2026 ഫിഫ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ബ്രസീലും ജപ്പാനും ഇന്നിറങ്ങും. ഇന്ത്യന്‍ സമയം രാത്രി 10.30ന് ഹൂസ്റ്റണ്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് സി-യില്‍ ചാമ്പ്യന്മാരായാണ് കാനറിപ്പട അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. ആദ്യ മത്സരത്തില്‍ മൊറോക്കോയോട് സമനിലയില്‍ കുടുങ്ങിയ ബ്രസീല്‍ പിന്നീടുള്ള മത്സരങ്ങളില്‍ ഹെയ്തിയെയും സ്‌കോട്‌ലന്‍ഡിനെയും വീഴ്ത്തിയാണ് തിരിച്ചുവരവ് നടത്തിയത്.
വിനീഷ്യസ് ജൂനിയറിന്റെയും മാത്യുസ് കുന്‍ഹയുടെയും മിന്നും ഫോമിലാണ് ബ്രസീല്‍ കുതിക്കുന്നത്. വിനീഷ്യസ് ഇതുവരെ നാല് ഗോളുകളും ഒരു അസിസ്റ്റും നേടി മിന്നും പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും താരമായി തെരഞ്ഞടുക്കപ്പെട്ടതും വിനീഷ്യസ് തന്നെയാണ്. കുന്‍ഹ മൂന്ന് ഗോളുകള്‍ എതിരാളികളുടെ വലയിലെത്തിച്ചാണ് ഫോം തുടരുന്നത്.
ഇവര്‍ക്ക് പുറമെ പരിക്കേറ്റ സൂപ്പര്‍താരം നെയ്മറിന്റെ തിരിച്ചുവരവും ബ്രസീലിന് ഊര്‍ജം പകരുന്നതാണ്. ആദ്യ രണ്ട് മത്സരങ്ങളും നഷ്ടമായ നെയ്മര്‍ സ്‌കോട്ട്ലാന്‍ഡിനെതിരെയാണ് കളത്തിലിറങ്ങിയത്.
സ്‌കോട്‌ലാന്‍ഡിലിനെതിരെ നെയ്മര്‍ 75ാം മിനിട്ടിലാണ് കളത്തിലേക്ക് തിരിച്ചെത്തിയത്. വെറും 14 മിനിറ്റ് മാത്രമാണ് നെയ്മറിന് കളിക്കാന്‍ സാധിച്ചതെങ്കിലും തന്റെ പഴയ പ്രതാപത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു നെയ്മറുടെ പോരാട്ടം.
ജപ്പാനെതിരെ നെയ്മര്‍ ആദ്യ ഇലവനില്‍ സ്ഥാനം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മത്സരത്തില്‍ ജപ്പാനെതിരെ ഒരു ഗോള്‍ നേടാന്‍ സാധിച്ചാല്‍ നെയ്മറിന് ഒരു വമ്പന്‍ നേട്ടവും സ്വന്തമാക്കാനുള്ള അവസരമുണ്ട്.
അന്താരാഷ്ട്ര ഫുട്‌ബോളില്‍ ജപ്പാനെതിരെ 10 ഗോളുകള്‍ നേടുന്ന ആദ്യ താരമാവാനുള്ള സുവര്‍ണാവസരമാണ് 34കാരന്റെ മുന്നിലുള്ളത്. ഇതുവരെ ജപ്പാനെതിരെ അഞ്ച് മത്സരങ്ങളില്‍ നിന്നും ഒമ്പത് ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്.
ജപ്പാനെതിരെ ഏഴ് ഗോളുകള്‍ നേടിയ ഫിലിപൈന്‍സ് താരം പൗളിനോ ആല്‍കാന്റരയാണ് നെയ്മറിന് പുറകിലുള്ളത്. ബ്രസീലിയന്‍ ഇതിഹാസം പെലെ, പെറു താരം നോല്‍ബെര്‍ട്ടോ സോളാനോ എന്നിവര്‍ ഏഷ്യന്‍ വമ്പന്മാര്‍ക്കെതിരെ ആറ് ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോ നസാരിയോ, ഇറാന്‍ താരം അലി ദെയ് എന്നിവര്‍ അഞ്ച് തവണയും ജപ്പാനെതിരെ ലക്ഷ്യം കണ്ടു.
അതേസമയം ലോകകപ്പിലെ ആറാം കിരീടം സ്വന്തമാക്കാനിനിറങ്ങുന്ന യാത്രയില്‍ ജപ്പാന്‍ ബ്രസീലിന് കനത്ത വെല്ലുവിളി സൃഷ്ടിക്കുമെന്നുറപ്പാണ്. ഗ്രൂപ്പ് എഫ്-ല്‍ നിന്നും രണ്ടാം സ്ഥാനക്കാരായാണ് ജപ്പാന്‍ അടുത്ത റൗണ്ടിലെത്തിയത്.
ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ കരുത്തരായ നെതര്‍ലാന്‍ഡ്‌സിനെ സമനിലയില്‍ തളച്ചാണ് ജപ്പാന്‍ വരവറിയിച്ചത്. രണ്ടാം മത്സരത്തില്‍ ടുണീഷ്യയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത സാമുറായ് ബ്ലൂ അവസാന മത്സരത്തില്‍ സ്വീഡനെയും സമനിലയില്‍ കുരുക്കിയാണ് റൗണ്ട് ഓഫ് 32ലേക്ക് യോഗ്യത നേടിയത്.
1998ലാണ് ജപ്പാന്‍ ആദ്യമായി ലോകകപ്പില്‍ അരങ്ങേറ്റം കുറിക്കുന്നത്. 2018 റഷ്യന്‍ ലോകകപ്പില്‍ കൊളംബിയയെ വീഴ്ത്തിയ ജപ്പാന്‍ 2022 ഖത്തര്‍ ലോകകപ്പില്‍ വമ്പന്‍ അട്ടിമറി നടത്തി ശ്രദ്ധ നേടി. കഴിഞ്ഞ ലോകകപ്പില്‍ മരണ ഗ്രൂപ്പെന്ന് വിശേഷിക്കപ്പെട്ട ഗ്രൂപ്പ് ഇ-യില്‍ സ്പെയ്നിനെയും ജര്‍മനിയെയും ആണ് ജപ്പാന്‍ തകര്‍ത്തത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷവും ജപ്പാന്റെ പോരാട്ടവീര്യത്തിന് യാതൊരു കുറവും വന്നിട്ടില്ല.
സമീപകാലങ്ങളില്‍ നടന്ന സൗഹൃദ മത്സരത്തില്‍ ബ്രസീലിനെ വീഴ്ത്തി ജപ്പാന്‍ ഫുട്ബോള്‍ ലോകത്തെ വീണ്ടും ഞെട്ടിച്ചിരുന്നു. വീണ്ടും ഇതേ ബ്രസീല്‍ തന്നെയാണ് ജപ്പാന്റെ മുന്നിലെത്തിയിരിക്കുന്നത്. അട്ടിമറികള്‍ കൊണ്ട് അത്ഭുതങ്ങള്‍ തീര്‍ക്കുന്ന ഏഷ്യന്‍ വമ്പന്മാര്‍ ഇത്തവണയും കാനറിപ്പടയെ വിറ പ്പി ക്കുമോയെന്ന് കണ്ടുതന്നെ അറിയണം.
Content Highlight: Neymar need one goal to create a huge record against Japan