| Wednesday, 28th January 2026, 10:43 pm

അടുത്ത ആക്രമണം ഭീകരമായിരിക്കും, വരുന്നത് വലിയ അര്‍മാഡ; ഇറാനെതിരെ ട്രംപിന്റെ ഭീഷണി

രാഗേന്ദു. പി.ആര്‍

വാഷിങ്ടണ്‍: ഇറാനെതിരെ ഭീഷണികള്‍ തുടര്‍ന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആണവായുധങ്ങള്‍ സംബന്ധിച്ച് ഇറാനോട് കരാറിലെത്താന്‍ ആവശ്യപ്പെട്ട ട്രംപ് അടുത്ത ആക്രമണം ഭീകരമായിരിക്കുമെന്നും ഭീഷണിപ്പെടുത്തി.

ഡൊണാള്‍ഡ് ട്രംപ്

ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ട്രംപിന്റെ ഭീഷണി. ഇറാന്‍ ആണവായുധങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കും വിധത്തിലുള്ള കരാറിലെത്തണമെന്നാണ് ട്രംപിന്റെ ആവശ്യം. സമയം അതിക്രമിച്ച് കൊണ്ടിരിക്കുകയാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതി.

ഇറാനിലേക്ക് ഒരു വലിയ അര്‍മാഡ വരുന്നുണ്ടെന്നും ട്രംപ് ആവര്‍ത്തിച്ചു. യു.എസിന്റെ വിമാനവാഹിനിക്കപ്പലായ എബ്രഹാം ലിങ്കണ്‍ നയിക്കുന്ന ഒരു വലിയ കപ്പല്‍വ്യൂഹം ഇറാനെ ലക്ഷ്യമിട്ട് നീങ്ങുകയാണ്. വലിയ ആവേശത്തോടെയും ലക്ഷ്യബോധത്തോടെയുമാണ് അമേരിക്കയുടെ നാവികപ്പട മുന്നോട്ട് നീങ്ങുന്നതെന്നും ട്രംപ് പറഞ്ഞു.

വെനസ്വേലയിലെ യു.എസ് സൈനിക നടപടി ഉദ്ധരിച്ചാണ് ട്രംപ് ഇത്തവണ ഭീഷണി മുഴക്കിയിരിക്കുന്നത്. വെനസ്വേലയിലേക്ക് അയച്ചതിനേക്കാള്‍ വലിയ കപ്പല്‍പ്പടയാണ് മേഖലയിലേക്ക് നീങ്ങുന്നതെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.

ഇറാനില്‍ വലിയ നാശനഷ്ടം രേഖപ്പെടുത്തിയ ‘ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമറി’നെ കുറിച്ചും പോസ്റ്റില്‍ പരാമര്‍ശമുണ്ട്. ഇതിനേക്കാള്‍ വലിയ ഓപ്പറേഷനുണ്ടാകുമെന്ന സൂചനയാണ് ട്രംപ് ഇപ്പോള്‍ നല്‍കുന്നത്.

2025 ജൂണില്‍ ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് യു.എസ് 12 വ്യോമാക്രമണങ്ങള്‍ നടത്തിയിരുന്നു. ഇസ്രഈലുമായുള്ള സംഘര്‍ഷത്തിനിടെയായിരുന്നു യു.എസിന്റെ ഇറാന്‍ ആക്രമണം. ഈ ആക്രമണത്തെയാണ് യു.എസ് ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമര്‍ എന്ന് വിശേഷിപ്പിക്കുന്നത്.

ഇറാനിലെ ആണവ നിലയങ്ങള്‍ പൂര്‍ണമായും ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇസ്രഈലിന്റെ സൈനിക നീക്കം. 12 ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ ഇറാനിലും ഇസ്രഈലിലും കനത്ത നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിരുന്നു.

ഇസ്രഈലിന്റെ ആക്രമണങ്ങളില്‍ 935 ആളുകളാണ് ഇറാനില്‍ കൊല്ലപ്പെട്ടത്. 5332 പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇറാന്റെ ആക്രമണങ്ങളില്‍ 29 പേരാണ് ഇസ്രഈലില്‍ കൊല്ലപ്പെട്ടത്. 3400ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ഉണ്ടായി.

ജൂണ്‍ 13ന് ഇറാനിലെ സൈനിക, ആണവ, സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രഈല്‍ ആക്രമണം നടത്തിയതോടെയാണ് ഇറാന്‍ തിരിച്ചടിച്ചത്.

ഇതിനിടെ ജൂണ്‍ 22ന് പുലര്‍ച്ചെ ഇസ്രഈലിനെ പിന്തുണച്ച് ഇറാനിലെ ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ യു.എസ് വ്യോമാക്രമണം നടത്തുകയായിരുന്നു.

Content Highlight: Next attack will be terrible, a big armada is coming; Trump’s threat against Iran

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more