| Friday, 10th October 2025, 11:21 pm

ബൗളിങ് കൊണ്ട് ന്യൂസിലാന്‍ഡിനെ വിറപ്പിച്ചു; എന്നിട്ടും 100 റണ്‍സിന് തോറ്റ് ബംഗ്ലാദേശ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി വനിതാ ലോകകപ്പില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ന്യൂസിലാന്‍ഡ്. ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ 100 റണ്‍സിന്റെ വിജയമാണ് കിവികള്‍ സ്വന്തമാക്കിയത്. ബാറ്റിങ്ങില്‍ തുടക്കം പതറിയിട്ടും ന്യൂസിലാന്‍ഡ് വനിതകള്‍ വിജയം കൈപിടിയിലൊതുക്കുകയായിരുന്നു. വിജയത്തോടെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കാനും കിവികള്‍ക്കായി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് തുടക്കം പതറിയിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 38 റണ്‍സ് ചേര്‍ത്തപ്പോഴേക്കും ന്യൂസിലാന്‍ഡിന്റെ മൂന്ന് പേരാണ് കൂടാരം കയറിയത്. എന്നാല്‍ പിന്നീട് ഒന്നിച്ച ക്യാപ്റ്റന്‍ സോഫി ഡിവൈനും ബ്രൂക്ക് ഹാലിഡേയും ചേര്‍ന്ന് ടീമിനെ കരകയറ്റി. ഇരുവരും 112 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തിയാണ് പിരിഞ്ഞത്.

39ാം ഓവറില്‍ 104 പന്തില്‍ 69 റണ്‍സ് എടുത്ത ഹാലിഡേ പുറത്തായതോടെയാണ് ഈ സഖ്യം പിരിഞ്ഞത്. ഏറെ വൈകാതെ ഡിവൈനും തിരികെ നടന്നു. താരം 85 പന്തില്‍ 63 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. പിന്നാലെ വന്നവര്‍ ചെറിയ സ്‌കോറുകള്‍ ചേര്‍ത്ത് മടങ്ങി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ന്യൂസിലാന്‍ഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 229 എന്ന മികച്ച സ്‌കോര്‍ ഉയര്‍ത്തി. ഡിവൈനും ഹാലിഡേയ്ക്കും പുറമെ, നാല് പേര് മാത്രമാണ് മത്സരത്തില്‍ രണ്ടക്കം കടന്നത്.

സൂസി ബെറ്റ്സ് (33 പന്തില്‍ 29), മാഡി ഗ്രീന്‍ (28 പന്തില്‍ 25), ലിയാ തുഹുഹു (നാല് പന്തില്‍ 12*), ഇസി ഗെസ് (13 പന്തില്‍ 12) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.

മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശ് വലിയ ബാറ്റിങ് തകര്‍ച്ച നേരിടുകയായിരുന്നു. 30 റണ്‍സ് ചേര്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്. ഫാത്തിമ ഖാതൂനും റബേയ ഖാതൂണും ടീമിനെ രക്ഷിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. 40ാം ഓവറില്‍ എല്ലാ താരങ്ങളും മടങ്ങിയതോടെ ബംഗ്ലാദേശിന്റെ പോരാട്ടം 100 റണ്‍സ് അകലെ അവസാനിച്ചു.

ബംഗ്ലാദേശിനായി ഫാത്തിമ ഖാതൂന്‍ 80 പന്തില്‍ 34 റണ്‍സ് എടുത്ത് ടീമിന്റെ ടോപ് സ്‌കോററായി. റബേയ ഖാതൂണ്‍ (39 പന്തില്‍ 25), നഹിദ അക്തര്‍ (32 പന്തില്‍ 17) എന്നിവര്‍ മാത്രമാണ് മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്.

Content Highlight: New Zealand registered first win in ICC Women’s World Cup by defeating Bangladesh

We use cookies to give you the best possible experience. Learn more