ബ്രസീലിയന്‍ സീരി എയിലെ നാണംകെട്ട തോല്‍വിയില്‍ നിരാശ വ്യക്തമാക്കി സൂപ്പര്‍ താരം നെയ്മര്‍. എസ്റ്റാഡിയോ ഡോ മോറുംബൈയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ആറ് ഗോളിന് വാസ്‌കോ ഡ ഗാമയോടായിരുന്നു സാന്റോസിന്റെ തോല്‍വി.
‘ഞങ്ങള്‍ വളരെ മോശം പ്രകടനമാണ് പുറത്തെടുത്തത്. ഇത് തീര്‍ത്തും നാണക്കേടാണ്. ഇന്ന് ആരാധകര്‍ക്ക് ഞങ്ങള്‍ താരങ്ങളെ വിമര്‍ശിക്കാനും അപമാനിക്കാനുമുള്ള എല്ലാ അധികാരവുമുണ്ട്. ഞാന്‍ തീര്‍ത്തും ലജ്ജിക്കുന്നു. ഇത് പോലെയൊന്ന് ഞാന്‍ ഇതുവരെ അനുഭവിച്ചിട്ടില്ല,’ നെയ്മര്‍ പറഞ്ഞു.
പോയിന്റ് പട്ടികയില്‍ തങ്ങളേക്കാള്‍ താഴെയുള്ള ടീമിനോടായിരുന്നു സാന്റോസിന്റെ തോല്‍വി.
മത്സരത്തില്‍ 4-2-3-1 എന് ഫോര്‍മേഷനിലാണ് സാന്റോസ് കളത്തിലിറങ്ങിയത്. മറുവശത്ത് വാസ്‌കോ ഡ ഗാമയും സമാന ഫോര്‍മേഷന്‍ തന്നെ അവലംബിച്ചു.
ആദ്യ വിസില്‍ മുഴങ്ങി 18ാം മിനിട്ടില്‍ തന്നെ ലൂക്കാസ് പൈറ്റണിലൂടെ വാസ്‌കോ ഡ ഗാമ ലീഡ് നേടി. എന്നാല്‍ ആദ്യ പകുതിയില്‍ വലകുലുക്കാന്‍ ഇരു ടീമുകള്‍ക്കും സാധിച്ചില്ല.
ഒറ്റ ഗോളിന്റെ ലീഡുമായി രണ്ടാം പകുതിയിലിറങ്ങിയ വാസ്‌കോ ഡ ഗാമ 25ാം മിനിട്ടില്‍ ലീഡ് ഇരട്ടിയാക്കി. ഡേവിഡ് കൊറേയ ഡ ഫോന്‍സെകയാണ് ഗോള്‍ നേടിയത്.
രണ്ടാം ഗോള്‍ വീണ് കൃത്യം രണ്ടാം മിനിട്ടില്‍ ഫിലിപ്പെ കുട്ടീന്യോ വാസ്‌കോ ഡ ഗാമയുടെ ലീഡ് മൂന്നാക്കി ഉയര്‍ത്തി. നുനോ മൊറെയ്‌റയുടെ അസിസ്റ്റിലാണ് താരം ഗോള്‍ കണ്ടെത്തിയത്.
60ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെ റയാന്‍ നാലാം ഗോളും വലയിലെത്തിച്ചു. 62ാം മിനിട്ടില്‍ കുട്ടീന്യോ വീണ്ടും ഗോള്‍ നേടി. 68ാം മിനിട്ടില്‍ ഡാനിലോ നീവ്‌സിലൂടെയാണ് വാസ്‌കോ ഡ ഗാമ ഗോളടി മേളം അവസാനിപ്പിച്ചത്.
ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ആറ് ഗോളിന്റെ തോല്‍വിയേറ്റുവാങ്ങി നെയ്മറും സംഘവും തലകുനിച്ച് നിന്നു.
19 മത്സരത്തില്‍ നിന്നും സാന്റോസിന്റെ പത്താം തോല്‍വിയാണിത്. ആറ് ജയവും മൂന്ന് സമനിലയുമായി 21 പോയിന്റുമായി 15ാം സ്ഥാനത്താണ് ടീം. 18 മത്സരത്തില്‍ നിന്നും അഞ്ച് ജയവും നാല് സമനിലയും ഒമ്പത് തോല്‍വിയുമായി 19 പോയിന്റുള്ള വാസ്‌കോ ഡ ഗാമ 16ാം സ്ഥാനത്താണ്.
ഓഗസ്റ്റ് 25നാണ് സാന്റോസിന്റെ അടുത്ത മത്സരം. പോയിന്റ് പട്ടികയില്‍ നാലാമതുള്ള ബഹിയയാണ് എതിരാളികള്‍.
Content highlight: Neymar expresses disappointment over Santos’ defeat