മുംബൈ: മലിനീകരണം മൂലമുള്ള പരിസ്ഥിതി നാശത്തിനും വിളനാശത്തിനും കർഷകർക്ക് 1.67 കോടിയിലധികം രൂപ നഷ്ടപരിഹാരം നൽകാൻ മുംബൈയിലെ പഞ്ചസാര മില്ലിനോട് ഉത്തരവിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ (എൻ.ജി.ടി). മുംബൈയിലെ നാന്ദേഡിൽ സ്ഥിതി ചെയ്യുന്ന പഞ്ചസാര മില്ലായ മെസ്സേഴ്സ് ട്വന്റി-വൺ സഖർ കർഖാനയോടാണ് (ടി.എസ്.കെ) നഷ്ടപരിഹാരം നല്കാൻ എൻ.ജെ.ടി ഉത്തരവിട്ടത്. പണം നൽകാൻ കമ്പനിക്ക് രണ്ട് മാസത്തെ സമയം നൽകിയിട്ടുണ്ട്.
ടി.എസ്.കെ ശരിയായി സംസ്കരിക്കാതെ ഉയർന്ന അളവിൽ മാലിന്യങ്ങൾ സമീപത്തുള്ള കൃഷിയിടങ്ങളിലേക്കും അരുവികളിലേക്കും ഒഴുക്കിവിടുന്നുവെന്ന് ആരോപിച്ച് കർഷകനായ കപിൽ ബലിറാം ബോംനാലെയും മറ്റ് 30 പേരും സമർപ്പിച്ച ഹരജിയിലാണ് വിധി. സംസ്‌കരിക്കാത്ത മാലിന്യം വിളവ്, മണ്ണിന്റെ ഗുണനിലവാരം, ജലസ്രോതസ്സുകൾ എന്നിവയെ സാരമായി ബാധിക്കുന്നുണ്ടെന്നും അതുവഴി പ്രാദേശിക സമൂഹങ്ങളുടെ ഉപജീവനമാർഗ്ഗവും ആരോഗ്യവും അപകടത്തിലാകുമെന്നും അവർ പരാതിപ്പെട്ടു.
തുടർന്ന് ഫാക്ടറിയുടെ യൂണിറ്റ് നമ്പർ മൂന്നിൽ നിന്നുണ്ടായ മലിനീകരണം മൂലമുണ്ടായ നഷ്ടത്തിന് 31 കർഷകർക്ക് 54,43,955 രൂപ നഷ്ടപരിഹാരം നൽകാൻ ടി.എസ്.കെയോട് ട്രൈബ്യുണൽ ഉത്തരവിടുകയായിരുന്നു. വിളവ് നഷ്ടത്തിന്റെയും വിപണി മൂല്യത്തിന്റെയും ശരാശരി വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ടി.എസ്.കെ പണം നൽകിയതിന് ശേഷം ഒരു മാസത്തിനുള്ളിൽ നാന്ദേഡ് ജില്ലാ കളക്ടർ കർഷകർക്ക് നഷ്ടപരിഹാരം വിതരണം ചെയ്യും.
കൂടാതെ പരിസ്ഥിതി നാശനഷ്ട നിയന്ത്രണ (ഇ.ഡി.സി ) പ്രകാരം മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോർഡിൽ (എം.പി.സി.ബി) 1,13,40,000 രൂപ നിക്ഷേപിക്കാനും ട്രൈബ്യുണൽ ടി.എസ്.കെയോട് ഉത്തരവിട്ടിട്ടുണ്ട്. ആറ് മാസത്തിനുള്ളിൽ ദുരിതബാധിത പ്രദേശങ്ങളിലെ പരിസ്ഥിതി പുനസ്ഥാപനത്തിനായി തുക വിനിയോഗിക്കാൻ എം.പി.സി.ബിയോട് ട്രൈബ്യുണൽ നിർദേശിക്കുകയും ചെയ്തു.
ഈ വിഷയം അന്വേഷിക്കാൻ എൻ.ജി.ടി ഒരു സംയുക്ത സമിതി രൂപീകരിച്ചിരുന്നു. തുടർന്ന് ടി.എസ്.കെ ഗോദാവരി നദിയുമായി ബന്ധിപ്പിക്കുന്നചാലുകളിലേക്ക് അനുവദനീയമായ പരിധിക്കപ്പുറം സംസ്കരിച്ചതും സംസ്കരിക്കാത്തതുമായ മാലിന്യങ്ങൾ പുറംതള്ളുന്നുണ്ടെന്ന് കണ്ടെത്തി. ഇത് ചുറ്റുമുള്ള കരിമ്പ് കൃഷിയെ മോശമായി ബാധിച്ചുവെന്നും സമിതി കണ്ടെത്തി. നിയമവിരുദ്ധവും അനിയന്ത്രിതവുമായ പൈപ്പ്‌ലൈൻ സംവിധാനങ്ങൾ,സംസ്കരിക്കാത്ത മാലിന്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഗുരുതരമായതും ആവർത്തിച്ചുള്ളതുമായ നിയമ ലംഘനങ്ങൾ ടി.എസ്.കെ നടത്തിയതായി കമ്മിറ്റിയുടെ റിപ്പോർട്ട് വെളിപ്പെടുത്തി.
സമീപത്തുള്ള കുളങ്ങളിൽ നിന്നും കിണറുകളിൽ നിന്നുമുള്ള ജല സാമ്പിളുകളിൽ ബയോകെമിക്കൽ ഓക്സിജൻ ഡിമാൻഡ് (BOD) ഉം കെമിക്കൽ ഓക്സിജൻ ഡിമാൻഡ് (COD) ഉം അപകടകരമാം വിധം ഉയർന്ന അളവിൽ കാണിച്ചിരുന്നു. ഇത് വ്യാവസായിക പുറന്തള്ളൽ മൂലമുള്ള മലിനീകരണത്തെ സൂചിപ്പിക്കുന്നു. ഫാക്ടറിക്ക് സമീപം ശേഖരിച്ച ഭൂഗർഭജല സാമ്പിളുകളും തീവ്രമായ മലിനീകരണം നടന്നുവെന്ന് വെളിവാക്കിയിരുന്നു.
Content Highlight: NGT Orders 1.67 Crore Compensation To 31 Farmers For Environmental Damage, Crop Loss In Nanded Sugar Mill Case