2026 ടി – 20 ലോകകപ്പില്‍ ന്യൂസിലാന്‍ഡും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള മത്സരം അഹമ്മദാബാദില്‍ നടക്കുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കിവീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തിട്ടുണ്ട്. പ്രോട്ടിയാസ് ബൗളര്‍ മാര്‍ക്കോ യാന്‍സെന്റെ ബൗളിങ്ങിന് മുന്നില്‍ പതറിയ ടീമിനെ പിടിച്ചുയര്‍ത്തിയത് മാര്‍ക്ക് ചാപ്മാനാണ്.
മത്സരത്തില്‍ ടോസ് നഷ്ടപെട്ട ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലാന്‍ഡിന് നാലാം ഓവറില്‍ തന്നെ ഒമ്പത് പന്തില്‍ 13 റണ്‍സെടുത്ത ഓപ്പണര്‍ ടിം ഷിഫേര്‍ട്ടിനെ നഷ്ടമായി. രണ്ട് ഓവറുകള്‍ പിന്നിട്ടപ്പോഴേക്കും വണ്‍ ഡൗണായി ഇറങ്ങിയ രചിന്‍ രവീന്ദ്രയും തിരികെ നടന്നു. ടീം സ്‌കോര്‍ 57 എന്ന നിലയില്‍ നില്‍ക്കെ എട്ട് പന്തില്‍ 13 റണ്‍സുമായാണ് താരത്തിന്റെ മടക്കം.
മാര്‍ക്ക് ചാപ്മാനും ഡാരില്‍ മിച്ചലും. Photo: Starsports/x.com
ഇതിലേക്ക് ഒരു റണ്‍സ് ചേര്‍ത്തപ്പോഴേക്കും ഫിന്‍ അലനും കൂടാരം കയറി. 17 പന്തില്‍ 31 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. അടുത്ത ഓവറില്‍ ഒരു റണ്‍സുമായി ഗ്ലെന്‍ ഫിലിപ്‌സും മടങ്ങി. അതോടെ മാര്‍ക്ക് ചാപ്മാനും ഡാരില്‍ മിച്ചലും ഒന്നിച്ചു.
എന്നാല്‍ ഇരുവരും 74 റണ്‍സെടുത്ത് പിരിഞ്ഞു. ആദ്യം മടങ്ങിയത് 26 പന്തില്‍ 48 റണ്‍സെടുത്ത ചാപ്മാനാണ്. ഏറെ വൈകാതെ 24 പന്തില്‍ 32 റണ്‍സുമായി മിച്ചലും പുറത്തായി. അടുത്ത ഓവറില്‍ ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറും തിരികെ കയറി.
പിന്നാലെ ക്രീസിലെത്തിയ ജെയിംസ് നീഷമും മറ്റ് ഹെന്റിയും ടീം സ്‌കോര്‍ 150 കടത്തി. ഇരുവരും ചേര്‍ന്ന് 30 റണ്‍സ് ചേര്‍ത്തത്തോടെ 175 റണ്‍സ് എന്ന നിലയിലെത്തി. നീഷം 15 പന്തില്‍ 23 റണ്‍സുമായും ഹെന്റി എട്ട് പന്തില്‍ ഒമ്പത് റണ്‍സുമായും പുറത്താവാതെ നിന്നു.
സൗത്ത് ആഫ്രിക്കക്കായി മാര്‍ക്കോ യാന്‍സെന്‍ നാല് വിക്കറ്റ് വീഴ്ത്തി. കേശവ് മഹാരാജ്, ലുങ്കി എന്‍ഗിഡി, കോര്‍ബിന്‍ ബോഷ് എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.
Content Highlight: New Zealand set a target of 176 against South Africa in T20 World Cup with Mark Chapman’s fight backs against Marco Jansen