| Friday, 26th June 2026, 5:14 pm

വെറും 14 മിനിറ്റില്‍ പെലെക്കൊപ്പം; ചരിത്രം സൃഷ്ടിച്ച് നെയ്മര്‍

സുദേവ് എ

2026 ഫിഫ ലോകകപ്പില്‍ ആറാം കിരീടമെന്ന ഒറ്റ ലക്ഷ്യവുമായി കാനറിപ്പട റൗണ്ട് ഓഫ് 32ലേക്ക് കടന്നിരിക്കുകയാണ്. ഗ്രൂപ്പ് സി-യില്‍ ചാമ്പ്യന്മാരായാണ് കാനറിപ്പട അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. ആദ്യ മത്സരത്തില്‍ സമനിലയില്‍ കുടുങ്ങിയ ബ്രസീല്‍ പിന്നീടുള്ള മത്സരങ്ങളില്‍ ഹെയ്തിയെയും ബ്രസീലിനെയും വീഴ്ത്തിയാണ് തിരിച്ചുവരവ് നടത്തിയത്.

അവസാന മത്സരത്തില്‍ സ്‌കോട്‌ലാന്‍ഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് കാനറിപ്പട വീഴ്ത്തിയത്. വിനീഷ്യസ് ജൂനിയറിന്റെയും മാത്യുസ് കുന്‍ഹയുടെയും മിന്നും ഫോമിലാണ് ബ്രസീല്‍ കുതിക്കുന്നത്. വിനീഷ്യസ് നാല് ഗോളുകളും ഒരു അസിസ്റ്റും നേടി മിന്നും പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ മൂന്ന് മത്സരങ്ങളിലും താരമായി തെരഞ്ഞടുക്കപ്പെട്ടതും വിനീഷ്യസ് തന്നെയാണ്. കുന്‍ഹ മൂന്ന് ഗോളുകള്‍ എതിരാളികളുടെ വലയിലെത്തിച്ചാണ് ഫോം തുടരുന്നത്.

ഇവര്‍ക്ക് പുറമെ പരിക്കേറ്റ സൂപ്പര്‍താരം നെയ്മറിന്റെ തിരിച്ചുവരവും ബ്രസീല്‍ ടീമിന് ഊര്‍ജം പകരുന്നതാണ്. ആദ്യ രണ്ട് മത്സരങ്ങളും നഷ്ടമായ നെയ്മര്‍ സ്‌കോട്ട്‌ലാന്‍ഡിനെതിരെയാണ് കളത്തിലിറങ്ങിയത്. കുന്‍ഹക്ക് പകരക്കാരനായാണ് നെയ്മര്‍ 75ാം മിനിറ്റില്‍ കളത്തിലേക്ക് തിരിച്ചെത്തിയത്.

വെറും 14 മിനിറ്റ് മാത്രമാണ് നെയ്മറിന് കളിക്കാന്‍ സാധിച്ചതെങ്കിലും തന്റെ പഴയ പ്രതാപത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു നെയ്മറുടെ പോരാട്ടം. മയാമി സ്റ്റേഡിയത്തില്‍ പത്താം നമ്പര്‍ ജേഴ്‌സിയണിഞ്ഞുകൊണ്ട് നെയ്മര്‍ മറ്റൊരു ലോകകപ്പില്‍ കൂടി ബ്രസീലിനായി കളത്തിലിറങ്ങിയതോടെ ഒരു അപൂര്‍വ റെക്കോഡും നെയ്മര്‍ സ്വന്തമാക്കി.

ഇതിഹാസ താരം പെലെക്ക് ശേഷം നാല് ലോകകപ്പുകളില്‍ ബ്രസീലിനായി പത്താം നമ്പര്‍ ജേഴ്‌സിയണിഞ്ഞ് കളത്തിലിറങ്ങുന്ന രണ്ടാമത്തെ താരമായും നെയ്മര്‍ മാറി. ഈ ലോകകപ്പിന് പുറമെ 2014, 2018, 2022, ലോകകപ്പുകളിലാണ് നെയ്മര്‍ പെലെയുടെ ഐക്കോണിക് ജേഴ്‌സി നമ്പറുമായി പന്തുതട്ടിയത്

ഇതിന് പുറമെ ബ്രസീലിനായി നാല് ലോകകപ്പുകളില്‍ കളത്തിലിറങ്ങുന്ന നാലാമത്തെ താരമായും നെയ്മര്‍ മാറി. ജാല്‍മ സാന്റോസ്, പെലെ, കഫു എന്നിവരാണ് ഇതിന് മുമ്പ് ഈ ഇതിഹാസം നേട്ടം സ്വന്തമാക്കിയ താരങ്ങള്‍.

2023ന് ശേഷം നെയ്മര്‍ ബ്രസീലിന് വേണ്ടി കളിച്ചിട്ടില്ല. ആ വര്‍ഷം മെയ് പകുതിയോടെ കാലിനേറ്റ പരിക്കാണ് താരത്തിന് വിനയായത്. താരത്തിന്റെ ഫിറ്റ്‌നസില്‍ ആശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും കാര്‍ലോ ആന്‍സലോട്ടി താരത്തെ അവസാന നിമിഷം ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഇപ്പോള്‍ പൂര്‍ണ ഫിറ്റ്‌നസ് നേടി നെയ്മര്‍ പഴയ ഫോമിലേക്ക് തിരിച്ചെത്തിയത് ബ്രസീലിന് കരുത്ത് പകരുന്നതാണ്.

റൗണ്ട് ഓഫ് 32ല്‍ ഏഷ്യന്‍ വമ്പന്മാരായ ജപ്പാനെയാണ് ബ്രസീല്‍ നേരിടുക. ജൂണ്‍ 29നാണ് മത്സരം. അട്ടിമറികള്‍ കൊണ്ട് അത്ഭുതങ്ങള്‍ തീര്‍ക്കുന്ന ജപ്പാനെ മറികടക്കാന്‍ ബ്രസീലിന് സാധിക്കുമോയെന്ന് കണ്ടുതന്നെ അറിയണം.

Content Highlight: Neymar matches Pele record for Brazil in world cup

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more