2026 ടി – 20 ലോകകപ്പില്‍ ശ്രീലങ്കയെ തകര്‍ത്ത് ന്യൂസിലാന്‍ഡ്. ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 61 റണ്‍സിനാണ് ടീമിന്റെ വിജയം. ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറുടെയും രചിന്‍ രവീന്ദ്രയുടെയും കരുത്തിലായിരുന്നു കിവീസ് വിജയം സ്വന്തമാക്കിയത്.
കിവീസ് ഉയര്‍ത്തിയ 169 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കന്‍ ടീമിന് 107 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. അതോടെ ആതിഥേയര്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കിവീസിന് പവര്‍പ്ലേയില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. 13 പന്തില്‍ 23 റണ്‍സെടുത്ത ഫിന്‍ അലനും ഒമ്പത് പന്തില്‍ എട്ട് റണ്‍സെടുത്ത ടിം ഷി ഫെര്‍ട്ടിനെയുമാണ് നഷ്ടമായത്. പിന്നാലെ രചിന്‍ രവീന്ദ്രയും ഗ്ലെന്‍ ഫിലിപ്‌സും ഒന്നിച്ചു. എന്നാല്‍ ഏറെ വൈകാതെ ഇരുവരും മടങ്ങി.
ആദ്യം ഫിലിപ്‌സ് 18 റണ്‍സുമായും പിന്നീട് രചിന്‍ രവീന്ദ്ര 22 പന്തില്‍ 32 റണ്‍സുമായും തിരികെ നടന്നു. അടുത്ത പന്തില്‍ മാര്‍ക്ക് ചാപ്മാന്‍ നേരിട്ട രണ്ടാം പന്തില്‍ തന്നെ പുറത്തായി. അടുത്ത ഓവറിലെ ആദ്യ പന്തില്‍ ഡാരില്‍ മിച്ചലും കൂടാരം കയറി. അതോടെ കിവില്‍ ആറ് വിക്കറ്റിന് 84 എന്ന നിലയിലേക്ക് കൂപ്പുകുത്തി.
അതോടെ ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറും കോള്‍ മക്കോഞ്ചിയും ഒന്നിച്ചു. ഇരുവരും ചേര്‍ന്ന് 84 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി ടീമിനെ കരകയറ്റുകയായിരുന്നു. ഇന്നിങ്‌സിലെ അവസാന പന്തില്‍ സാന്റ്‌നര്‍ 26 പന്തില്‍ 47 റണ്‍സും ചേര്‍ത്ത് തിരികെ നടന്നു. മക്കോഞ്ചി 23 പന്തില്‍ പുറത്താവാതെ 31 റണ്‍സെടുത്തു. അതോടെ ടീം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് എന്ന നിലയിലെത്തി.
ശ്രീലങ്കക്കായി മഹീഷ് തീക്ഷ്ണയും ദുഷ്മന്ത ചമീരയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഒപ്പം ദുനിത് വെല്ലാലഗെ ഒരു വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങില്‍ ലങ്കയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 29 റണ്‍സ് ചേര്‍ത്തപ്പോഴേക്കും നാല് പേരാണ് തിരികെ നടന്നത്. രചിനും മാറ്റ് ഹെന്റിയും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തിയാണ് ലങ്കയെ വട്ടം കറക്കിയത്.
പിന്നാലെ, കാമിന്ദു മെന്‍ഡിസും ദഷുന്‍ ശനകയും ചേര്‍ന്നു. ഇരുവരും ചേര്‍ത്തുനില്‍പ്പ് നടത്താന്‍ ശ്രമിച്ചെങ്കിലും ശനക ഉടനെ തന്നെ മടങ്ങി. ഏറെ വൈകാതെ ഏഴാനമായി ബാറ്റിങ്ങിനെത്തിയ ദുഷന്‍ ഹേമന്തയും പുറത്തായി.
അതോടെ ദു നിത് വെല്ലാലഗെ ബാറ്റിങ്ങിനെത്തി. മെന്‍ഡിസും വെല്ലാലഗെയും ചേര്‍ന്ന് മുന്നോട്ട് കൊണ്ടുപോയി. എന്നാല്‍, ഈ കൂട്ടുകെട്ടിനും വലിയ ആയുസുണ്ടായിരുന്നില്ല. മെന്‍ഡിസ് 23 പന്തില്‍ 31 റണ്‍സുമായി തിരികെ നടന്നു.
അപ്പോഴും ക്രീസില്‍ തുടര്‍ന്ന വെല്ലാലഗെ പിന്നാലെത്തിയ ദുഷ്മന്ത ചമീരയെ കൂട്ടുപിടിച്ച് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമം നടത്തി. സ്‌കോര്‍ 105ല്‍ നില്‍ക്കെ വെല്ലാലഗെ 23 പന്തില്‍ 29 റണ്‍സുമായി പുറത്തായി. ഇതിലേക്ക് രണ്ട് റണ്‍സ് ചേര്‍ത്ത് ലങ്ക തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചു.
കിവീസിനായി രചിന്‍ നാല് വിക്കറ്റുകളും മാറ്റ് ഹെന്റി രണ്ട് വിക്കറ്റുകളും വീഴ്ത്തി. സാന്റ്‌നറും ഗ്ലെന്‍ ഫിലിപ്‌സും ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.
Content Highlight: New Zealand defeated Sri Lanka in T20 World Cup 2026; co – hosts eliminated from the tournament