| Wednesday, 7th January 2026, 7:14 am

വജ്രായുധവുമായി ബ്ലാക്ക് ക്യാപ്‌സ്; ടി-20 ലോകകപ്പ് സ്‌ക്വാഡ് പുറത്ത് വിട്ട് ന്യൂസിലാന്‍ഡ്

ശ്രീരാഗ് പാറക്കല്‍

2026 ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ടി-20 ലോകകപ്പിനുള്ള സ്‌ക്വാഡ് പുറത്തുവിട്ട് ന്യൂസിലാന്‍ഡ്. മിച്ചല്‍ സാന്റ്‌നറിനെ ക്യാപ്റ്റനാക്കിയാണ് കിവീസ് ഇത്തവണ ലോകകപ്പ് പോരിനിറങ്ങുന്നത്. സൂപ്പര്‍ ബൗളര്‍ ജേക്കബ് ഡഫിയെ ന്യൂസിലാന്‍ഡ് ലോകകപ്പ് ടൂറിന് തെരഞ്ഞെടുത്തിട്ടുണ്ട്. നിലവില്‍ ടി-20 ബൗളിങ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്ത് ഡഫിയാണ്.

മാത്രമല്ല ഒരു കലണ്ടര്‍ ഇയറില്‍ (2025) ന്യൂസിലാന്‍ഡിന് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന താരമെന്ന നേട്ടവും ഡഫി സ്വന്തം പേരിലാക്കിയിരുന്നു. ഇതോടെ ബൗളിങ്ങില്‍ ബ്ലാക്ക് ക്യാപ്‌സിന്റെ വജ്രായുധം ഡഫി തന്നെയാണെന്ന് ഒറ്റനോട്ടത്തില്‍ പറയാം.

ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ആദം മില്‍നെ എന്നിവരും കിവീസിന്റെ പേസ് ഡിപ്പാര്‍ട്ട്മെന്റില്‍ ഇടം നേടി. കൂടാതെ ഏറെ കാലത്തിന് ശേഷം ഇഷ് സോധിയും ലോകകപ്പ് സ്‌ക്വാഡിലെത്തി. ഡെവോണ്‍ കോണ്‍വേ പോലുള്ള പരിചയ സമ്പന്നരായ ബാറ്റര്‍മാരും ടീമിന്റെ ബാറ്റിങ് കരുത്തിലുണ്ട്.

സന്തുലിതമായ ടീമുമായാണ് മുഖ്യ പരിശീലകന്‍ റോബ് വാള്‍ട്ടറിന്റെ ശിക്ഷണത്തില്‍ ന്യൂസിലാന്‍ഡ് ഇറങ്ങുന്നത്.

‘ലോകകപ്പുകള്‍ സവിശേഷമാണ്, കളിക്കാന്‍ ഇന്ത്യയേക്കാള്‍ മികച്ച സ്ഥലങ്ങള്‍ കുറവാണ്, ആധുനിക ക്രിക്കറ്റിന്റെ ഹൃദയമിടിപ്പ് പോലെയാണ് ഇന്ത്യ. എല്ലായ്‌പ്പോഴും ടീമിന്റെ സന്തുലിതാവസ്ഥ നിര്‍ണായകമാണ്.
ബാറ്റിങ്ങില്‍ ഞങ്ങള്‍ക്ക് ഓപ്ഷനുകളുണ്ട്, സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയുന്ന നിലവാരമുള്ള ബൗളര്‍മാരുണ്ട്, കൂടാതെ അല്‍പം വ്യത്യസ്തമായ എന്തെങ്കിലും കൊണ്ടുവരുന്ന അഞ്ച് ഓള്‍റൗണ്ടര്‍മാരുമുണ്ട്,’ വാള്‍ട്ടര്‍ പറഞ്ഞു.

അതേസമയം അഫ്ഗാനിസ്ഥാന്‍, കാനഡ, സൗത്ത് ആഫ്രിക്ക, യു.എ.ഇ എന്നീ ടീമുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഡിയിലാണ് ന്യൂസിലന്‍ഡ്. ഫെബ്രുവരി എട്ടിന് ചെന്നൈയില്‍ അഫ്ഗാനിസ്ഥാനെതിരെയാണ് കിവീസിന്റെ ആദ്യ മത്സരം.

ന്യൂസിലന്‍ഡ് സ്‌ക്വാഡ്

മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), ഫിന്‍ അല്ലന്‍, മൈക്കല്‍ ബ്രേസ്വെല്‍, മാര്‍ക്ക് ചാപ്മാന്‍, ഡെവോണ്‍ കോണ്‍വേ, ജേക്കബ് ഡഫി, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ഡാരില്‍ മിച്ചല്‍, ആദം മില്‍നെ, ജെയിംസ് നീഷം, ഗ്ലെന്‍ ഫിലിപ്‌സ്, രചിന്‍ രവീന്ദ്ര, ടിം സീഫേര്‍ട്ട്, ഇഷ് സോധി

ട്രാവലിങ് റിസര്‍വ്: കൈല്‍ ജാമിസണ്‍

Content Highlight: New Zealand releases squad for 2026 T20 World Cup

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more