| Wednesday, 21st October 2026, 3:18 pm

അവനെ തടയാന്‍ എതിരാളികള്‍ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട്; ഇന്ത്യന്‍ സൂപ്പര്‍ താരത്തെക്കുറിച്ച് മിച്ചല്‍ സാന്റ്‌നര്‍

ശ്രീരാഗ് പാറക്കല്‍

ഇന്ത്യ-ന്യൂസിലാന്‍ഡ് ഓള്‍ ഫോര്‍മാറ്റ് പരമ്പരയ്ക്ക് കളമൊരുങ്ങുകയാണ്. അഞ്ച് ടി-20യും അഞ്ച് ഏകദിനവും രണ്ട് ടെസ്റ്റുമാണ് ഇന്ത്യ ന്യൂസിലാന്‍ഡിലെത്തി കളിക്കുക. ഒക്ടോബര്‍ 22നാണ് ടി-20 പരമ്പരക്ക് തുടക്കമാവുന്നത്. പരമ്പരയ്ക്ക് മുന്നോടിയായുള്ള വാര്ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ യുവ താരം വൈഭവ് സൂര്യവംശിയെക്കുറിച്ച് കിവീസ് ക്യാപ്റ്റന്‍ സംസാരിച്ചിരുന്നു.

വൈഭവ് എത്രത്തോളം മികച്ച താരമാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും വൈഭവിനെ തടയാന്‍ എതിരാളികള്‍ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ പരമ്പരയില്‍ വൈഭവ് കളിക്കുകയാണെങ്കില്‍ താരത്തെ നേരിടാന്‍ തങ്ങള്‍ ചില തന്ത്രങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും സാന്റ്‌നര്‍ കൂട്ടിച്ചേര്‍.

‘വെസ്റ്റ് ഇന്‍ഡീസിനെതിരായ കഴിഞ്ഞ പരമ്പരയില്‍ വൈഭവ് സൂര്യവംശി കളിച്ചിരുന്നില്ല. എന്നാല്‍ ഐ.പി.എല്ലില്‍ അവന്‍ എത്രത്തോളം മികച്ച താരമാണെന്ന് നമുക്കറിയാം. അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അതുപോലെ, ഭാവിയില്‍ ഇന്ത്യന്‍ ടീമിനായി വൈഭവിനും വലിയൊരു പങ്ക് വഹിക്കാനുണ്ട്. ഈ പരമ്പരയില്‍ കളിച്ചാലും ഇല്ലെങ്കിലും, ഭാവിയില്‍ അവന് നിര്‍ണായകമായ ഉത്തരവാദിത്തങ്ങള്‍ ഉണ്ടാകും.

വൈഭവ് സൂര്യവംശി. Photo: BCCI/x.com

ഈ പരമ്പരയില്‍ കളിക്കാന്‍ അവസരം ലഭിച്ചാല്‍, അവന് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് നമ്മള്‍ ഇതിനകം കണ്ടതാണ്. അവനെ തടയാന്‍ എതിരാളികള്‍ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട്. ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കെതിരെ എതിരാളികള്‍ ഷോര്‍ട്ട് പന്തുകളും വേഗമേറിയ പന്തുകളും ഉപയോഗിച്ച് ആക്രമിക്കുന്നതും നമ്മള്‍ കണ്ടതാണ്.

ഐ.പി.എല്ലില്‍ വൈഭവ് എത്രത്തോളം ആക്രമണോത്സുകമായി ബാറ്റ് ചെയ്യുമെന്ന് നമുക്കറിയാം. അതിനാല്‍, ഈ പരമ്പരയില്‍ അവന്‍ കളിക്കുകയാണെങ്കില്‍, അവനെ നേരിടാന്‍ ഞങ്ങള്‍ ചില തന്ത്രങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്,’ സാന്റ്‌നര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഐ.പി.എല്ലിലെ മിന്നും പ്രകടനത്തിന് പിന്നാലെ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ നേടിയ വൈഭവ് ജൂലൈയില്‍ നടന്ന ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയിലായിരുന്നു ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചിരുന്നത്. പിന്നീട് സിംബാബ്വെക്കെതിരെയുള്ള ടി-20 പരമ്പരയിലെ പ്ലെയര്‍ ഓഫ് ദി സീരീസ് അവാര്‍ഡ് കൈപ്പിടിയിലാക്കിയതും 15കാരന്‍ ആയിരുന്നു.

വൈഭവ് സൂര്യവംശി. Photo: The Cricket Panda/x.com

സിംബാബ്വേക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയില്‍ രണ്ട് അര്‍ധ സെഞ്ച്വറി അടക്കം 151 റണ്‍സാണ് വൈഭവിന്റെ ബാറ്റില്‍ നിന്നും പിറന്നത്. എന്നാല്‍ പിന്നീട് താരത്തിന് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചിട്ടില്ല. വിന്‍ഡീസിനെതിരായ പരമ്പരയില്‍ സ്‌ക്വാഡിലുണ്ടായിരുന്നെങ്കിലും താരത്തിന് കളത്തിലിറങ്ങാന്‍ കഴിഞ്ഞില്ല. നിലവിലെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ മികച്ച പ്രകടനം നടത്തുന്നതിനാല്‍ വൈഭവ് ഇനിയും കാത്തിരിക്കേണ്ടി വരും.

അതേസമയം വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പര സമനിലയില്‍ പിരിഞ്ഞതിന് ശേഷമാണ് ശ്രേയസ് അയ്യരും സംഘവും കിവീസ് പരമ്പരക്ക് ഒരുങ്ങുന്നത്. ബെംഗളൂരുവില്‍ നടന്ന അവസാന മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് പരമ്പര സമനിലയില്‍ അവസാനിച്ചത്. ന്യൂസിലാന്‍ഡില്‍ ശ്രേയസ് അയ്യരും സംഘവും മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ന്യൂസിലാന്‍ഡിനെതിരായ ഇന്ത്യന്‍ ടി-20 സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വൈഭവ് സൂര്യവംശി, തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അക്‌സര്‍ പട്ടേല്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, നമന്‍ ധിര്‍, മായങ്ക് യാദവ്, പ്രിന്‍സ് യാദവ്, അര്‍ഷ്ദീപ് സിങ്, ഭുവനേശ്വര്‍ കുമാര്‍, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്.

Content Highlight: New Zealand Captain Mitchell Santner Talking About Indian Young Player Vaibhav Sooryavanshi

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more