| Friday, 16th May 2025, 1:13 pm

മനുഷ്യരെ ഇറക്കിയുള്ള തോട്ടിപ്പണി അവസാനിപ്പിക്കണം; സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തെഴുതി നാഷണൽ ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: മനുഷ്യരെ ഇറക്കിയുള്ള തോട്ടിപ്പണി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തെഴുതി നാഷണൽ ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ.

മനുഷ്യരെ ഉപയോഗിച്ചുള്ള തോട്ടിപ്പണിയും അപകടകരമായ അഴുക്കുചാൽ ശുചീകരണവും നിർത്തലാക്കാൻ ലക്ഷ്യമിട്ട് സുപ്രീം കോടതി 2023 ൽ പുറപ്പെടുവിച്ച വിധിയിലെ നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നാഷണൽ ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തെഴുതുകയായിരുന്നു.

മനുഷ്യരെ ഇറക്കിയുള്ള തോട്ടിപ്പണിയും അഴുക്കുചാൽ വൃത്തിയാക്കലും നിർത്തലാക്കാൻ ശക്തമായ നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കുന്നത് ഉൾപ്പെടെ നിരവധി നടപടികൾ അധികാരികൾക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്ന് ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ പറഞ്ഞു.

സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് എട്ട് ആഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ ഉദ്യോഗസ്ഥർ പറഞ്ഞു.

അപകടകരമായ ചുറ്റുപാടിൽ മാലിന്യങ്ങളിൽ ഇറങ്ങി, മാലിന്യം വൃത്തിയാക്കുന്ന രീതി ഇപ്പോഴും തുടരുന്നുണ്ട്. ഈ സാഹചര്യത്തിൽ, എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കും അഡ്മിനിസ്ട്രേറ്റർമാർക്കും കത്ത് അയച്ചിട്ടിട്ടുണ്ട്.

കത്തിൽ, സുപ്രീം കോടതിയുടെ 2023 ലെ സുപ്രധാന വിധിന്യായത്തിൽ പുറപ്പെടുവിച്ച 14 നിർദേശങ്ങൾ ഉടനടി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആവശ്യപ്പെട്ടു. മനുഷ്യത്വരഹിതവും ജാതി അടിസ്ഥാനമാക്കിയുള്ളതുമായ മനുഷ്യരെ ഇറക്കിയുള്ള തോട്ടിപ്പണിയും അപകടകരമായ അഴുക്കുചാല്‍ വൃത്തിയാക്കലും ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം,’ എൻ.എച്ച്.ആർ.സി പറഞ്ഞു.

ഇത് മനുഷ്യാവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും പ്രത്യേകിച്ച് നിയമത്തിന് മുന്നിൽ അന്തസ്സോടെയും തുല്യതയോടെയും ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും കമ്മീഷൻ അഭിപ്രായപ്പെട്ടു.

ഭരണഘടനാപരവും നിയമപരവുമായ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നിട്ടും, 2025 ജനുവരിയിൽ സുപ്രീം കോടതി പ്രഖ്യാപിച്ച സമ്പൂർണ നിരോധനം ഉണ്ടായിരുന്നിട്ടും, ദൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നീ ആറ് പ്രധാന നഗരങ്ങളിൽ അപകടകരമായ രീതിയിൽ മനുഷ്യരെ ഇറക്കിയുള്ള തോട്ടിപ്പണി ഇപ്പോഴും നടക്കുന്നുണ്ടെന്ന് നാഷണൽ ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ വിമർശിച്ചു.

അതിനാൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കരാറുകാർ, പൊതുജനങ്ങൾ എന്നിവരിൽ തോട്ടിപ്പണി നിരോധനവും പ്രസക്തമായ ജുഡീഷ്യൽ നിർദേശങ്ങളെക്കുറിച്ചും അവബോധം ഉണ്ടാക്കുന്നതുൾപ്പടെയുള്ള നടപടികൾ ഉടനടി നടപ്പിലാക്കാൻ എൻ.എച്ച്.ആർ.സി ശുപാർശ ചെയ്തു.

Content Highlight: NHRC writes to states, Union Territories on ending manual scavenging

Latest Stories

We use cookies to give you the best possible experience. Learn more