| Wednesday, 21st January 2026, 2:26 pm

കിങ്ങിനെ വെട്ടി കിവീസിന്റെ കില്ലാടി; സ്വന്തമാക്കിയത് വമ്പന്‍ നേട്ടം!

ശ്രീരാഗ് പാറക്കല്‍

ഐ.സി.സിയുടെ ഏതദിന ബാറ്റിങ് റാങ്കില്‍ ഒന്നാം സ്ഥാനത്തെത്തി ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ഡാരില്‍ മിച്ചല്‍. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ പിന്നിലാക്കിയാണ് മിച്ചല്‍ കുതിച്ചത്. 845 റേറ്റിങ് പോയിന്റോടെയാണ് മിച്ചല്‍ ഒന്നാം സ്ഥാനത്ത് എത്തിയത്.

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ മിന്നും പ്രകടനം നടത്തിയതിന് പിന്നാലെയാണ് ഡാരില്‍ മിച്ചല്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്.

ന്യൂസിലാന്‍ഡ് താരം ഡാരില്‍ മിച്ചല്‍

ഇന്ത്യയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ച്വറിയടക്കം 352 റണ്‍സാണ് മിച്ചല്‍ സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ 84 റണ്‍സും രണ്ടാം മത്സരത്തില്‍ 131 റണ്‍സും നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ 137 റണ്‍സുമാണ് കിവീസിന്റെ കില്ലാടി അടിച്ചെടുത്തത്.

നിലവില്‍ കിവീസിന് വേണ്ടി ഏകദിനത്തില്‍ 54 ഇന്നിങ്‌സില്‍ നിന്ന് 2690 റണ്‍സാണ് ഡാരില്‍ അടിച്ചെടുത്തത്. 137 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ ഉള്‍പ്പെടെ യാണ് ഫോര്‍മാറ്റില്‍ താരത്തിന്റെ കുതിപ്പ്. നിലവില്‍ ഒമ്പത് സെഞ്ച്വറികളാണ് താരം ഏകദിനത്തില്‍ അടിച്ചെടുത്തത്. 12 അര്‍ധ സെഞ്ച്വറിയും മിച്ചലിന്റെ അക്കൗണ്ടിലുണ്ട്.

 റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്ത് എത്തിയ വിരാട് 795 റേറ്റിങ് പോയിന്റും മൂന്നാം സ്ഥാനത്ത് അഫ്ഗാന്‍ താരം ഇബ്രാഹിം സദ്രാനുമാണ് നിലവിലുള്ളത്. രോഹിത് ശര്‍മ 757 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ അഞ്ചാം സ്ഥാനത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണുള്ളത്. ഏകദിന ബാറ്റിങ് റാങ്കിങ്ങിന്റെ പൂര്‍ണ പട്ടികയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

അതേസമയം ഇന്ത്യയ്‌ക്കെതിരെ സീരിസ് ഡിസൈഡറിലും വിജയം സ്വന്തമാക്കിയായിരുന്നു സന്ദര്‍ശകര്‍ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1നാണ് കിവികള്‍ വിജയിച്ചത്. ആദ്യ മത്സരം പരാജയപ്പെട്ട ശേഷമായിരുന്നു സന്ദര്‍ശകരുടെ തിരിച്ചുവരവ്. പരമ്പരയിലെ താരവും ഡാരില്‍ മിച്ചലാണ്.

Content Highlight: New Zealand superstar Daryl Mitchell has reached the top spot in the ICC ODI batting rankings

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more