| Friday, 22nd March 2019, 12:54 pm

''സലാം സമാധാനം'' ; മുസ്‌ലീം സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ന്യൂസിലന്‍ഡിലെ പത്രങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വെല്ലിങ്ടണ്‍: ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്‌ലീം പള്ളികളിലുണ്ടായ ഭീകരാക്രമണം നടന്ന് ഒരാഴ്ച പിന്നിടുന്ന മാര്‍ച്ച് 22 ന് രാജ്യത്തെ മുസ്‌ലീം സഹോദരങ്ങള്‍ക്ക് പിന്തുണയുമായി ന്യൂസിലന്‍ഡിലെ പത്രങ്ങള്‍. ഞങ്ങള്‍ ഒപ്പമുണ്ടെന്ന സന്ദേശം വിളിച്ചോതിയാണ് ന്യൂസിലന്‍ഡിലെ പ്രധാനപത്രങ്ങളെല്ലാം പുറത്തിറങ്ങിയത്. പത്രത്തിന്റെ ആദ്യപേജ് മുഴുവന്‍ ഇതിന് വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്.

ന്യൂസിലന്‍ഡിലെ “ദ പ്രസ്” എന്ന പത്രത്തിന്റെ മുന്‍ പേജില്‍ “സലാം, സമാധാനം” എന്നാണ് കുറിച്ചിരിക്കുന്നത്. ഇതിന് താഴെ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ പേരും എഴുതിയിട്ടുണ്ട്.

എ കോള്‍ ടു പ്രെയര്‍ എന്നെഴുതിയാണ് ന്യൂസിലന്‍ഡ് ഹെറാള്‍ഡ് ഇന്ന് ഒന്നാം പേജ് പുറത്തിറക്കിയത്. ഒരു നഗരം ഒന്നിച്ചു എന്ന വാര്‍ത്തയ്‌ക്കൊപ്പം മുസ്‌ലീം സഹോദരങ്ങളുടെ ചിത്രവും സമാധാന ആഹ്വാനത്തിന്റെ ചിത്രങ്ങളും മാത്രമാണ് ഒട്ടാഗോ ഡെയ്ലി ഒന്നാം പേജില്‍ നല്‍കിയിരിക്കുന്നത്.

1: 32 PM ഇന്ന് ഞങ്ങളോര്‍ക്കുന്നു എന്നു പറഞ്ഞ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ പേരും ആക്രമണമുണ്ടായ സമയവും മാത്രമാണ് ദ ഡൊമീനിയന്‍ പോസ്റ്റ് എന്ന പത്രത്തിന്റെ ഒന്നാം പേജില്‍ നല്‍കിയത്.

പത്രങ്ങളോടൊപ്പം തന്നെ ന്യൂസിലന്‍ഡിലെ വിവിധ മാഗസിനുകളും ഭീകരാക്രണത്തിനിരയായവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തന്നെയാണ് പതിപ്പുകള്‍ ഇറക്കിയത്.

ഭൂമിയില്‍ നിന്ന് ആകാശത്തിലെ അമ്പത് നക്ഷത്രങ്ങളെ നോക്കുന്ന മൂന്നു കുഞ്ഞുങ്ങളുടെ ചിത്രമാണ് ടൈം കവര്‍ പേജായി നല്‍കിയത്. “തനിച്ചല്ല” എന്ന കുറിപ്പോടെ കൈ ചേര്‍ത്ത് പിടിക്കുന്ന ചിത്രമാണ് ന്യൂസിലന്‍ഡ് സിലണര്‍ മാഗസിന്റെ കവര്‍ ചിത്രം.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലോകത്തെ ഞെട്ടിച്ച ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണം നടന്നത്. രണ്ടു മുസ്ലിം പള്ളികളിലായി 49 നിരപരാധികളുടെ ജീവനെടുക്കുന്നതിന് മുമ്പ് ബ്രെണ്ടന്‍ ടെറന്റ് ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഡിലീറ്റ് ചെയ്യപ്പെട്ട തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ മെഷീന്‍ ഗണ്ണുകളുടെ ചിത്രങ്ങളും, തന്റെ പ്രവൃത്തികളെ നീതീകരിക്കുന്ന മാനിഫെസ്റ്റോയും ഇയാള്‍ നേരത്തെ പങ്കു വെച്ചിരുന്നു.

74 പേജുകളുള്ള മാനിഫെസ്റ്റോ കുടിയേറ്റ, ഇസ്ലാം വിരുദ്ധതയെ പറ്റിയാണ് പറയുന്നത്. മുസ്‌ലീങ്ങള്‍ക്കിടയില്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെയും, ഇസ്ലാം മത വിശ്വാസികള്‍ക്കെതിരെ നടത്തേണ്ട ആക്രമണങ്ങളെ പറ്റിയും ഇയാള്‍ തന്റെ മാനിഫെസ്റ്റോയില്‍ വാചാലനാകുന്നുണ്ടായിരുന്നു.

ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി രാജ്യത്ത് ഇന്ന് രണ്ടുമിനിറ്റ് പ്രാര്‍ത്ഥന നടത്തിയിരുന്നു. പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള ആളുകളാണ് എത്തിച്ചേര്‍ന്നത്.

നേരത്തെ പ്രധാനമന്ത്രി ജസീന്ത പറഞ്ഞത് പ്രകാരം ന്യൂസിലന്‍ഡ് ടി, വി, റേഡിയോ എന്നിവ വഴി ബാങ്ക് ബ്രോഡ്കാസ്റ്റ് ചെയ്തു. രണ്ടു മിനിറ്റ് മൗനപ്രാര്‍ഥനയും നടത്തി. കഴിഞ്ഞ വെള്ളിയാഴ്ച ആക്രമണം നടന്ന ഏതാണ്ട് അതേ സമയത്തു തന്നെയായിരുന്നു പ്രാര്‍ത്ഥന നടന്നത്.

ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ ആരോപണ വിധേയനായ വ്യക്തിയെ “പേരില്ലാത്തവന്‍” ആയി കണക്കാക്കുമെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഭീകരാക്രമണത്തില്‍ മരണപ്പെട്ട ഇരകളുടെ പേരാണ് ലോകം വിളിച്ചുപറയേണ്ടതെന്നും അക്രമിയുടെ പേരല്ലെന്നും ജസിണ്ട പറഞ്ഞിരുന്നു.

അറബ് ആശംസാവചനമായ “അസ്സലാമു അലൈക്കും” എന്ന അഭിസംബോധനയോടെയായിരുന്നു ജസിണ്ട പ്രസംഗം ആരംഭിച്ചത്. നേരത്തെ ഹിജാബ് ധരിച്ച് ജസിണ്ട കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ചതും വലിയ വാര്‍ത്തയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more