| Wednesday, 25th February 2026, 8:25 pm

തീക്ഷണ തീക്കാറ്റ്; കൊളംബോയില്‍ കിവീസിന് അടിപതറുന്നു

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പില്‍ ന്യൂസിലാന്‍ഡും ശ്രീലങ്കയും തമ്മിലുള്ള മത്സരം ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുകയാണ്. നിലവില്‍ കിവീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെടുത്തിട്ടുണ്ട്. 14 പന്തില്‍ എട്ട് റണ്‍സെടുത്ത കോള്‍ മക്കോഞ്ചിയും 11 പന്തില്‍ അഞ്ച് റണ്‍സെടുത്ത മിച്ചല്‍ സാന്റ്‌നറുമാണ് ക്രീസിലുള്ളത്. തീക്ഷണയുടെ തകര്‍പ്പന്‍ ബൗളിങ്ങാണ് കിവികളെ വരിഞ്ഞ് മുറുക്കിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസിന് ഓപ്പണര്‍മാരായ ടിം ഷിഫെര്‍ട്ടും ഫിന്‍ അലനും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കിയിരുന്നു. എന്നാല്‍, സ്‌കോര്‍ ബോര്‍ഡില്‍ 30 ചേര്‍ത്തപ്പോഴേക്കും അലന്‍ മടങ്ങി. 13 പന്തില്‍ 23 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. മഹീഷ് തീക്ഷണയുടെ പന്തില്‍ തീക്ഷണയ്ക്ക് തന്നെ ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

ഈ സ്‌കോറിലേക്ക് നാല് റണ്‍സ് ചേര്‍ത്തപ്പോഴേക്കും മറ്റൊരു ഓപ്പണറായ ഷിഫെര്‍ട്ടിനെയും ബ്ലാക്ക് ക്യാപ്‌സിന് നഷ്ടമായി. ഒമ്പത് പന്തില്‍ എട്ട് റണ്‍സ് മാത്രമെടുത്ത താരത്തെ കൂടാരം കയറ്റിയത് ദുഷ്മന്ത ചമീരയാണ്.

പിന്നാലെ ക്രീസിലെത്തിയ രചിന്‍ രവീന്ദ്രയും ഗ്ലെന്‍ ഫിലിപ്‌സും പിടിച്ച് നില്‍ക്കാന്‍ ശ്രമം നടത്തി. എന്നാല്‍, ഇവര്‍ മികച്ച നിലയില്‍ മുന്നേറവെ ചമീര അടുത്ത പ്രഹരമേല്പിച്ചു. 18 പന്തില്‍ 18 റണ്‍സുമായി നിന്ന ഫിലിപ്‌സിനെ താരം പുറത്താക്കുകയായിരുന്നു. ഇതോടെ ഇവരുടെ 41 റണ്‍സിന്റെ കൂട്ടുകെട്ട് തകര്‍ന്നടിഞ്ഞു.

ഏറെ വൈകാതെ രചിനും തിരികെ നടന്നു. 22 പന്തില്‍ 32 റണ്‍സുമായാണ് താരം പുറത്തായത്. ടീം സ്‌കോര്‍ 84ല്‍ നില്‍ക്കെ തീക്ഷണയാണ് താരത്തെ മടക്കിയത്. ഇതേ ഓവറില്‍ തന്നെ ഇതേ സ്‌കോറില്‍ മറ്റൊരു ബ്രേക്ക് ത്രൂ കൂടി തീക്ഷ്ണ ലങ്കന്‍ ടീമിന് സമ്മാനിച്ചു.

ഇത്തവണ മാര്‍ക്ക് ചാപ്മാനാണ് തീക്ഷ്ണയ്ക്ക് മുമ്പില്‍ അടിയറവ് പറഞ്ഞത്. ക്രീസിലെത്തി രണ്ടാം പന്തില്‍ റണ്‍സൊന്നും എടുക്കാതെ ഡക്കായായിരുന്നു താരത്തിന്റെ മടക്കം.

അടുത്ത ഓവറില്‍ ആദ്യ പന്തില്‍ തന്നെ ദുനിത് വെല്ലാലഗെ കിവീസിനെ ഞെട്ടിച്ചു. ഏഴ് പന്തില്‍ വെറും മൂന്ന് റണ്‍സുമായി ഡാരില്‍ മിച്ചാലാണ് ഇപ്രാവശ്യം തിരികെ നടന്നത്. അതോടെ ടീം ആറ് വിക്കറ്റിന് 84 എന്ന നിലയിലേക്ക് കൂപ്പുകുത്തി. പിന്നാലെ ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറും കോള്‍ കോള്‍ മക്കോഞ്ചിയും ഒന്നിക്കുകയായിരുന്നു.

Content Highlight: New Zealand struggle against Sri Lanka as Maheesh Theekshana put up stunning bowling in T20 World Cup

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more