| Sunday, 7th December 2025, 1:49 pm

ചാനലുകളുടെ 'ലവ് ജിഹാദ്' പ്രചരണം; വീഡിയോകള്‍ നീക്കാന്‍ ഉത്തരവിട്ട് ന്യൂസ് റെഗുലേറ്ററി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹിന്ദി ചാനലുകളിൽ നിന്നും ‘ലവ് ജിഹാദ് ‘ വീഡിയോകള്‍ നീക്കം ചെയ്യാന്‍ ഉത്തരവിട്ട് ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേര്‍സ് അതോറിറ്റി. ചൊവ്വാഴ്ച്ചയാണ് ഇത് സംബന്ധിച്ച് എന്‍.ബി.ഡി.എസ്.എ  ഉത്തരവിറക്കിയത്.

എന്‍.സി.ഇ.ആര്‍.ടി പുസ്തകങ്ങളില്‍ ‘ലവ് ജിഹാദ് ‘ ഗൂഢാലോചനയെന്ന തരത്തില്‍ വാര്‍ത്ത നല്‍കിയതിന് പിന്നാലെയായിരുന്നു നടപടി. എന്‍.സി.ഇ.ആര്‍.ടിയുടെ മൂന്നാം ക്ലാസ് പരിസ്ഥിതി പാഠ പുസ്തകത്തിലെ ‘ചിട്ടി ആയിഹേ’ എന്ന ഭാഗത്തെക്കുറിച്ചാണ് ഹിന്ദി  ന്യൂസ് ചാനലുകള്‍ വാര്‍ത്ത നല്‍കിയത്.

റീന എന്ന കഥാപാത്രം അഹമ്മദ് എന്ന കഥാപാത്രത്തിന് കത്തെഴുതുന്നതാണ് പാഠഭാഗം. ഇത് വളച്ചൊടിച്ച് ഗൂഡാലോചനയെന്ന തരത്തില്‍ വാര്‍ത്ത നൽകിയെന്നാണ് അതോറിറ്റിയുടെ വാദം.

പരിസ്ഥിതി പാഠപുസ്തകത്തില്‍ ലവ് ജിഹാദ് പഠിപ്പിക്കുന്നു, ഹിന്ദു പെണ്‍കുട്ടി മുസ്‌ലിം യുവാവിന് കത്തെഴുതി തുടങ്ങിയ തലക്കെട്ടുകളിലായിരുന്നു വാര്‍ത്ത.

ഇന്ത്യ ടിവി, ന്യൂസ് 18 മധ്യപ്രദേശ്, ന്യൂസ് 18 ഛത്തീസ്ഗഢ്, സീ മധ്യപ്രദേശ്, സീ ഛത്തീസ്ഗഢ്, സീ ന്യൂസ്, എ.ബി.വി.പി ന്യൂസ് എന്നീ ചാനലുകളിലായി എട്ട് ഷോകള്‍ നീക്കം ചെയ്യാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.

വെബ്‌സൈറ്റില്‍ നിന്നും യൂട്യൂബില്‍നിന്നും മറ്റ് പ്ലാറ്റ്‌ഫോമുകളില്‍ നിന്നും വീഡിയോകള്‍ നീക്കി ഒരാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഇന്ദ്രജിത്ത് ഘോര്‍പാഡോ, ഉത്കൃശ് മിശ്ര തുടങ്ങിയവരുടെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.

‘ഇന്ത്യയൊരു മതേതര രാജ്യമാണ്. അതുകൊണ്ട് തന്നെ ഒരു ഹിന്ദു പെണ്‍കുട്ടി മുസ്‌ലിം യുവാവിന് കത്തെഴുതി എന്നതുകൊണ്ട് ഗൂഢാലോചന പ്രചരിപ്പിക്കേണ്ടതില്ല. ലവ് ജിഹാദ് എന്ന പദം ഇന്ത്യന്‍ നിയമത്തില്‍ എവിടെയുമില്ല, ‘ റെഗുലേറ്ററി ചെയര്‍പേഴ്‌സണും മുന്‍ ജസ്റ്റിസുമായ എ.കെ. സിക്രി നിരീക്ഷിച്ചു.

അതിനാല്‍ തന്നെ ഒരു പ്രത്യേക പാഠഭാഗത്തിന് ഊന്നല്‍ നല്‍കി ചാനലുകള്‍ വിദ്വേഷം പ്രചരിപ്പിക്കുന്നത് പെരുമാറ്റ ചട്ടലംഘനമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

അതേസമയം പൊതുതാത്പര്യ പ്രകാരമാണ് വാര്‍ത്ത നല്‍കിയതെന്നും രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നുവെന്നുമാണ് ഈ വിഷയത്തില്‍ ചാനലുകളുടെ പ്രതികരണം.

എന്നാല്‍ ലവ് ജിഹാദ് ആരോപണം ശരിവെച്ചുകൊണ്ടാണ് ചാനലുകൾ വാര്‍ത്ത നല്‍കിയത് എന്നായിരുന്നു പരാതിക്കാരുടെ ആരോപണം.

ചാനലുകള്‍ സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ ‘ഹിന്ദു സ്ത്രീകള്‍ അപകടത്തിലാണെന്നും മുസ്‌ലിം ജനസംഖ്യ വര്‍ധിപ്പിക്കാനുള്ള തന്ത്രമാണ് ലൗ ജിഹാദ്’എന്നുമുള്ള ധീരേന്ദ്ര ശാസ്ത്രിയുടെ പരാമര്‍ശത്തെകുറിച്ചായിരുന്നു മുഴുവന്‍ ചര്‍ച്ചയെന്നും പതാതിക്കാര്‍ പറഞ്ഞു.

ലൗ ജിഹാദുമായി ബന്ധപ്പെട്ട മുന്‍ കവറേജുകള്‍ക്കും ചാനലുകള്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

Content Highlight:News regulator orders removal of channels’ ‘love jihad’ propaganda

We use cookies to give you the best possible experience. Learn more