| Sunday, 2nd November 2025, 8:11 am

വില്യംസണ്‍ അരങ്ങൊഴിയുന്നു; ഫുള്‍ സ്റ്റോപ്പിട്ടത് 14 വര്‍ഷത്തെ ടി - 20 കരിയറിന്

സ്പോര്‍ട്സ് ഡെസ്‌ക്

അന്താരാഷ്ട്ര ടി – 20യില്‍ നിന്ന് വിരമിച്ച് ന്യൂസിലാന്‍ഡ് ഇതിഹാസം കെയ്ന്‍ വില്യംസണ്‍. 14 വര്‍ഷത്തെ അത്യുജ്ജല കരിയറിന് വിരാമമിട്ടാണ് താരത്തിന്റെ പടിയിറക്കം. തനിക്കും ടീമിനും ഇത് ശരിയായ സമയമാണെന്നും ടി – 20 ലോകകപ്പിനായി ടീമിന് വ്യക്തത നല്‍കുമെന്നും പറഞ്ഞാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.

‘ഒരുപാട് കാലം ടീമിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷവാനാണ്. ഇവിടെ നിന്ന് ലഭിച്ച ഓര്‍മകള്‍ക്കും അനുഭവങ്ങള്‍ക്കും ഞാന്‍ നന്ദിയുള്ളവനാണ്. എനിക്കും ടീമിനും ഇതാണ് ശരിയായ സമയം. അടുത്ത പരമ്പരകളിലും ടി – 20 ലോകകപ്പിനും എന്റെ തീരുമാനം ടീമിന് കൂടുതല്‍ വ്യക്തത നല്‍കും.

ന്യൂസിലാന്‍ഡില്‍ ഒരുപാട് ടി – 20 പ്രതിഭകളുണ്ട്. ലോകകപ്പിനായി അവരെ ഒരുക്കിയെടുക്കുന്നതും പ്രധാനമാണ്. മിച്ച് (മിച്ചല്‍ സാന്റ്‌നര്‍) മികച്ച ഒരു ക്യാപ്റ്റനാണ്.

ഈ ഫോര്‍മാറ്റില്‍ ബ്ലാക്ക് ക്യാപ്‌സിനെ മുന്നോട്ട് കൊണ്ടുപോകേണ്ട സമയമാണിത്. ടീമിന് എന്റെ പിന്തുണ എല്ലാ കാലത്തുമുണ്ടാവും,’ കെയ്ന്‍ വില്യംസണ്‍ പറഞ്ഞു.

ടി – 20യില്‍ ന്യൂസിലാന്‍ഡിനായി കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമായാണ് വില്യംസണ്‍ ഈ ഫോര്‍മാറ്റിനോട് വിടപറയുന്നത്. 2011ല്‍ കിവീസിനായി അരങ്ങേറ്റം കുറിച്ച താരം 93 ടി – 20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് 2575 റണ്‍സാണ് 35കാരന്‍ അടിച്ചെടുത്തിട്ടുള്ളത്. കരിയറില്‍ 18 തവണ ഫിഫ്റ്റിയും താരം നേടിയിട്ടുണ്ട്.

കൂടാതെ, ന്യൂസിലാന്‍ഡിന്റെ നായകനുമായിരുന്നു വില്യംസണ്‍. 75 മത്സരങ്ങളിലാണ് താരം ടീമിനായി ക്യാപ്റ്റന്റെ കുപ്പായമണിഞ്ഞത്. 2016ലും 2022ലും കിവീസിനെ ഐ.സി.സി ടി – 20 ലോകകപ്പിന്റെ സെമി ഫൈനലില്‍ എത്തിച്ചിരുന്നു. 2021ല്‍ ഫൈനലിലേക്കും ബ്ലാക്ക് ക്യാപ്‌സിനെ നയിച്ചെങ്കിലും കിരീടത്തിന് അരികില്‍ കാലിടറി വീഴുകയായിരുന്നു.

Content Highlight: New Zealand legend Kane Williamson retires from T20I Cricket

We use cookies to give you the best possible experience. Learn more