| Wednesday, 9th July 2025, 8:32 pm

ന്യൂ മെക്‌സിക്കോയിലും മിന്നല്‍ പ്രളയം; ടെക്സാസിലെ മരണസംഖ്യ 106 ആയി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: അമേരിക്കയെ ദുരിതത്തിലാഴ്ത്തി സംസ്ഥാനങ്ങളിലെ മിന്നല്‍ പ്രളയങ്ങള്‍. ടെക്‌സസിന് പുറമെ ന്യൂ മെക്‌സിക്കോയിലും പ്രളയമുണ്ടായതോടെയാണ് സ്ഥിതി വഷളായത്. ന്യൂ മെക്‌സിക്കോയിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും രണ്ട് കുട്ടികള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ മരണപ്പെട്ടു. നാലും ഏഴും വയസുള്ള രണ്ട് കുട്ടികളും ഒരു പുരുഷനുമാണ് മരിച്ചത്.

പ്രളയത്തെ തുടര്‍ന്ന് റുയിഡോസോയില്‍ കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ടൂറിസത്തിന് പേരുകേട്ടതും റിസോര്‍ട്ടുകള്‍ നടത്തി ഉപജീവനമാര്‍ഗം കണ്ടെത്തുന്നവര്‍ സംഘം ചേര്‍ന്ന് താമസിക്കുന്നതുമായ പട്ടണമാണ് റുയിഡോസോ. വെള്ളപ്പൊക്കത്തില്‍ നഗരത്തിലെ വീടുകള്‍ ഉള്‍പ്പെടെയുള്ള ഭൂരിഭാഗം കെട്ടിടങ്ങളും പൂര്‍ണമായും തകര്‍ന്നു.

ഡസന്‍ കണക്കിന് വാഹനങ്ങളും വീടുകളും വെള്ളത്തിലൂടെ ഒഴുകിപോകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ പെയ്ത കനത്ത മഴയാണ് ന്യൂ മെക്‌സിക്കോയിലെ പ്രളയത്തിന് കാരണമായത്.

പ്രളയത്തെ തുടര്‍ന്ന് മേഖലയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളപ്പൊക്കം രൂക്ഷമായ ഇടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനുമായി ന്യൂ മെക്‌സിക്കോ ഗവര്‍ണര്‍ മിഷേല്‍ ലുജാന്‍ ഗ്രിഷാം ഫെഡറല്‍ സഹായം തേടിയിട്ടുണ്ട്.

ഗ്വാഡലൂപ്പ് നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഉണ്ടായ ടെക്സാസിലെ പ്രളയത്തിന് പിന്നാലെയാണ് ന്യൂ മെക്‌സിക്കോയിലെ വെള്ളപ്പൊക്കം. കഴിഞ്ഞ വര്‍ഷം കനത്ത നാശനഷ്ടം വിതച്ച കാട്ടുതീയും ന്യൂ മെക്‌സിക്കോ അതിജീവിച്ചിരുന്നു.

സാന്‍ അന്റോണിയോയില്‍ നിന്ന് ഏകദേശം 137 കിലോമീറ്റര്‍ അകലെ വടക്കുപടിഞ്ഞാറുള്ള ഗ്വാഡലൂപ്പിന് ചുറ്റുമുള്ള പ്രദേശത്ത് വെള്ളം താഴ്ന്നതാണ് ടെക്‌സാസിലെ മിന്നല്‍ പ്രളയത്തിന് കാരണമായത്.

നിലവിലെ കണക്കുകള്‍ പ്രകാരം ടെക്സാസില്‍ 109 പേര്‍ മരണപ്പെട്ടിട്ടുണ്ട്. അമേരിക്കയുടെ സ്വാതന്ത്ര്യദിന വാരാന്ത്യത്തില്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയവരുള്‍പ്പെടെയാണ് അപകടത്തില്‍പെട്ടത്.

160ലധികം ആളുകളെ കാണാതായിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ആയിരത്തിലധികം ആളുകളെ ടെക്സാസില്‍ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ടെക്സാസില്‍ രണ്ട് മുതല്‍ അഞ്ച് ഇഞ്ച് (5cm മുതല്‍ 12cm വരെ) വരെ മഴ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

അതേസമയം കൃത്യമായി മുന്നറിയിപ്പ് നല്‍കാതിരുന്നതാണ് ടെക്സാസിലെ പ്രളയത്തിന് കാരണമായതെന്ന് വിമര്‍ശനമുണ്ട്. പ്രദേശത്ത് പ്രളയ മുന്നറിയിപ്പ് സംവിധാനം ഇല്ലായിരുന്നുവെന്ന് പ്രാദേശിക ഭരണകൂടം പ്രതികരിച്ചിരുന്നു. ഇത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുകയായിരുന്നു.

Content Highlight: Flash floods also hit New Mexico; Texas death toll rises to 106

We use cookies to give you the best possible experience. Learn more