| Thursday, 24th September 2026, 11:46 am

വേഗതയും ബൗണ്‍സുമുള്ള വിക്കറ്റുകളില്‍ അവനെ കാണാന്‍ ഞാനാഗ്രഹിക്കുന്നു; വൈഭവിനെ വെല്ലുവിളിച്ച് ന്യൂസിലന്‍ഡ് കോച്ച്

ആദർശ് എം.കെ.

വരാനിരിക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ടി-20 പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ യുവതാരം വൈഭവ് സൂര്യവംശിയെക്കുറിച്ച് പ്രതികരണവുമായി ന്യൂസിലന്‍ഡ് ഹെഡ് കോച്ച് റോബ് വാള്‍ട്ടര്‍.

ന്യൂസിലന്‍ഡിലെ വേഗതയും ബൗണ്‍സുമുള്ള പിച്ചുകളില്‍ താരം എങ്ങനെ തിളങ്ങുമെന്ന് കാണാന്‍ താന്‍ കാത്തിരിക്കുകയാണെന്ന് വാള്‍ട്ടര്‍ പറഞ്ഞു.

ഐ.പി.എല്‍ 2026ല്‍ 237ലധികം സ്‌ട്രൈക്ക് റേറ്റില്‍ 776 റണ്‍സ് നേടി ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയതിന് പിന്നാലെയാണ് താരം അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടി-20 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

വൈഭവ് സൂര്യവംശി. Photo: Rajasthan Royals/x.com

ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റ പരമ്പരയില്‍ ജോഫ്ര ആര്‍ച്ചറുടെ പേസിനുമുന്നില്‍ പതറിയ താരം (മൂന്ന് ഇന്നിങ്‌സുകളില്‍ നിന്ന് 14 ശരാശരിയില്‍ 42 റണ്‍സ് മാത്രം), പിന്നീട് സിംബാബ്‌വേ പരമ്പരയില്‍ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടി തിരിച്ചുവന്നിരുന്നു.

‘അതെ, വേഗതയും ബൗണ്‍സുമുള്ള വിക്കറ്റുകളില്‍ അദ്ദേഹത്തെ കാണാനും അത് എത്രത്തോളം വ്യത്യസ്തമാണെന്ന് നോക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ അദ്ദേഹം തികച്ചും ആവേശകരമായ പ്രകടനം കാഴ്ചവെക്കുന്ന താരമാണ്.

ഐ.പി.എല്ലില്‍ ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാര്‍ക്കെതിരെ അദ്ദേഹം ആധിപത്യം പുലര്‍ത്തുന്നത് നിങ്ങള്‍ കണ്ടതാണ്. വ്യത്യസ്ത സാഹചര്യങ്ങളില്‍ അതേ പ്രകടനം എങ്ങനെ ആവര്‍ത്തിക്കാനാകുമെന്ന് കാണുകയും, ഞങ്ങളുടെ സാഹചര്യങ്ങളില്‍ അദ്ദേഹത്തിനെതിരെ എങ്ങനെ പന്തെറിയാമെന്ന് നോക്കുകയും ചെയ്യുക എന്നതാണ് പ്രധാന വെല്ലുവിളി.

വൈഭവ് സൂര്യവംശി. Photo: BCCI/x.com

ഒരു കോച്ച് എന്ന നിലയില്‍, നിങ്ങളുടെ കളിക്കാര്‍ കുറച്ചെങ്കിലും സമ്മര്‍ദത്തിലാകുന്നതും അതിനോട് അവര്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നും കാണാന്‍ നിങ്ങള്‍ എപ്പോഴും ആഗ്രഹിക്കും.

അഹമ്മദാബാദില്‍ നടന്ന 2026 ടി-20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയോട് 96 റണ്‍സിന് പരാജയപ്പെട്ടെങ്കിലും, വരാനിരിക്കുന്ന പരമ്പരയില്‍ ‘പ്രതികാരം’ ചെയ്യുക എന്നതല്ല തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് റോബ് വാള്‍ട്ടര്‍ വ്യക്തമാക്കി.

‘ഫൈനലില്‍ തോല്‍ക്കാന്‍ ആരും ഇഷ്ടപ്പെടുന്നില്ല. ഞാന്‍ അത് രണ്ടുതവണ അനുഭവിച്ചതാണ്, അതിനാല്‍ അതിനെക്കുറിച്ച് എനിക്ക് നന്നായി അറിയാം. എന്നാല്‍ ബ്ലാക്ക് ക്യാപ്‌സിനെ നന്നായി പ്രതിനിധീകരിക്കുക എന്നതിനാണ് പ്രഥമ പരിഗണന.

അതിനായി എപ്പോഴും ശ്രമിക്കുന്ന കളിക്കാര്‍ ഞങ്ങള്‍ക്കുണ്ട്. തീര്‍ച്ചയായും സ്വന്തം നാട്ടില്‍ ചില വിജയങ്ങള്‍ നേടാന്‍ കഴിഞ്ഞാല്‍ അത് വളരെ മികച്ചതായിരിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഹമ്മദാബാദിലെ ടി20 ലോകകപ്പ് ഫൈനലിലെ തോല്‍വി ഉള്‍പ്പെടെ, ഇന്ത്യയ്‌ക്കെതിരായ അവസാന എട്ട് ടി-20 മത്സരങ്ങളില്‍ ഏഴെണ്ണത്തിലും ന്യൂസിലന്‍ഡ് പരാജയപ്പെട്ടിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ ഇന്ത്യ-ന്യൂസിലന്‍ഡ് ടി-20 പരമ്പര ഒക്ടോബര്‍ 22നാണ് ആരംഭിക്കുന്നത്.

Content highlight: New Zealand coach Rob Walter about Vaibhav Sooryavanshi

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more