തൃശൂർ: തൃശൂർ പുതുക്കാട് വെള്ളിക്കുളങ്ങരയിൽ നവജാത ശിശുക്കളെ കുഴിച്ചുമൂടി. അവിവാഹിതരായ യുവാവിനും യുവതിക്കും ജനിച്ച കുഞ്ഞുങ്ങളെയാണ് കുഴിച്ചുമൂടിയത്. ഇന്നലെ പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ് രണ്ട് നവജാത ശിശുക്കളെ കുഴിച്ചുമൂടിയെന്ന് മൊഴി നൽകുകയായിരുന്നു. വെള്ളിക്കുളങ്ങര സ്വദേശിയായ 26 കാരനാണ് വെളിപ്പെടുത്തൽ നടത്തിയത്.
മരിച്ച രണ്ട് കുഞ്ഞുങ്ങളുടെയും അസ്ഥിയെടുത്ത് സൂക്ഷിച്ചതായും ഇത് ആഭിചാര കർമങ്ങൾക്കായി ഉപയോഗിക്കാൻ ശ്രമിച്ചുവെന്നും കീഴടങ്ങിയ യുവാവ് പോലീസിനോട് പറഞ്ഞു. യുവാവിന്റെ മൊഴിക്ക് പിന്നാലെ പുതുക്കാട് പൊലീസ് ഇയാളുടെ സുഹൃത്തായ 21കാരിയേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്ന് പുലർച്ചെയാണ് യുവാവ് അസ്ഥിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. ചോദ്യം ചെയ്യലിൽ മൂന്നു വർഷം മുമ്പാണ് സംഭവമെന്ന് യുവാവ് പറഞ്ഞു. അവിവാഹിതരായ ഇരുവർക്കും ഒരു കുഞ്ഞ് ജനിച്ചിരുന്നുവെന്ന് ഇരുവരും വെളിപ്പെടുത്തി.
കുട്ടി മരിച്ചതിന് ശേഷം കുട്ടിയെ കുഴിച്ചുമൂടുകയായിരുന്നു. അതിന് ശേഷം യുവാവിൻ്റെ ആവശ്യപ്രകാരം എന്തെങ്കിലും തരത്തിലുള്ള ദോഷം തീരുന്നതിന് കുഞ്ഞിൻ്റെ അസ്ഥി പെറുക്കി സൂക്ഷിച്ചു. പിന്നീട് രണ്ട് വർഷങ്ങൾക്ക് മുമ്പ് യുവതി വീണ്ടും മറ്റൊരു കുഞ്ഞിന് ജന്മം നൽകി. ഈ കുട്ടിയും മരിച്ചുവെന്ന് യുവാവിനെ അറിയിക്കുകയായിരുന്നു. യുവതിയുടെ ആദ്യ പ്രസവം 2021ലായിരുന്നു.
പുതുക്കാട് വെള്ളികുളങ്ങര സ്വദേശികളായ 26 കാരനേയും 21 കാരിയേയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. കാമുകി തന്നിൽ നിന്ന് അകലുന്നുവെന്ന സംശയത്തെ തുടർന്ന് കാമുകൻ അസ്ഥിയുമായി പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
Content Highlight: Newborn babies buried in Thrissur’s Puthukkad; Reportedly, a young man and a young woman have been arrested for witchcraft