തിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്.
മഡൂറോയെ തടവിലാക്കിയ അമേരിക്ക, വെനസ്വലെയുടെ ഭരണം തങ്ങള്‍ ഏറ്റെടുക്കുമെന്നും പറഞ്ഞിരുന്നു. ശരിയായ അധികാര കൈമാറ്റം പൂര്‍ത്തിയാകും വരെ കുറച്ചുകാലം വെനസ്വേല അമേരിക്ക ഭരിക്കുമെന്നും ആവശ്യമെങ്കില്‍ വീണ്ടും ആക്രമണം നടത്തുമെന്നും ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മഡൂറോയ്ക്കും പങ്കാളിക്കുമെതിരെ രണ്ട് കേസുകളാണ് അമേരിക്കയിലെ മാന്‍ഹട്ടണ്‍ ഫെഡറല്‍ കോടതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നേരത്തെ യു.എസ് അറ്റോര്‍ണി ജനറലും ഇക്കാര്യം പറഞ്ഞിരുന്നു.
അമേരിക്കയും ട്രംപ് ഭരണകൂടവും കാലങ്ങളായി ഒരു കുറ്റവാളിയായാണ് വെനസ്വലന്‍ പ്രിസിഡന്റിനെ കണക്കാക്കുന്നത്. അദ്ദേഹത്തെ പിടികൂടുന്നവര്‍ക്ക് 50 മില്യണ്‍ ഡോളര്‍ പാരിതോഷികവും അമേരിക്ക പ്രഖ്യാപിച്ചിരുന്നു.
മഡൂറോ ഏകാധിപതിയാണെന്നും വെസ്റ്റേണ്‍ ഹെമിസ്ഫിയറില്‍ അമേരിക്ക ആധിപത്യം പുനസ്ഥാപിച്ചെന്നും ട്രംപ് പറഞ്ഞു. വെനസ്വേലയില്‍ ആര്‍ക്കും മഡൂറോയുടെ ഗതി വരാമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
Content Highlight: Nicholas Maduro arrives in New York after capture