തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ന്യൂസിലാന്‍ഡിനെ ചെറിയ സ്‌കോറില്‍ എറിഞ്ഞിട്ട് ഇന്ത്യ. പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ ന്യൂസിലാന്‍ഡ് 41 ഓവറില്‍ 134 ന് ഓള്‍ ഔട്ട് ആയി. നാല് വിക്കറ്റെടുത്ത ഗുര്‍നൂര്‍ ബ്രാര്‍, രണ്ട് വീതം വിക്കറ്റുകളെടുത്ത അന്‍ഷൂല്‍ കാംബോജ്, ആഖ്വിബ് നബി, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് ന്യൂസിലാന്‍ഡിന്റെ പതനം എളുപ്പത്തിലാക്കിയത്.
വെല്ലിങ്ടണ്‍ റീജിയണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യ സ്‌കോര്‍ബോര്‍ഡ് തുറക്കുന്നതിന് മുമ്പ് തന്നെ ന്യൂസിലാന്‍ഡ് ഓപ്പണര്‍ ടിം സീഫര്‍ട്ടിനെ പുറത്താക്കി. മഴ മൂലം ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ന്യൂസിലാന്‍ഡ് നിരയില്‍ രണ്ടക്കം കടന്നത് മൂന്ന് പേരാണ്.
104 പന്തില്‍ 55 റണ്‍സ് എടുത്ത ഡാരില്‍ മിച്ചലും 38 പന്തില്‍ 31 റണ്‍സെടുത്ത ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറുമാണ് അല്‍പമെങ്കിലും പൊരുതിയത്. 20 ഓവറില്‍ 53/5 എന്ന നിലയിലായിരുന്ന കിവീസിനെ ആറാം വിക്കറ്റില്‍ മിച്ചലും സാന്റ്‌നറും ചേര്‍ന്നാണ് നൂറ് കടത്തിയത്.
തൊട്ടടുത്ത ഓവറുകളില്‍ ഡാരില്‍ മിച്ചലിനെ അക്‌സര്‍ പട്ടേലും സാന്റ്‌നറെ ഗുര്‍നൂര്‍ ബ്രാറും പുറത്താക്കിയതോടെ ന്യൂസിലാന്‍ഡിന്റെ പോരാട്ടം അവസാനിച്ചു.
സ്‌കോര്‍ബോര്‍ഡില്‍ 15 റണ്‍സ് ചേര്‍ക്കുന്നതിനിടയില്‍ ശേഷിച്ച വിക്കറ്റുകളും ഇന്ത്യന്‍ ബൗളര്‍മാര്‍ വീഴ്ത്തി. പത്ത് ഓവറില്‍ 30 റണ്‍സ് മാത്രം വഴങ്ങിയാണ് നാല് വിക്കറ്റ് നേടിയ ഗുര്‍നൂര്‍ ബ്രാര്‍ തന്നെയാണ് ന്യൂസിലാന്‍ഡ് ബാറ്റിങ് നിരയെ തകര്‍ത്തത്.
ആദ്യ ഏകദിനത്തിലെ ടീമില്‍ നിന്നും മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരുടീമുകളും രണ്ടാം മത്സരത്തിനിറങ്ങുന്നത്.
പ്ലെയിങ് ഇലവന്‍
ന്യൂസിലന്‍ഡ്- വില്‍ യങ്, ടിം സീഫെര്‍ട്ട്, ഹെന്റി നിക്കോള്‍സ്, ഡാരില്‍ മിച്ചല്‍, ടോം ലാഥം (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), നഥാന്‍ സ്മിത്ത്, കൈല്‍ ജാമിസണ്‍, ജേക്കബ് ഡഫി, ബ്ലെയര്‍ ടിക്‌നര്‍
ഇന്ത്യ- രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നമന്‍ ധീര്‍, അന്‍ഷുല്‍ കാംബോജ്, ആഖ്വിബ് നബി, അര്‍ഷ്ദീപ് സിങ്, ഗുര്‍നൂര്‍ ബ്രാര്‍
Content Highlights: Newzealand gets out for 134 in second ODI against India.