| Wednesday, 21st October 2026, 4:05 pm

കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയും ജെഫ്രി എപ്സ്റ്റീനും ഒരുമിച്ചുള്ള ചിത്രം പുറത്ത്; പുരിയുടെ മുന്‍ വിശദീകരണം ചോദ്യം ചെയ്യപ്പെടുന്നു

റെന്വര്‍ പി

വാഷിങ്ടണ്‍: ലൈംഗികാതിക്രമ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ട അമേരിക്കന്‍ വ്യവസായി ജെഫ്രി എപ്സ്റ്റീനും ഇന്ത്യയിലെ കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും ഒരു മേശയ്ക്ക് ഇരുവശത്തുമായി ഇരിക്കുന്ന ചിത്രം യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടു. ചിത്രത്തില്‍ എപ്സ്റ്റീനും പുരിയും മാത്രമാണുള്ളത്. എപ്സ്റ്റീനെ കണ്ടതിനെക്കുറിച്ച് ഹര്‍ദീപ് സിങ് പുരി നേരത്തെ നല്‍കിയ വിശദീകരണത്തിന് വിരുദ്ധമാണ് ഇപ്പോള്‍ പുറത്തുവന്ന ചിത്രം.

ഇന്റര്‍നാഷണല്‍ പീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ഐ.പി.ഐ) താന്‍ ജോലി ചെയ്തിരുന്ന കാലത്ത്, അവിടുത്തെ തലവനായിരുന്ന നേതൃത്വത്തിലുള്ള ഒരു പ്രതിനിധി സംഘത്തിന്റെ ഭാഗമായാണ് താന്‍ എപ്സ്റ്റീനെ കണ്ടതെന്നായിരുന്നു പുരി നേരത്തെ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ പുരിയും എപ്സ്റ്റീനും ഒരു മുറിക്കകത്ത് മേശക്ക് ഇരുവശത്തുമിരുന്ന് സംസാരിക്കുന്നതായി യു.എസ് നീതിന്യായ വകുപ്പിന്റെ ചിത്രത്തില്‍ കാണാം.

യു.എസ് നീതിന്യായ വകുപ്പിന്റെ എപ്സ്റ്റീന്‍ ഫയല്‍സില്‍ ഉള്‍പ്പെടുന്ന ഈ ചിത്രം ചൊവ്വാഴ്ചയാണ് സമൂഹ മാധ്യങ്ങളില്‍ പ്രചരിച്ചത്. എപ്സ്റ്റീന്‍ ഫയല്‍സിന്റെ ഭാഗമായി ഈ വര്‍ഷം ജനുവരിയില്‍ പുറത്തുവിട്ട ഡാറ്റാസെറ്റ് ഒമ്പതിന്റെ ഭാഗമാണ് ഈ ചിത്രം.

നിലവില്‍ പുരിയുടെയും എപ്സ്റ്റീന്റെയും ഒരു ചിത്രം മാത്രമാണ് ഇത്തരത്തില്‍ പുറത്തുവന്നിട്ടുള്ളത്. എന്നാല്‍ ഇത്തരത്തില്‍ ഇരുവരുടെയും ഒന്നിലധികം ചിത്രങ്ങള്‍ ഒമ്പതാം ഡാറ്റാ സെറ്റിലുള്ളതായി ചില ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരേ സമയത്തെടുത്ത പത്തോളം ചിത്രങ്ങളാണിവയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഈ ചിത്രം ഏത് കൂടിക്കാഴ്ചയിലേതാണെന്നോ എന്ന് പകര്‍ത്തിയതാണെന്നോ വ്യക്തമല്ല. ആരാണ് ചിത്രം പകര്‍ത്തിയതെന്നും വ്യക്തമല്ല. മറ്റാരൊക്കെ കൂടിക്കാഴ്ചക്കിടെ ആ റൂമിലുണ്ടായിരുന്നുവെന്നതടക്കുള്ള വിവരങ്ങളും ലഭ്യമല്ല.

ഹര്‍ദീപ് സിങ് പുരിയും എപ്സ്റ്റീനും തമ്മില്‍ പരിചയമുണ്ടായിരുന്നതായി നേരത്തെ വെളിപ്പെടുത്തല്‍ പുറത്തുവന്നിരുന്നു. എപ്സ്റ്റീന്‍ രേഖകളുടെ ഭാഗമായി ഈ വര്‍ഷം ആദ്യം പുറത്തുവന്ന ഇമെയിലുകളിലായിരുന്നു ഈ വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെ ഈ വര്‍ഷം ഫെബ്രുവരിയില്‍ പുരി ഈ വിഷയത്തില്‍ ഒരു വിശദീകരണവും നല്‍കിയിരുന്നു.

ഇന്റര്‍നാഷണല്‍ പീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തന്റെ മേലുദ്യോഗസ്ഥനായിരുന്ന മുതിര്‍ന്ന നോര്‍വീജിയന്‍ നയതന്ത്രജ്ഞന്‍ ടെര്‍ജെ റോഡ്-ലാര്‍സെന് എപ്സ്റ്റീനെ അറിയാമായിരുന്നെന്നായിരുന്നു പുരി പറഞ്ഞത്. റോഡ്-ലാര്‍സെന്റെ ഐ.പി.ആ പ്രതിനിധി സംഘത്തിന്റെ ഭാഗമായാണ് ആദ്യമായി എപ്സ്റ്റീനെ കണ്ടതെന്നും പുരി പറഞ്ഞിരുന്നു.

2009-ല്‍ ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയിലുള്ള ഇന്ത്യന്‍ നയതന്ത്ര ദൗത്യസംഘത്തില്‍ ചേര്‍ന്നതു മുതല്‍ 2017-ല്‍ മന്ത്രിയാകുന്നത് വരെയുള്ള എട്ട് വര്‍ഷത്തിനിടയില്‍, എപ്സ്റ്റീനുമായി മൂന്നോ പരമാവധി നാലോ തവണ മാത്രമേ കൂടിക്കാഴ്ച നടത്തിയിട്ടുള്ളൂ എന്നും ഫെബ്രുവരി 11-ന് നടന്ന പത്രസമ്മേളനത്തില്‍ പുരി പറഞ്ഞിരുന്നു.

എന്നാല്‍ പുരിയും എപ്സ്റ്റീനും പല തവണ കൂടിക്കാഴ്ച നടത്തിയെന്നാണ് യു.എസ് നീതിന്യായ വകുപ്പിന്റെ ഈ വര്‍ഷം തുടക്കത്തില്‍ പുറത്തുവന്ന ഇമെയിലുകളില്‍ പറയുന്നത്. 2014 ജൂണ്‍ മുതല്‍ 2017 ജൂണ്‍ വരെയുള്ള കാലയളവിലാണ് ഈ കൂടിക്കാഴ്ചകള്‍. എപ്സ്റ്റീന്റെ മാന്‍ഹട്ടനിലുള്ള വസതിയില്‍ വെച്ച് കുറഞ്ഞത് മൂന്ന് കൂടിക്കാഴ്ചകളെങ്കിലും നടന്നതായും ഇമെയില്‍ രേഖകളില്‍ പറഞ്ഞിരുന്നു.

2015 ഫെബ്രുവരി നാല്, 2016 ജനുവരി ആറ്, 2017 മെയ് 19 എന്നീ തീയതികളിലാണ് എപ്സ്റ്റീന്റെ മാന്‍ഹട്ടനിലുള്ള വസതിയില്‍ വെച്ചുള്ള കൂടിക്കാഴ്ചകള്‍. ഇതിന് പുറമെ 2015 ജനുവരി ഒമ്പതിനും പുരിയും എപ്സ്റ്റീനും തമ്മില്‍ ന്യൂയോര്‍ക്കിലെ ഈ വീട്ടില്‍ വെച്ച് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. എന്നാല്‍ എപ്സ്റ്റീന്‍ അപ്പോള്‍ ന്യൂയോര്‍ക്കില്‍ ഇല്ലാത്തതിനാല്‍ റദ്ദാക്കപ്പെട്ടതായും എപ്സ്റ്റീന്‍ രേഖകള്‍ വെളിപ്പെടുത്തിയിരുന്നു.

ലിങ്ക്ഡ് ഇന്‍ സ്ഥാപകനായ റീഡ് ഹോഫ്മാനെ പുരിക്ക് എപ്സ്റ്റീന്‍ പരിചയപ്പെടുത്തിയെന്ന വെളിപ്പെടുത്തലും എപ്സ്റ്റീന്‍ ഫയല്‍സിലുണ്ടായിരുന്നു. ആദ്യ മോദി സര്‍ക്കാര്‍ അധികാരത്തിലേറ്റ് ഏതാനും മാസങ്ങള്‍ക്ക് ശേഷം 2014 സെപ്റ്റംബറിലാണ് ഹോഫ്മാനെയും പുരിയെയും എപ്സ്റ്റീന്‍ പരസ്പരം പരിചയപ്പെടുത്തിയത. പിന്നീട് പുരിയും ഹോഫ്മാനും തമ്മില്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെക്കുറിച്ചടക്കം ഇമെയില്‍ വഴി ചര്‍ച്ച നടത്തിയിരുന്നെന്ന് എപ്സ്റ്റീന്‍ ഫയല്‍സിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നു.

വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഇന്ത്യയില്‍ സഹായം ലഭ്യമാക്കാന്‍ വേണ്ടി പുരിക്ക് എപ്സ്റ്റീന്‍ ഇ മെയിലുകളയച്ചതായും രേഖകള്‍ വെളിപ്പെടുത്തിയിരുന്നു. 2014 ഒക്ടോബറില്‍ ഇന്ത്യയില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടി തന്റെ സഹായിക്ക് വിസ ലഭിക്കാന്‍ സഹായിക്കണമെന്ന് എപ്സ്റ്റീന്‍ പുരിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഈ ആവശ്യത്തിന് മുന്‍ഗണന നല്‍കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരോട് പുരി ആവശ്യപ്പെട്ടതായും രേഖകള്‍ വ്യക്തമാക്കുന്നു.

2014 ഡിസംബറില്‍, വിദേശത്തുള്ള ദ്വീപില്‍ നിന്ന് എപ്പോള്‍ തിരിച്ചെത്തുമെന്ന് അറിയിക്കാന്‍ പുരി എപ്സ്റ്റീനോട് ആവശ്യപ്പെട്ടു. ഇന്ത്യയോട് താത്പര്യമുണ്ടാക്കുന്ന ചില പുസ്തകങ്ങള്‍ കൈമാറാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് ഏപ്സ്റ്റീനോട് പുരി പറഞ്ഞതായും രേഖകളിലുണ്ടായിരുന്നു.

ഫെബ്രുവരിയില്‍ വിശദീകരണം നല്‍കിയ ശേഷവും എപ്സ്റ്റീന്‍ ഫയല്‍സുമായി ബന്ധപ്പെട്ട് പുരിക്കെതിരെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എപ്സ്റ്റീന്‍ ഫയല്‍സില്‍ നൂറിലേറെ തവണ ഹര്‍ദീപ് സിങ് പുരിയുടെ പേര് പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് ആ മാസം തന്നെ പുറത്തുവന്ന ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്.
പുറത്ത് വന്നിരുന്നു.

യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് വെബ്‌സൈറ്റിലെ ‘എപ്സ്റ്റീന്‍ ലൈബ്രറി’യില്‍ 163 തവണ പുരിയുടെ പേര് പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഇതുകൂടാതെ ‘ഹര്‍ദീപ് പുരി’ എന്ന പേര് 46 തവണയും ‘ഹര്‍ദീപ് ‘ എന്നത് 430 തവണയും പരാമര്‍ശമുണ്ടെന്നും ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ് എപ്സ്റ്റീന്‍. 2008-ല്‍ ഫ്‌ലോറിഡയില്‍ വെച്ച് എപ്സ്റ്റീന്‍ കുറ്റം സമ്മതിച്ചിരുന്നു. 2019 ജൂലൈയില്‍, ലൈംഗിക കടത്ത് സംബന്ധിച്ച ഫെഡറല്‍ കുറ്റങ്ങള്‍ ചുമത്തി അയാളെ അറസ്റ്റ് ചെയ്തു. വിചാരണ കാത്തിരിക്കുന്നതിനിടെ, 2019 ഓഗസ്റ്റില്‍ ജയിലില്‍ വെച്ച് ആത്മഹത്യ ചെയ്ത നിലയില്‍ എപ്സ്റ്റീനെ കണ്ടെത്തുകയും ചെയ്തു.

Content Highlight: Newly Surfaced Photo of Epstein and Hardeep Singh Puri

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more