| Sunday, 26th July 2026, 3:49 pm

പോക്കറില്‍ കളിക്കാനിറങ്ങിയതിന് വിമര്‍ശനം; ഇരട്ട ഗോളില്‍ ഇടിമിന്നലായി നെയ്മറുടെ മറുപടി

സുദേവ് എ

2026 ഫിഫ ലോകകപ്പിന് ശേഷമുള്ള ആദ്യ മത്സരത്തില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തി ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍. സാന്റോസിന് വേണ്ടി ഇരട്ട ഗോള്‍ നേടിയാണ് നെയ്മര്‍ തിരിച്ചുവരവ് ആഘോഷമാക്കിയത്. ബ്രസീലിയന്‍ സീരി എയില്‍ ചാപെകോണ്‍സക്കെതിരെയാണ് താരം ഇരട്ട ഗോള്‍ നേടി തിളങ്ങിയത്.

മത്സരം 2-2 എന്ന നിലയില്‍ സമനിലയില്‍ പിരിയുകയും ചെയ്തു. മത്സരത്തിന്റെ 39, 89 മിനിട്ടുകളിലാണ് നെയ്മറുടെ ഗോളുകള്‍ പിറന്നത്. രണ്ടാം ഗോള്‍ പെനാല്‍റ്റിയിലൂടെയായിരുന്നു താരം നേടിയത്. മാര്‍സീഞ്ഞോ, ജോവോ അനനിയാസ് (ഓണ്‍ ഗോള്‍) എന്നിവരാണ് ചാപെകോണ്‍സക്കായി ലക്ഷ്യം കണ്ടത്.

ലോകകപ്പിന് ശേഷം കോപ്പ സുഡാനമേരിക്കയില്‍ സാന്റോസിനായി കളിക്കാതിരുന്ന നെയ്മര്‍, പോക്കര്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇതിനെതിരെ നെയ്മറിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

യൂണിവേഴ്‌സിഡാഡ് സെന്‍ട്രലിനെതിരെയുള്ള ആദ്യ പാദ മത്സരത്തിലായിരുന്നു നെയ്മര്‍ വിട്ടുനിന്നത്. ഈ സമയത്തായിരുന്നു സാവോ പോളയില്‍ നടന്ന ബി.എസ്.ഒ.പി വിന്റര്‍ പോക്കര്‍ ടൂര്‍ണമെന്റില്‍ നെയ്മര്‍ കളിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നു.

ഇതിന് പിന്നാലെയാണ് നെയ്മര്‍ വലിയ വിമര്‍ശനം നേരിട്ടത്. ഇപ്പോള്‍ സാന്റോസിനായി ഇരട്ട ഗോള്‍ നേടി വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് നെയ്മര്‍.

എന്നാല്‍ ഫിറ്റ്‌നസ് സംബന്ധിച്ച പ്രശ്നത്തെ തുടര്‍ന്നാണ് നെയ്മര്‍ യൂണിവേഴ്‌സിഡാഡ് സെന്‍ട്രലിനെതിരെയുള്ള മത്സരത്തില്‍ നിന്നും വിട്ടുനിന്നതെന്നാണ് പരിശീലകന്‍ വ്യക്തമാക്കിയത്.

അതേസമയം 2026 ഫിഫ ലോകകപ്പില്‍ ബ്രസീലിന് പ്രീക്വാര്‍ട്ടര്‍ വരെയാണ് മുന്നേറാന്‍ സാധിച്ചത്. നോര്‍വേയോട് പരാജയപ്പെട്ടാണ് ബ്രസീല്‍ ആറാം ലോക കിരീടമെന്ന സ്വപ്നം അവസാനിപ്പിച്ചുകൊണ്ട് മടങ്ങിയത്.

ന്യൂയോര്‍ക്ക് ന്യൂ ജേഴ്‌സി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്രസീലിനെതിരെ നോര്‍വേ വിജയിച്ചുകയറിയത്.

ഈ മത്സരത്തില്‍ നെയ്മറായിരുന്നു ബ്രസീലിന് വേണ്ടി ആശ്വാസ ഗോള്‍ സ്വന്തമാക്കിയത്. ഇഞ്ചുറി ടൈമില്‍ ബ്രസീലിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി നെയ്മര്‍ ഗോളാക്കി മാറ്റുകയായിരുന്നു. ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ നെയ്മര്‍ ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിക്കുകയും ചെയ്തിരുന്നു.

Content Highlight: Neymar great performance for Santos in Brazilian league

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more