| Wednesday, 20th December 2017, 10:54 pm

വിവാദങ്ങള്‍ക്കിടെ താരജോഡികളായ കോഹ്‌ലിയും അനുഷ്‌കയും മോദിയെ കണ്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൂതിയ താരജോഡികളായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. ഇറ്റലിയില്‍ വെച്ച് നടന്ന കല്ല്യാണത്തിനും ഹണിമൂണിനും ശേഷമാണ് താരങ്ങള്‍ ഇന്ത്യയില്‍ തിരിച്ചെത്തിയിരിക്കുന്നത്.

താരങ്ങള്‍ മോദിയെ കാണുന്ന ചിത്രങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് പുറത്ത് വിട്ടത്. ഇരുവര്‍ക്കും പ്രധാനമന്ത്രി വിവാഹ ആശംസകള്‍ നേര്‍ന്നു.

ഡിസംബര്‍ 11ന് ഇറ്റലിയിലെ ടസ്‌കാനിയില്‍ വച്ചായിരുന്നു കോഹ്‌ലിയുടെയും അനുഷ്‌കയുടെയും വിവാഹം നടന്നത്. ലോകത്തെ ഏറ്റവും ചിലവേറിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്.

എന്നാല്‍ വിദേശത്ത് വിവാഹം നടത്തിയതെന്നതിന്റെ പേരില്‍ ബി.ജെ.പി എം.എല്‍.എ പന്നാലാല്‍ ഷാകിയ ആരോപണം ഉന്നയിച്ചിരുന്നു. കോഹ്‌ലി ഇവിടെ നിന്ന് പണമുണ്ടാക്കി ബില്ല്യണ്‍ കണക്കിന് ഇറ്റലിയില്‍ ചിലവഴിക്കുകയാണ് ചെയ്തത്. ഇതിനര്‍ത്ഥം രാജ്യത്തെ കോഹ്‌ലി ബഹുമാനിക്കുന്നില്ലെന്നാണ്. ഇത് തെളിയിക്കുന്നത് അദ്ദേഹമൊരു രാജ്യ സ്‌നേഹിയല്ലെന്നാണ് പന്നാലാല്‍ ഷാകിയ പറഞ്ഞിരുന്നത്.

ഇതിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു. ഈ വിവാദങ്ങള്‍ക്കിടയിലാണ് താരദമ്പതികള്‍ മോദിയെ കാണാനെത്തിയത്. ഇന്ത്യയില്‍ തിരിച്ചെത്തിയ ഇരുവരും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് വേണ്ടി ഡിസംബര്‍ 21ന് ദല്‍ഹിയിലും ഡിസംബര്‍ 26ന് മുംബൈയിലും വിവാഹ വിരുന്ന് സംഘടിപ്പിക്കുന്നുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more