| Thursday, 4th December 2025, 11:23 am

പരിക്കേറ്റ നെയ്മര്‍ രക്ഷകനായി; സുല്‍ത്താന്റെ ഹാട്രിക്കില്‍ ജയിച്ച് സാന്റോസ്

സ്പോര്‍ട്സ് ഡെസ്‌ക്

ബ്രസീലിയന്‍ സീരി എയില്‍ തകര്‍പ്പന്‍ വിജയവുമായി സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിന്റെ ടീം സാന്റോസ്. ആല്‍ഫ്രെഡോ ജക്കോണി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ യുവന്റ്യൂഡിനെയാണ് ബ്രസീലിയന്‍ ക്ലബ് തകര്‍ത്തത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ടീമിന്റെ വിജയം. നെയ്മറിന്റെ ഹാട്രിക്കിന്റെ കരുത്തിലാണ് സാന്റോസ് വിജയം സ്വന്തമാക്കിയത്.

കഴിഞ്ഞ മത്സരത്തിനിടെ നെയ്മറിന് കാല്‍മുട്ടിന് പരിക്കേറ്റിരുന്നു. ഈ പരിക്ക് പോലും വകവെക്കാതെയാണ് താരം ഈ മത്സരത്തിനിറങ്ങിയത്. പരിക്കുമായി കളിച്ച് തന്റെ ബാല്യകാല ടീമിനെ നിര്‍ണായക മത്സരത്തില്‍ വിജയിപ്പിച്ചത്.

നെയ്മർ മത്സരത്തിനിടെ Photo: Santos Fc/x.com

നെയ്മറിന്റെ ഹാട്രിക്ക് കരുത്തില്‍ തോല്‍വിയില്‍ നിന്ന് മാത്രമല്ല, റെലഗേഷന്‍ ഭീഷണിയില്‍ നിന്ന് കൂടിയാണ് സാന്റോസ് കരകയറിയത്. അതോടെ വീണ്ടും താരം ക്ലബ്ബിന്റെയും ആരാധകരുടെയും ഹീറോയായി മാറി.

അതേസമയം, മത്സരത്തില്‍ ആദ്യ പകുതിയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. 28ാം മിനിട്ടില്‍ സാന്റോസ് ഞെട്ടിച്ച് യുവന്റ്യൂഡ് പന്ത് വലയിലെത്തിച്ചു. എന്നാല്‍, അത് വാര്‍ പരിശോധനയിലൂടെ അസാധുവായി. പിന്നാലെ ഇരു ടീമിലെയും താരങ്ങള്‍ അക്രമങ്ങളുമായി മുന്നേറിയെങ്കിലും ഒന്നാം പകുതി ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.

എന്നാല്‍, രണ്ടാം പകുതിയില്‍ നെയ്മറുടെ തേരോട്ടത്തിനാണ് കാണികള്‍ സാക്ഷിയായത്. 56ാം മിനിട്ടില്‍ താരം ആദ്യ ഗോള്‍ വലയിലെത്തിച്ചു. ഒമ്പത് മിനിറ്റുകള്‍ അപ്പുറം നെയ്മര്‍ അടുത്ത ഗോളും കണ്ടെത്തി.

ഗോൾ നേട്ടം ആഘോഷിക്കുന്ന സാന്റോസ് ടീം Photo: Santos FC/x.com

73ാം മിനിട്ടില്‍ നെയ്മര്‍ തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കി. പെനാല്‍റ്റിയിലൂടെയായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. വെറും 17 മിനിറ്റുകള്‍ കൊണ്ടാണ് ബ്രസീലിയന്‍ മുന്നേറ്റ താരം ഹാട്രിക്ക് സ്വന്തമാക്കിയത്.

അതിന് ശേഷം ഗോളുകളുടെ എണ്ണം ഉയര്‍ത്താന്‍ ശ്രമങ്ങള്‍ ഉണ്ടായെങ്കിലും ഫലം കണ്ടില്ല. ഫൈനല്‍ വിസിലെത്തിയതോടെ സാന്റോസ് വിജയികളായി. അതോടെ പോയിന്റ് ടേബിളില്‍ സ്ഥാനം മെച്ചപ്പെടുത്താനും ടീമിന് സാധിച്ചു. നിലവില്‍ സാന്റോസ് 14ാം സ്ഥാനത്താണ്.

Content Highlight: Neymar defies injury with hat trick to push Santos out of relegation zone

Latest Stories

We use cookies to give you the best possible experience. Learn more