| Tuesday, 4th August 2026, 12:09 pm

ഞാന്‍ ഇപ്പോള്‍ വിരമിക്കുന്നില്ല: വമ്പന്‍ പ്രഖ്യാപനവുമായി നെയ്മര്‍

സുദേവ് എ

ഫുട്‌ബോളിലെ തന്റെ ഭാവിയെക്കുറിച്ച് സംസാരിക്കുകയാണ് ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍. ഫുട്‌ബോളില്‍ നിന്നും വിരമിക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നാണ് നെയ്മര്‍ പറഞ്ഞത്. സാന്റോസിന് വേണ്ടി മികച്ച പ്രകടനം നടത്തുകയാണ് ഇപ്പോഴുള്ള ലക്ഷ്യമെന്നും നെയ്മര്‍ വ്യക്തമാക്കി. ഇ.എസ്.പി.എന്‍ ബ്രസീലിന് നല്‍കിയ അഭിമുഖത്തിലാണ് നെയ്മര്‍ സംസാരിച്ചത്.

‘ഇപ്പോള്‍ വിരമിക്കുന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല. ഡിസംബര്‍ വരെ എനിക്ക് സാന്റോസുമായി കരാറുണ്ട്. സാന്റോസിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുകയാണെന്റെ ലക്ഷ്യം. ഇതിന് ശേഷമായിരിക്കും മുന്നോട്ടുള്ള വഴികളെക്കുറിച്ച് ഞാന്‍ ആലോചിക്കുക. ടീമില്‍ തുടരുകയാണോ, ക്ലബ്ബ് വിടുകയാണോ, വിരമിക്കുകയാണോ, അല്ലെങ്കില്‍ ഫുട്‌ബോള്‍ കളിക്കുന്നത് തുടരുകയാണോ ഇതില്‍ എന്തായിരിക്കും സംഭവിക്കുകയെന്നത് എനിക്കറിയില്ല. ഡിസംബര്‍ വരെ സമയമുണ്ടല്ലോ, നമുക്ക് നോക്കാം,’ നെയ്മര്‍ പറഞ്ഞു.

നെയ്മര്‍ ഇന്റര്‍നാഷണല്‍ ഫുട്ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 2026 ഫിഫ ലോകകപ്പ് തോല്‍വിക്ക് പിന്നാലെയായിരുന്നു നെയ്മറുടെ പ്രഖ്യാപനം. ലോകകപ്പിന് ശേഷവും നെയ്മര്‍ ആരാധകരെയെല്ലാം നിരാശരാക്കികൊണ്ട് വീണ്ടും തന്റെ അന്താരാഷ്ട്ര കരിയറിന് വിരാമമായെന്ന് ഫുട്ബോള്‍ ലോകത്തോട് വിളിച്ചു പറയുകയും ചെയ്തിരുന്നു.

ലോകകപ്പില്‍ ബ്രസീലിന് പ്രീക്വാര്‍ട്ടര്‍ വരെയാണ് മുന്നേറാന്‍ സാധിച്ചത്. നോര്‍വേയോട് പരാജയപ്പെട്ടാണ് ബ്രസീല്‍ ആറാം ലോക കിരീടമെന്ന സ്വപ്നം അവസാനിപ്പിച്ചുകൊണ്ട് മടങ്ങിയത്. ന്യൂയോര്‍ക്ക് ന്യൂ ജേഴ്‌സി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്രസീലിനെതിരെ നോര്‍വേ വിജയിച്ചുകയറിയത്.

ഈ മത്സരത്തില്‍ നെയ്മറായിരുന്നു ബ്രസീലിന് വേണ്ടി ആശ്വാസ ഗോള്‍ സ്വന്തമാക്കിയത്. ഇഞ്ചുറി ടൈമില്‍ ബ്രസീലിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി നെയ്മര്‍ ഗോളാക്കി മാറ്റുകയായിരുന്നു.

അതേസമയം ലോകകപ്പിന് ശേഷമുള്ള ആദ്യ മത്സരത്തില്‍ നെയ്മര്‍ വമ്പന്‍ തിരിച്ചുവരവ് നടത്തിയിരുന്നു. സാന്റോസിന് വേണ്ടി ഇരട്ട ഗോള്‍ നേടിയാണ് നെയ്മര്‍ തിരിച്ചുവരവ് ആഘോഷമാക്കിയത്. ബ്രസീലിയന്‍ സീരി എ-യില്‍ ചാപെകോണ്‍സക്കെതിരെയാണ് താരം ഇരട്ട ഗോള്‍ നേടി തിളങ്ങിയത്.

Content Highlight: Neymar talks about his future in football

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more