ക്രൈസ്റ്റ്ചര്‍ച്ച്: കേസ് നടത്താന്‍ അഭിഭാഷകനെ വേണ്ടെന്ന് ന്യൂസിലാന്‍ഡില്‍ രണ്ട് പള്ളികളില്‍ വെടിവെയ്പ് നടത്തി 50 പേരെ വെടിവെച്ച് കൊന്ന പ്രതി ബ്രെന്റണ്‍ ടാരന്റ്. ശനിയാഴ്ച ടാരന്റിന് വേണ്ടി ഹാജരായ ഡ്യൂട്ടി ലോയര്‍ റിച്ചാര്‍ഡ് പീറ്റേഴ്‌സാണ് ഇക്കാര്യം അറിയിച്ചത്. കേസ് സ്വയം വാദിച്ചോളാമെന്ന് ടാരന്റ് പറഞ്ഞതായി റിച്ചാര്‍ഡ് പറഞ്ഞു.
വിചാരണ കോടതി ബ്രെന്റണ്‍ തന്റെ ആശയപ്രചരണത്തിനുള്ള വേദിയാക്കാന്‍ സാധ്യതയുണ്ടെന്നും ജഡ്ജിയാണ് ഇക്കാര്യം പരിശോധിക്കേണ്ടതെന്നും റിച്ചാര്‍ഡ് പീറ്റേഴ്‌സണ്‍ പറഞ്ഞു. കൂട്ടക്കൊലയില്‍ പ്രതി യാതൊരു തരത്തിലുള്ള ഖേദപ്രകടനവും നടത്തിയിട്ടില്ലെന്നും പീറ്റേഴ്‌സണ്‍ പറഞ്ഞു.
കൊലപതാക കുറ്റമാണ് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ബ്രെന്റണ്‍ ടാരന്റിനെതിരെ ചുമത്തിയത്. ഏപ്രില്‍ അഞ്ചിന് വീണ്ടും ഹാജരാക്കുമ്പോള്‍ കൂടുതല്‍ കുറ്റങ്ങള്‍ പ്രതിയ്‌ക്കെതിരെ ചുമത്തിയേക്കും.
ഭീകരവാദപ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത രാജ്യമായ ന്യൂസിലാന്‍ഡില്‍ 2017ല്‍ (അവസാനം പുറത്തു വിട്ട കണക്കുകള്‍) 35 കൊലപാതക കേസുകളാണുണ്ടായിരുന്നത്. വെള്ളിയാഴ്ച കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആണ്. ഗുരുതരാവസ്ഥയില്‍ കഴിയുന്ന 4 വയസുകാരിയടക്കം 40 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ തോക്ക് കൈവശം വെക്കുന്നതിനുള്ള നിയമം മാറ്റുമെന്ന് പ്രധാനമന്ത്രി ജെസിന്‍ഡ ആര്‍ഡേണ്‍ പറഞ്ഞിരുന്നു. അമേരിക്കയില്‍ വിവിധ കൂട്ടക്കൊലകള്‍ക്ക് ഉപയോഗിച്ച ar-15 എന്ന സെമി ഓട്ടോമാറ്റിക് വിഭാഗത്തില്‍പ്പെട്ട തോക്കിന്റെ ലൈസന്‍സാണ് ക്രൈസ്റ്റ്ചര്‍ച്ച് ഭീകരവാദിയ്ക്ക് ന്യൂസിലാന്‍ഡില്‍ ഉണ്ടായിരുന്നത്.