വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ടി – 20 പരമ്പരയിലെ അവസാന മത്സരത്തില്‍ തിളങ്ങി ജേക്കബ് ഡഫി. മത്സരത്തില്‍ നാല് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. താരത്തിന്റെ കരുത്തില്‍ മത്സരത്തില്‍ ആതിഥേയര്‍ എട്ട് വിക്കറ്റിന് വിജയിച്ചു. ഒപ്പം, കിവീസ് പരമ്പര 3 -1നും സ്വന്തമാക്കി.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ ആതിഥേയര്‍ 140 റണ്‍സിന് പുറത്താക്കിയിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ഡഫിയായിരുന്നു ഇതിന് ചുക്കാന്‍ പിടിച്ചത്. നാല് ഓവറില്‍ 35 റണ്‍സ് മാത്രം വിട്ടുനല്‍കിയായിരുന്നു താരത്തിന്റെ പ്രകടനം. ഇത് താരത്തിന് പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും കരസ്ഥമാക്കി.
ഒപ്പം ഡഫി പ്ലെയര്‍ ഓഫ് ദി സീരീസ് ആവുകയും ചെയ്തു. പരമ്പരയില്‍ ആകെ താരം 10 വിക്കറ്റും നേടിയാണ് ഈ നേട്ടത്തിലെത്തിയത്. ഇതോടെ ഒരു സൂപ്പര്‍ നേട്ടമാണ് താരം സ്വന്തമാക്കിയത്. തുടര്‍ച്ചയായ രണ്ട് ടി – 20 ദ്വിരാഷ്ട്ര പരമ്പരയില്‍ പത്തിലധികം വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ താരമാകാനാണ് ന്യൂസിലാന്‍ഡ് ബൗളര്‍ക്ക് സാധിച്ചത്.
നേരത്തെ, ഇങ്ങനെ തുടര്‍ച്ചയായ രണ്ട് പരമ്പരകളില്‍ 10+ വിക്കറ്റുകള്‍ സ്വന്തമാക്കിയത് ഇന്ത്യന്‍ താരം വരുണ്‍ ചക്രവര്‍ത്തിയാണ്. സൗത്ത് ആഫ്രിക്കക്ക് എതിരെയും ഇംഗ്ലണ്ടിനെതിരെയുമായിരുന്നു താരത്തിന്റെ ഈ വിക്കറ്റ് വേട്ട.
– വരുണ്‍ ചക്രവര്‍ത്തി:
സൗത്ത് ആഫ്രിക്ക – 2024 – 12
ഇംഗ്ലണ്ട് – 2025 – 14
ജേക്കബ് ഡഫി :
പാകിസ്ഥാന്‍ – 2025 – 13
വെസ്റ്റ് ഇന്‍ഡീസ് – 2025 – 10
മത്സരത്തില്‍ വിന്‍ഡീസ് നിരയില്‍ 32 പന്തില്‍ 38 റണ്‍സ് നേടിയ റോസ്റ്റോണ്‍ ചെയ്സ്, 22 പന്തില്‍ 36 റണ്‍സെടുത്ത റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. മറ്റാര്‍ക്കും ബാറ്റിങ്ങില്‍ തിളങ്ങാന്‍ സാധിക്കാത്തതോടെ ടീം കുഞ്ഞന്‍ സ്‌കോറില്‍ പുത്താവുകയായിരുന്നു.
ഡഫിക്ക് പുറമെ, ജെയിംസ് നീഷം രണ്ട് വിക്കറ്റ് സ്വന്തമാക്കി. കൂടാതെ, മിച്ചല്‍ സാന്റ്‌നര്‍, കെയ്ല്‍ ജാമിസണ്‍, മൈക്കല്‍ ബ്രസ്വെല്‍, ഇഷ് സോഥി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
കിവികള്‍ക്കായി ഡിവോണ്‍ കോണ്‍വേ 42 പന്തില്‍ 47 റണ്‍സും ടിം റോബിന്‍സണ്‍ 24 പന്തില്‍ 45 റണ്‍സും നേടി. കൂടാതെ, മാര്‍ക്ക് ചാപ്മാന്‍ പുറത്താവാതെ 21 റണ്‍സും രചിന്‍ രവീന്ദ്ര 21 റണ്‍സും സ്‌കോര്‍ ചെയ്തു. ഇതോടെ മത്സരത്തില്‍ ടീം വിജയിച്ചു.
Content Highlight: New Zealand’s Jacob Duffy became second bowler to take 10+ multiple bilateral T20 series after Varun Chakravarthy