ന്യൂദൽഹി: കൊടും കുറ്റവാളികളുടെ കേസുകൾ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഏറ്റെടുക്കണമെന്ന് സുപ്രീം കോടതി.
കേന്ദ്രശിക്ഷാ നിയമങ്ങൾ പ്രകാരം ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ, കുറ്റവാസന കൂടിയവർ, സംഘടിത കുറ്റവാളികൾ എന്നിവർ ഉൾപ്പെടുന്ന കേസുകൾ എൻ.ഐ.എ ഏറ്റെടുക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിറക്കിയത്.
ഇത്തരം കേസുകൾ ദൽഹിയിലെ എൻ.ഐ.എ. കേസുകൾ മാത്രം കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതികളിലേക്ക് മാറ്റാമെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ പരമാധികാരം, സുരക്ഷ, അഖണ്ഡത എന്നിവയെ ബാധിക്കുന്ന കുറ്റകൃത്യങ്ങളുടെ അന്വേഷണവും പ്രോസിക്യൂഷനും ഏറ്റെടുക്കാൻ 2008-ലെ സെക്ഷൻ 6 പ്രകാരം എൻ.ഐ.എക്ക് അധികാരമുണ്ടെന്ന് ജസ്റ്റിസ് ബാഗ്ചി ചൂണ്ടിക്കാട്ടി.
വിവിധ സംസ്ഥാനങ്ങളിലുള്ള ഇത്തരം കേസുകൾ ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരാമെന്നും സുപ്രീം കോടതി പറഞ്ഞു.
ഒരു സംസ്ഥാനത്ത് ചെയ്ത കുറ്റകൃത്യം മറ്റൊരിടത്ത് പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കുമെന്നും ക്രിമിനൽ വിചാരണ വൈകിപ്പിക്കുകയും ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് വ്യക്തമാക്കി.
ഇത്തരം അവ്യക്തത ക്രിമിനലുകൾക്ക് ഗുണം ചെയ്യുമെന്നും ഇത് സമൂഹത്തിന്റെയും രാജ്യത്തിന്റെയും താൽപ്പര്യത്തിന് വിരുദ്ധമാണെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
വ്യത്യസ്ത സംസ്ഥാനങ്ങളിൽ ഒന്നിലധികം കേസുകളുള്ള കൊടും കുറ്റവാളികളുടെ എഫ്.ഐ.ആറുകൾ എൻ.ഐ.എക്ക് ഏറ്റെടുക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരം കേസുകൾ ഒരൊറ്റ സംവിധാനത്തിന് കീഴിൽ കൊണ്ടുവരുന്നത് പരസ്പര വിരുദ്ധമായ വിധികൾ ഒഴിവാക്കാനും തെളിവുകൾ സംരക്ഷിക്കാനും സഹായിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.
Content Highlight: NIA should take over cases of serious criminals: Supreme Court