| Monday, 19th January 2026, 10:21 pm

എട്ടിലും ഏഴും! ഇത് കിവീസിന്റെ അതിശയ കുതിപ്പ്

ഫസീഹ പി.സി.

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പര സന്ദര്‍ശകര്‍ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇന്‍ഡോറില്‍ നടന്ന ഏകദിനത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ചായിരുന്നു ടീമിന്റെ നേട്ടം. ജയത്തോടെ ഇന്ത്യന്‍ മണ്ണിലെ ആദ്യ ഏകദിന പരമ്പര എന്ന നേട്ടവും കിവീസ് സ്വന്തമാക്കി.

ഇതാകട്ടെ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ പരാജയപ്പെട്ടതിന് ശേഷമാണ് എന്നതാണ് ശ്രദ്ധേയം. വഡോദരയില്‍ മികച്ച പോരാട്ടം നടത്തിയിട്ടും പരാജയപ്പെട്ടെങ്കിലും ബാക്കി രണ്ട് മത്സരങ്ങളില്‍ ജയിച്ച് ഈ കണ്ണീരിന് ആശ്വാസമേകി. അവസാന മത്സരത്തില്‍ ഡാരല്‍ മിച്ചലിന്റെയും ഗ്ലെന്‍ ഫിലിപ്‌സിന്റെയും സെഞ്ച്വറി കരുത്തില്‍ ജയിച്ചാണ് ടീം ചരിത്ര പരമ്പര സ്വന്തമാക്കിയത്.

ന്യൂസിലാൻഡ് ടീം. Photo: BlackCaps/x.com

ഇതോടെ തങ്ങളുടെ അവസാന എട്ട് ഏകദിന പരമ്പരകളില്‍ ഏഴാം വിജയം സ്വന്തമാക്കാന്‍ കിവി പടക്ക് സാധിച്ചു. ഇന്ത്യയെ കൂടാതെ, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്ഥാന്‍, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകളെയും തോല്‍പ്പിച്ച് ബ്ലാക്ക് ക്യാപ്‌സ് പരമ്പര സ്വന്തമാക്കി.

ഒപ്പം പാകിസ്ഥാനും സൗത്ത് ആഫ്രിക്കക്കും എതിരെയുള്ള ത്രിരാഷ്ട്ര പരമ്പരയിലും ടീം വിജയം സ്വന്തമാക്കി. ഇതിനിടയില്‍ 2024ല്‍ ശ്രീലങ്കയെ നേരിട്ടപ്പോള്‍ മാത്രമാണ് ബ്ലാക്ക് ക്യാപ്‌സിന് ഏകദിന പരമ്പര കൈവിടേണ്ടി വന്നത്. അന്ന് മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ ശ്രീലങ്ക 2 – 0നാണ് തോല്‍പ്പിച്ചത്.

ആ പരമ്പര കൈവിട്ടെങ്കിലും ഈ വര്‍ഷം തുടക്കം ലങ്കയെ വീണ്ടും നേരിട്ടപ്പോള്‍ കിവീസ് പരമ്പര തങ്ങളുടെ അക്കൗണ്ടിലെത്തിച്ചു. 2 -1 എന്ന നിലയിലായിരുന്നു ആ പരമ്പരയിലെ ടീമിന്റെ വിജയം.

ന്യൂസിലാൻഡ് ടീം. Photo: Cricket Gully/x.com

ബംഗ്ലാദേശിന് എതിരെയും ഇതേ നിലയില്‍ പരമ്പര ബ്ലാക്ക് ക്യാപ്‌സ് നേടിയെടുത്തു. ഇപ്പോള്‍ ഇന്ത്യയ്ക്ക് എതിരെയും ഇതേ സ്‌കോറില്‍ തന്നെയാണ് കിവിപടയുടെ പരമ്പര നേട്ടം. ഇവര്‍ക്ക് പിന്നാലെ എതിരാളികളായെത്തിയ പാകിസ്ഥാന്‍, ഇംഗ്ലണ്ട്. വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്ക് എതിരെയുള്ള പരമ്പര തൂത്തുവാരി.

ഈ ടീമുകള്‍ക്ക് എതിരെ കളിച്ച പരമ്പരകളില്‍ മൂന്ന് മത്സരങ്ങള്‍ വീതമുണ്ടായിരുന്നത്. അതില്‍ ഒരു ഏകദിനത്തില്‍ പോലും എതിരാളികള്‍ അവസരം നല്‍ക്കാതെയായിരുന്നു ന്യൂസിലാന്‍ഡ് പരമ്പര സ്വന്തമാക്കിയത്. ത്രിരാഷ്ട്ര പരമ്പരയില്‍ ഫൈനലടക്കം മൂന്ന് മത്സരങ്ങളില്‍ ജയിച്ചും താരം സീരീസ് നേടിയെടുത്തത്.

Content Highlight: New Zealand have won 7 out of 8 ODI series they last played

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more