| Saturday, 9th August 2025, 3:34 pm

148 വര്‍ഷത്തിന് ശേഷം ഇങ്ങനെയൊന്ന് ആദ്യം! ടെസ്റ്റില്‍ തകര്‍പ്പന്‍ നേട്ടവുമായി കിവികള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രം തിരുത്തി കുറിച്ച് ന്യൂസിലാന്‍ഡ് താരങ്ങള്‍. ക്വീന്‍സ് സ്‌പോര്‍ട്‌സ് ക്ലബ് സ്റ്റേഡിയത്തില്‍ സിംബാബ്വെക്കെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിലാണ് താരങ്ങളുടെ മിന്നും പ്രകടനം. നിലവില്‍ സിംബാബ്വെക്കെതിരെ ഒന്നാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലാന്‍ഡ് 601 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തിട്ടുണ്ട്.

മത്സരത്തില്‍ ബാറ്റിങ്ങിനെത്തിയ എല്ലാ താരങ്ങളും മികച്ച പ്രകടനം നടത്തിയതോടെയാണ് കിവീസ് വലിയ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. മൂന്ന് താരങ്ങളാണ് 150 റണ്‍സ് എടുത്ത് ന്യൂസിലാന്‍ഡ് നിരയില്‍ തിളങ്ങിയത്. രചിന്‍ രവീന്ദ്ര, ഡെവോണ്‍ കോണ്‍വേ, ഹെന്റി നിക്കോളസ് എന്നിവരാണ് സെഞ്ച്വറിയുമായി തകര്‍ത്ത് കളിച്ചത്.

രചിന്‍ 139 പന്തില്‍ 165 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ നിക്കോളസ് 245 പന്തില്‍ അപരാജിത 150 റണ്‍സ് നേടി. ഓപ്പണറായ കോണ്‍വേ 245 പന്തുകളില്‍ നിന്നായി 153 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഇവരുടെ മിന്നും പ്രകടനത്തോടെ ടെസ്റ്റ് ചരിത്രത്തില്‍ ഒരു അപൂര്‍വ നേട്ടമാണ് കുറിച്ചത്. ഇങ്ങനെ ഒരു ഇന്നിങ്‌സില്‍ ഒരുമിച്ച് മൂന്ന് പേര്‍ 150 + റണ്‍സ് സ്‌കോര്‍ ചെയ്യുന്നത് വളരെ അപൂര്‍വമാണ്. ഇതിന് മുമ്പ് ഇങ്ങനെ രണ്ട് തവണ മാത്രമാണ് നടന്നിട്ടുള്ളത്. 148 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഇങ്ങനെയൊന്ന് നടക്കുന്നത്.

ടെസ്റ്റിലെ ഒരു ഇന്നിങ്‌സില്‍ ഒരുമിച്ച് മൂന്ന് പേര്‍ 150+ സ്‌കോര്‍ ചെയ്ത സന്ദര്‍ഭങ്ങള്‍

(മത്സരം – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

ഇംഗ്ലണ്ട് vs ഓസ്‌ട്രേലിയ – ഓവല്‍ – 1938

ഇന്ത്യ vs ശ്രീലങ്ക – കാണ്‍പൂര്‍ – 1986

ന്യൂസിലാന്‍ഡ് vs സിംബാബ്വെ – ബുലവായോ – 2025

മത്സരത്തില്‍ സിംബാബ്വെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയിട്ടുണ്ട്. കൂറ്റന്‍ ലീഡുള്ള ന്യൂസിലാന്‍ഡിന്റെ സ്‌കോര്‍ പിന്തുടരുന്ന ആതിഥേയര്‍ പതറുകയാണ്. 22 ഓവറുകള്‍ പിന്നിടുമ്പോള്‍ സിംബാബ്വെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 78 റണ്‍സ് എടുത്തിട്ടുണ്ട്. സക്കറി ഫൗള്‍ക്‌സിന്റെയും മാറ്റ് ഹെന്റിയുടെയും തകര്‍പ്പന്‍ പ്രകടനത്തിലാണ് സിംബാബ്വെയ്ക്ക് അടി പതറുന്നത്.

Content Highlight: New Zealand vs Zimbabwe: New Zealand three batters scored 150+ runs in an innings in test

We use cookies to give you the best possible experience. Learn more