| Sunday, 11th January 2026, 6:50 pm

ലോക ചരിത്രത്തില്‍ ഒരേയൊരു ഹിറ്റ്മാന്‍; തൂക്കിയടിച്ചത് വമ്പന്‍ റെക്കോഡ്!

ശ്രീരാഗ് പാറക്കല്‍

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം വഡോധരയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ കിവീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിലവില്‍ ബാറ്റിങ് അവസാനിച്ചപ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സാണ് കിവീസിന് നേടാന്‍ സാധിച്ചത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഒമ്പത് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സാണ് ഇന്ത്യ നേടിയത്. സൂപ്പര്‍ താരം രോഹിത് ശര്‍മയേയാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. കൈല്‍ ജാമിസണിന്റെ പന്തില്‍ കവറിലേക്ക് ഉയര്‍ത്തിയടിച്ച രോഹിത് മൈക്കല്‍ ബ്രേസ്‌വെല്ലിന്റെ കയ്യിലാകുകയായിരുന്നു.

29 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 26 റണ്‍സ് നേടിയാണ് ഹിറ്റ്മാന്‍ മടങ്ങിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 650 സിക്‌സര്‍ പൂര്‍ത്തിയാക്കുന്ന ആദ്യത്തെ താരമെന്ന റെക്കോഡാണ് ഹിറ്റ്മാന്‍ രോഹിത് സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതുവരെ രോഹിത് അല്ലാതെ മറ്റൊരു താരവും ഇതുവരെ 600 റണ്‍സ് പൂര്‍ത്തിയാക്കിയിട്ടില്ല എന്ന് എടുത്ത് പറയേണ്ടതാണ്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടുന്ന താരങ്ങള്‍

രോഹിത് ശര്‍മ (ഇന്ത്യ) – 650

ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്) – 553

ഷാഹിദ് അഫ്രീദി (പാകിസ്ഥാന്‍) – 476

അതേസമയം മത്സരത്തില്‍ ന്യൂസിലാന്‍ഡിന് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് ഡാരില്‍ മിച്ചലാണ് 71 പന്തില്‍ മൂന്ന് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 84 റണ്‍സാണ് താരം അടിച്ചെടുത്തത്. പ്രസിദ്ധ് കൃഷ്ണയാണ് താരത്തെ പുറത്താക്കിയത്.

കിവീസിന്റെ ഓപ്പണര്‍മാരെ പുറത്താക്കി ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത് പേസര്‍ ഹര്‍ഷിത് റാണയാണ്. 56 റണ്‍സ് നേടിയ ഡെവോണ്‍ കോണ്‍വേയയും 62 റണ്‍സ് നേടിയ ഹെന്റിക് നിക്കോളാസിനെയുമാണ് റാണ പുറത്താക്കിയത്. കിവീസ് ഓപ്പണര്‍മാരുടെ കൂട്ടുകെട്ടായിരുന്നു ടീമിന്റെ റണ്‍സ് ഉയര്‍ത്തുന്നതില്‍ അടിത്തറയിട്ടത്.

ഇന്ത്യയ്ക്ക് വേണ്ടി റാണ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ കുല്‍ദീപ് യാദവ് ഒരു വിക്കറ്റും നേടി.

Content Highlight: New Zealand VS India: Rohit Sharma In Great Record Achievement

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more