| Saturday, 13th December 2025, 8:43 am

സൗജന്യ അറബിക് ക്ലാസുകളുടെ മറവിൽ യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് നയിക്കുന്നു; കുറ്റപത്രം സമർപ്പിച്ച് എൻ.ഐ.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: സൗജന്യ അറബിക് ക്ലാസുകളുടെ മറവിൽ യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് നയിച്ച കേസിൽ ഏഴ് പേർക്കെതിരെയും കോവൈ അറബിക് എഡ്യൂക്കേഷണൽ അസോസിയേഷനുമെതിരെയും കുറ്റപത്രം സമർപ്പിച്ച് എൻ.ഐ.എ.

സൗജന്യ ക്ലാസുകളുടെ മറവിൽ ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ (ഐ.സി.സ്) റാഡിക്കൽ ഗ്രൂപ്പ് യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് പ്രേരിപ്പിക്കുന്നെന്ന് കണ്ടെത്തി 2023 ഓഗസ്റ്റിൽ എൻ.ഐ.എയുടെ ചെന്നൈ ബ്രാഞ്ച് കേസെടുത്തിരുന്നു.

സൂം, വാട്സ്ആപ്, ടെലിഗ്രാം തുടങ്ങിയ ഓൺലൈൻ പ്ലാറ്റുഫോമുകൾ വഴിയാണ് അറബിക് ക്ലാസുകൾ നടത്തിയതെന്നും തീവ്ര മത പ്രഭാഷണങ്ങൾ പ്രചരിപ്പിച്ചെന്നും എൻ.ഐ.എ കണ്ടെത്തി.

മദ്രാസ് അറബിക് കോളേജ് പ്രിൻസിപ്പൽ ജമീൽ ഭാഷയുടെ തത്സമയ ക്ലാസുകളും മുൻകൂട്ടി റെക്കോർഡ് ചെയ്ത പ്രഭാഷണങ്ങളും സംപ്രേഷണം ചെയ്താണ് പതിവ് ക്ലാസ് സെഷനുകൾ നടത്തിയിരുന്നതെന്നും എൻ.ഐ.എ റിപ്പോർട്ട് ചെയ്തു.

ചെന്നൈയിലെ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പേരുള്ള ഏഴ് പ്രതികളായ മുഹമ്മദ് ഹുസൈൻ, ഇർഷത്ത്, അഹമ്മദ് അലി, അബൂ ഹനീഫ, ജവഹർ സാദിഖ്, ഷെയ്ക്ക് ദാവൂദ്, രാജ മുഹമ്മദ് എന്നിവർ ജമീലിന്റെ വിദ്യാർത്ഥികളായിരുന്നെന്നും എൻ.ഐ.എ കണ്ടെത്തി.

2022 ഒക്ടോബറിലെ കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനത്തെക്കുറിച്ചുള്ള കേസിൽ ജമീൽ ബാഷ ഉൾപ്പെടെ നാല് പ്രതികൾക്കെതിരെ തീവ്രവാദ വിരുദ്ധ ഏജൻസി നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു.

കോയമ്പത്തൂർ സ്ഫോടനത്തിലെ 18 പ്രതികളിലെ 14 പേർ കോവൈ അറബിക് കോളേജിലെ വിദ്യാർത്ഥികളാണെന്ന് എൻ‌.ഐ‌.എ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എൻ‌.ഐ‌.എ പ്രസ്താവനയിൽ പറഞ്ഞു.

Content Highlight: NIA files chargesheet against youths who are being lured into terrorist activities under the guise of free Arabic classes

We use cookies to give you the best possible experience. Learn more