ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസ താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഇരുവരിലും മികച്ച താരം ആരാണെന്ന ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയില്‍ ഇപ്പോഴും വലിയ ചര്‍ച്ചയാണ്. എന്നാല്‍ ഗോട്ട് ഡിബേറ്റില്‍ മുന്‍ ബ്രസീലിയന്‍ താരം നെയ്മര്‍ പറഞ്ഞ വാക്കുകളാണ് വീണ്ടും ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയാകുന്നത്. മെസിയെയും റൊണാള്‍ഡോയെയും മറികടന്നുകൊണ്ട് മറ്റൊരു ഇതിഹാസത്തിന്റെ പേരാണ് നെയ്മര്‍ പറഞ്ഞത്.
ബ്രസീലിയന്‍ ഇതിഹാസം പെലെയെയാണ് ലോകം കണ്ട ഏറ്റവും മികച്ച ഫുട്‌ബോള്‍ താരമായി നെയ്മര്‍ പറഞ്ഞിരുന്നത്. പെലെയെ ഫുട്ബോളിലെ രാജാവ് എന്നാണ് നെയ്മര്‍ വിശേഷിപ്പിച്ചത്. ദി ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നെയ്മര്‍ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്.
‘എനിക്ക് ഫുട്ബോളിലെ രാജാവാകാന്‍ ആഗ്രഹമില്ലായിരുന്നു എന്നല്ല ഫുട്‌ബോളില്‍ എനിക്ക് ഒരേയൊരു രാജാവേയുള്ളൂ, അത് പെലെയാണ്. പരിക്കുകളാല്‍ ഫുട്‌ബോള്‍ കരിയറില്‍ എനിക്ക് ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചു. ഇത് എനിക്ക് വലിയ നഷ്ടങ്ങളാണ് നല്‍കിയത്. എന്റെ ജീവിതത്തില്‍ ഞാന്‍ വളരെ സന്തുഷ്ടനാണ്. ഞാന്‍ സ്വപ്നം കണ്ട കാര്യങ്ങളെല്ലാം നേടിയിട്ടുണ്ട്. ഞാന്‍ സ്വപ്നങ്ങള്‍ കാണാത്ത പല കാര്യങ്ങളും എന്റെ ജീവിതത്തില്‍ സംഭവിച്ചു,’ നെയ്മര്‍ പറഞ്ഞു.
ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളറായി കണക്കാക്കപ്പെടുന്ന താരമാണ് എഡ്സണ്‍ അരാന്റസ് ഡോ നാസിമെന്റോ എന്ന പെലെ. തന്റെ 16ാം വയസില്‍ ബ്രസീല്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച പെലെ മറ്റാര്‍ക്കും തന്നെ നേടാന്‍ സാധിക്കാത്ത പല നേട്ടങ്ങളും കരിയറില്‍ സ്വന്തമാക്കിയിരുന്നു.
1958, 1962, 1970 ലോകകപ്പുകളിലാണ് പെലെയുടെ കരുത്തില്‍ ബ്രസീല്‍ ലോകത്തിന്റെ നെറുകയിലെത്തിയത്. ബ്രസീലിന്റെ മഞ്ഞക്കുപ്പായത്തില്‍ 92 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ പെലെ 71 തവണയാണ് എതിരാളികളുടെ പോസ്റ്റിലേക്ക് പന്തെത്തിച്ചത്.
ഇതിനൊപ്പം ആറ് തവണ ബ്രസീലിയന്‍ ചാമ്പ്യന്‍ഷിപ്പും രണ്ട് തവണ കോപ്പ ലിബര്‍ട്ടഡോറെസ് കിരീടവും പെലെ സ്വന്തമാക്കി. 1957/58 മുതല്‍ 1972/73 വരെ സാന്റോസിനൊപ്പം പത്ത് തവണ കാംപിയോ പുലിസ്റ്റ കിരീടം സ്വന്തമാക്കിയ താരം രണ്ട് തവണ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പും ഒരു തവണ സോക്കര്‍ ബൗള്‍ കിരീടവുമുയര്‍ത്തി.
Content Highlight: Neymar Talking About Football Goat