| Friday, 26th December 2025, 2:53 pm

വി.വി. രാജേഷിനെ വിളിച്ച് അഭിനന്ദിച്ചുവെന്ന വാര്‍ത്ത തെറ്റ്: മുഖ്യമന്ത്രിയുടെ ഓഫീസ്

രാഗേന്ദു. പി.ആര്‍

തിരുവനന്തപുരം: ബി.ജെ.പി നേതാവും തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ വി.വി. രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചുവെന്ന വാര്‍ത്ത തെറ്റ്. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

വെള്ളിയാഴ്ച രാവിലെ വി.വി. രാജേഷ് മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റിനെ വിളിച്ചിരുന്നു. ആ സമയത്ത് മുഖ്യമന്ത്രി അടുത്ത് ഇല്ലാതിരുന്നതിനാല്‍ പിന്നീട് കണക്ട് ചെയ്യാമെന്ന് പി.എ അറിയിച്ചു.

ശേഷം പി.എ വിളിച്ച് മുഖ്യമന്ത്രിയെ കണക്ട് ചെയ്യുകയായിരുന്നു. താന്‍ മേയറായി തെരഞ്ഞെടുക്കപ്പെടാന്‍ പോവുകയാണെന്നും അത് കഴിഞ്ഞ് നേരിട്ട് വന്ന് കാണാമെന്നും രാജേഷ് മുഖ്യമന്ത്രിയോട് പറഞ്ഞുവെന്നാണ് ഓഫീസിന്റെ അറിയിപ്പിലുള്ളത്.

‘ആവട്ടെ, അഭിനന്ദനങ്ങള്‍’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്നാല്‍ ഇതിനുപിന്നാലെ മുഖ്യമന്ത്രി വി.വി. രാജേഷിനെ വിളിച്ച് അഭിനന്ദങ്ങള്‍ അറിയിച്ചുവെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. ഈ വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മാധ്യമങ്ങള്‍ ഈ വാര്‍ത്തകള്‍ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഓഫീസ് പ്രതികരിച്ചു. വി.വി. രാജേഷിനെ വിളിച്ച് മുഖ്യമന്ത്രി അഭിനന്ദിച്ചുവെന്ന വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്.

കേരളത്തിലെ ആദ്യ ബി.ജെ.പി മേയറാണ് വി.വി. രാജേഷ്. കൊടുങ്ങാനൂര്‍ ഡിവിഷനില്‍ നിന്നാണ് രാജേഷ് കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ എത്തിയത്. ഡെപ്യൂട്ടി മേയറായി ബി.ജെ.പിയുടെ ആശാനാഥിനെയും തെരഞ്ഞെടുത്തു.

അതേസമയം എ.കെ. ഹഫീസാണ് കൊല്ലം കോര്‍പ്പറേഷന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. കൊച്ചി മേയറായി വി.കെ. മിനിമോളും കോഴിക്കോട് മേയറായി ഒ. സദാശിവനും പി. ഇന്ദിര കണ്ണൂര്‍ മേയറായും തെരഞ്ഞെടുക്കപ്പെട്ടു. തൃശൂര്‍ മേയറായി ഡോ. നിജി ജസ്റ്റിനാണ് തെരഞ്ഞെടുക്കപ്പെട്ടത്.

Content Highlight: News that V.V. Rajesh was called and congratulated is false: Chief Minister’s Office

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more