| Tuesday, 17th February 2026, 2:34 pm

സമ്രയുടെ സെഞ്ച്വറിക്ക് കിവീസിന്റെ ഇരട്ട ഫിഫ്റ്റി മറുപടി; ജയിച്ച് ബ്ലാക്സ് ക്യാപ്‌സിന് മുന്നേറ്റം

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പില്‍ കാനഡയെ തകര്‍ത്ത് ന്യൂസിലാന്‍ഡ്. എം.എ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ടീമിന്റെ വിജയം. ഇതോടെ കിവീസ് സൂപ്പര്‍ 8 ലേക്ക് മുന്നേറി.

ഓപ്പണര്‍ യുവരാജ് സമ്രയുടെ സെഞ്ച്വറി കരുത്തില്‍ കാനഡ ഉയര്‍ത്തിയ 174 റണ്‍സിന്റെ വിജയലക്ഷ്യം കിവീസ് 29 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. രചിന്‍ രവീന്ദ്രയുടെയും ഗ്ലെന്‍ ഫിലിപ്‌സിന്റെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് കിവീസ് വിജയിച്ചത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കാനഡയ്ക്ക് മികച്ച തുടക്കം ലഭിച്ചിരുന്നു. യുവരാജ് സമ്രയും ക്യാപ്റ്റന്‍ ദില്‍പ്രീത് ബജ്വയും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. സ്‌കോര്‍ 116ല്‍ നില്‍ക്കെ 14ാം ഓവറില്‍ ക്യാപ്റ്റന്‍ ബജ്വയെ കെയ്ല്‍ ജാമിസണ്‍ മടക്കി.

യുവരാജ് സമ്ര. Photo: ICC/x.com

കാനഡ ക്യാപ്റ്റന്‍ 39 പന്തില്‍ 36 റണ്‍സെടുത്താണ് തിരികെ നടന്നത്. പിന്നാലെ നവനീത് ദലിവാല്‍ ക്രീസിലെത്തി. താരത്തെ കൂട്ടുപിടിച്ച് സമ്ര ടീമിനെ മുന്നോട്ട് കൊണ്ടുപോയി. 17ാം ഓവറിലെ അവസാന പന്തില്‍ സമ്ര ഫോറടിച്ച് മൂന്നക്കം കടന്നു. നേരിട്ട 52ാം പന്തിലാണ് താരം സെഞ്ച്വറിയടിച്ചത്. ഇതോടെ കാനഡ ഓപ്പണര്‍ ടി – 20 ലോകകപ്പിലെ ഏറ്റവും പ്രായം പറഞ്ഞ സെഞ്ചൂറിയനായി മാറി.

അടുത്ത ഓവറില്‍ വണ്‍ ഡൗണായി ഇറങ്ങിയ ദലിവാല്‍ ഏഴ് പന്തില്‍ പത്ത് റണ്‍സെടുത്ത് തിരികെ കയറി. അടുത്ത ഓവറില്‍ പിന്നാലെത്തിയ നിക്കോളാസ് കിര്‍ട്ടന്‍ തിരികെ നടന്നു. അവസാന ഓവറിലെ രണ്ടാം പന്തില്‍ സമ്ര പുറത്തായി. 65 പന്തില്‍ 110 റണ്‍സെടുത്താണ് താരത്തിന്റെ മടക്കം. ഏറെ വൈകാതെ കാനഡ നാല് വിക്കറ്റിന് 173 റണ്‍സ് എന്ന നിലയില്‍ തങ്ങളുടെ ഇന്നിങ്സ് അവസാനിപ്പിച്ചു.

കിവീസിനായി ജേക്കബ് ഡഫി, മാറ്റ് ഹെന്റി, ജെയിംസ് നീഷം, കെയ്ല്‍ ജാമിസണ്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങില്‍ കിവീസിന് മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ ടിം ഷിഫെര്‍ട്ടിനെ (പത്ത് പന്തില്‍ ആറ്) തിരികെ നടന്നു. സാദ് ബിന്‍ സഫറാണ് താരത്തിനെ പുറത്താക്കിയത്. അതേ സ്‌കോറില്‍ തന്നെ എട്ട് പന്തില്‍ 21 റണ്‍സെടുത്ത് ഫിന്‍ അലന്‍ മടങ്ങി. ഡിലോണ്‍ ഹെലിഗറിനാണ് താരത്തിന്റെ വിക്കറ്റ്.

പിന്നാലെ രചിന്‍ രവീന്ദ്രയും ഗ്ലെന്‍ ഫിലിപ്‌സും ഒത്തുചേര്‍ന്നു. ഇരുവരും സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി. ഇരുവരും ചേര്‍ന്ന് 146 റണ്‍സാണ് ചേര്‍ത്തത്. ഫിലിപ്‌സ് 36 പന്തില്‍ 76 റണ്‍സും രവീന്ദ്ര 39 പന്തില്‍ 59 റണ്‍സും എടുത്ത് പുറത്താവാതെ നിന്നു. ഇതോടെ ടീം 176 റണ്‍സെടുത്ത് വിജയം സ്വന്തമാക്കി.

Content Highlight: New Zealand qualified to super 8 by defeating Canada in T20 World Cup 2026

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more