| Wednesday, 2nd October 2013, 12:38 pm

പ്രവചനങ്ങള്‍ പൊളിക്കാന്‍ D12

ഡൂള്‍ന്യൂസ് ഡെസ്‌ക്

കടപ്പുറം ഭാഗത്തെ ഒരു പകിട കളിയാണ് ദായോം പന്ത്രണ്ടും. ഈ കളിയുടെ ഏറ്റവും വലിയ പ്രത്യേകത എന്നത് അതിന്റെ അപ്രവചനീയതയാണ്. ഫലം മുന്‍കൂട്ടി നിര്‍ണ്ണയിക്കാനാവാത്ത ഒരു തരം തായം കളി.

ഹര്‍ഷദ് തന്റെ സിനിമക്ക് നല്‍കിയ പേര് ദായോം പന്ത്രണ്ടും എന്നതാണ്. ഫലം പ്രവചിക്കാനാവില്ല എന്നത് തന്നെയാണ് ഈ സിനിമയുടെ പ്രത്യേകത. ദൃശ്യങ്ങളുടെ മുന്നോട്ടു പോക്കില്‍ പ്രേക്ഷകരുടെ നിര്‍ണ്ണയങ്ങളെ തെറ്റിച്ചു കളയുന്ന ഒരു സിനിമയാകും ഇത്.

വന്‍തോക്കുകള്‍ വാഴുന്ന മലയാള സിനിമയില്‍ ഭാവനയുടെ മൂന്നാം ലോകമാണ് ഹര്‍ഷദ് ഒരുക്കുന്നത്. തന്റെ സിനിമാക്കാഴ്ചകളുടെ ആഴമാണ് ഹര്‍ഷദിന്റെ ഭാവുകത്വത്തിന്റെ ശക്തി.

ഹ്രസ്വ സിനിമാ രംഗത്ത് നേരത്തേ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് ഹര്‍ഷദ്. കേരള സര്‍ക്കാറിന്റെ ഐ.ഡി.എഫ്.എഫ്.കെ അവാര്‍ഡ്, സ്വരരലയ അവാര്‍ഡ്, വിബ്ജിയോര്‍ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ഹര്‍ഷദ് നേടിയിട്ടുണ്ട്.

ഹര്‍ഷദിന്റെ പീസ് പ്രൊസസ്സ്, യെല്ലോ ഗ്ലാസ്, ലാന്‍ഡിയ തുടങ്ങിയ ചിത്രങ്ങള്‍ ഇതിനകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവയാണ്. പൈങ്കിളി ഷോര്‍ട്ട് ഫിലിമുകളുടെ കാലത്തെ പൊളിറ്റിക്കല്‍ ഫിലിം മേക്കര്‍ എന്ന് ഹര്‍ഷദിനെ നമുക്ക് വിശേഷിപ്പിക്കാം.

ഏറെ പ്രയാസങ്ങളനുഭവിച്ചാണ് ഹര്‍ഷദ് ദോയം പന്ത്രണ്ട് പൂര്‍ത്തിയാക്കിയത്. സിനിമാ പിടുത്തത്തിന്റെ ആഡംബരങ്ങളൊന്നുമില്ലാതെ പല ഉപകരണങ്ങളും സ്വയം നിര്‍മ്മിച്ചാണ് ഈ സിനിമയുടെ നിര്‍മ്മാണം.

തന്റെ മനസ്സിലുള്ള ചിത്രം അതേപടി പുറത്തിറക്കാനുള്ള സംവിധായകന്റെ ആഗ്രഹമാണ് ഈ പ്രയത്‌നങ്ങള്‍ക്കെല്ലാം പിറകിലുള്ളത്. ദായോം പന്ത്രണ്ട് എത്ര മേല്‍ പുതിയതാണോ അതു പോലെ പുതുമയുള്ളതായിരിക്കും തന്റെ സിനിമാസങ്കേതങ്ങളെന്ന് ഹര്‍ഷദ് പറയുന്നു.

പുതുമുഖങ്ങളാണ് ഹര്‍ഷദിന്റെ സിനിമയുടെ ഒരു പ്രത്യേകത. തൃശൂരിലെ നാടകക്കളരികളില്‍ അഭിനയം ജീവിതമാക്കിയ പ്രതിഭകളുടെ ചടുല സാന്നിദ്ധ്യം ദായോം പന്ത്രണ്ടും എന്ന D12 ന്റെ കരുത്താണ്.

നാടക രംഗത്ത് പ്രശ്‌സ്തരായ  അബു, ഉക്രു പോഷിണി, മനീഷ് ആചാരി, അഖില്‍, ലുഖ്മാന്‍, ഷിന്റോ സ്റ്റാന്‍ലി, ഷാമേജ് ശ്രീധര്‍, അമൃത തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

അഞ്ച് പേര്‍ ബൈക്കിലും കാറിലുമായി നടത്തുന്ന യാത്രയാണ് ദായോം പന്ത്രണ്ടിന്റെ ഇതിവൃത്തം. ക്യാമറയുമായി നടത്തുന്ന ഈ യാത്രയില്‍ സംഭവിക്കുന്ന ചില അസ്വാഭാവികതകള്‍ ആണ് ചിത്രത്തെ മുന്നോട്ട് കൊണ്ട് പോകുന്നത്.

കണ്ണന്‍ പട്ടേരിയാണ് ക്യാമറ ചലിപ്പിക്കുന്നത്. ചിത്രത്തിലെ സംഗീത സംവിധാനം ബൈജു ധര്‍മ്മജന്‍. ഡോ.പ്രസാദാണ് പാട്ടുകള്‍ എഴുതിയിരിക്കുന്നത്. ഫസ്ബുക്കിലൂടെ കണ്ടു പിടിച്ച പുതുമുഖ പാട്ടുകാരുടെ പുതിയ പാട്ടുകള്‍ ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.

ഷംസ് കൊല്ലി കലാസംവിധാനം നിര്‍വ്വഹിക്കുന്നു. രാജേഷ് രവി ആണ് ചിത്ര സംയോജനം നടത്തിയിരിക്കുന്നത്.

തയ്യാറാക്കിയത്: ഷാന്‍ മുഹമ്മദ്

We use cookies to give you the best possible experience. Learn more