| Friday, 20th December 2024, 10:38 pm

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനാകുമെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധം: ഡി.വൈ. ചന്ദ്രചൂഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: താന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനാകുമെന്ന വാര്‍ത്ത വെറും അഭ്യൂഹം മാത്രമാണെന്ന് മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. താന്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരുമെന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രചരിക്കുന്നത് വെറും അഭ്യൂഹം മാത്രമാണെന്നും വിരമിച്ച ശേഷം ജീവിതം ആസ്വദിച്ചുവരികയാണെന്നുമാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അരുണ്‍ മിശ്രയുടെ കാലാവധി ജൂണ്‍ ഒന്നിന് കഴിഞ്ഞിരുന്നു. അദ്ദേഹമായിരുന്നു നേരത്തെ എന്‍.എച്ച്.ആര്‍.സിയുടെ ചെയര്‍പേഴ്‌സണ്‍. ഈ സ്ഥാനത്തേക്ക് ഡി.വൈ. ചന്ദ്രചൂഡിനെ പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കാണ് ചന്ദ്രചൂഡ് ഇപ്പോള്‍ മറുപടി പറഞ്ഞിരിക്കുന്നത്.

2021 ജൂണിലായിരുന്നു ജസ്റ്റിസ് മിശ്ര ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് എത്തുന്നത്. ജസ്റ്റിസ് മിശ്ര വിരമിച്ചതിന് ശേഷം ആക്ടിങ് ചെയര്‍പേഴ്‌സണായി എന്‍.എച്ച്.ആര്‍.സി അംഗമായ വിജയ ഭാരതി സയാനിയാണ് പ്രവര്‍ത്തിച്ചിരുന്നത്.

മുന്‍ ചീഫ് ജസ്റ്റിസിനെയോ സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയെയോ ആണ് സെലക്ഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം രാഷ്ട്രപതി എന്‍.എച്ച്.ആര്‍.സി ചെയര്‍പേഴ്സണായി നിയമിക്കുന്നത്.

പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലാണ് എന്‍.എച്ച്.ആര്‍.സി എങ്കിലും ലോക്‌സഭാ സ്പീക്കറിനും നിയനമനത്തില്‍ അധികാരമുണ്ട്.

ആഭ്യന്തര മന്ത്രി, ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കള്‍, രാജ്യസഭാ ഉപാധ്യക്ഷന്‍ തുടങ്ങിയവരാണ് ഉന്നതസമിതി അംഗങ്ങള്‍.

ഡിസംബര്‍ 18ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍.എച്ച്. ആര്‍.സി ചെയര്‍പേഴ്‌സണെ തെരഞ്ഞെടുക്കുന്നതിന് ഉന്നതാധികാര സമിതി യോഗം ചേര്‍ന്നതിന് പിന്നാലെയാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഉന്നതതല യോഗത്തില്‍ പങ്കെടുത്തിരുന്നു.

Content Highlight: News that he will chair the National Human Rights Commission is untrue: D.Y. CHANDRACHUD

We use cookies to give you the best possible experience. Learn more