ന്യൂസിലാന്‍ഡ് ക്യാപ്റ്റനും സൂപ്പര്‍ ഓള്‍ റൗണ്ടറുമായ മിച്ചല്‍ സാന്റ്‌നര്‍ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ചേര്‍ന്നു. രണ്ട് കോടി രൂപയ്ക്ക് മുംബൈ ടീമില്‍ നിലനിര്‍ത്തിയ താരമാണ് സാന്റ്‌നര്‍. താരത്തിന്റെ വരവോടെ ടീമിന്റെ സ്പിന്‍ ബൗളിങ് ഡിപ്പാര്‍ട്‌മെന്റ് കൂടുതല്‍ ശക്തമാകും.
ഇടംകൈയ്യന്‍ സ്പിന്‍ ഓള്‍റൗണ്ടറായ മിച്ചല്‍ ഐ.പി.എല്ലില്‍ ഇതുവരെ 31 മത്സരങ്ങളിലെ 19 ഇന്നിങ്‌സില്‍ നിന്ന് 110 റണ്‍സാണ് നേടിയത്. ബൗളിങ്ങില്‍ 25 വിക്കറ്റുകളാണ് താരത്തിനുള്ളത്. ടി-20യില്‍ കിവീസിനായി 138 മത്സരങ്ങളില്‍ 142 വിക്കറ്റുകള്‍ നേടിയ മിച്ചല്‍ ബാറ്റിങ്ങില്‍ 1108 റണ്‍സും അക്കൗണ്ടിലാത്തിയിട്ടുണ്ട്.
അതേസമയം തങ്ങളുടെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. മുബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ടീമിന്റെ വിജയം.
കൊല്‍ക്കത്ത ഉയര്‍ത്തിയ 221 റണ്‍സിന്റെ വിജയലക്ഷ്യം മുംബൈ അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഓപ്പണര്‍മാരായ റയാന്‍ റിക്കില്‍ട്ടണിന്റെയും രോഹിത് ശര്‍മയുടെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ടീം വിജയിച്ചത്.
ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മുംബൈയുടെ അടുത്ത മത്സരം. അടുത്ത മത്സരത്തില്‍ മുംബൈക്ക് വേണ്ടി സാന്റ്‌നര്‍ കളിക്കുമെന്നാണ് പ്രതീക്ഷ.
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ സാന്റ്‌നര്‍ അടുത്തിടെ സമാപിച്ച ടി-20 ലോകകപ്പില്‍ 6.60 എന്ന എക്കോണമിയില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തുകയും 142.85 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 120 റണ്‍സ് നേടുകയും ചെയ്തു, ന്യൂസിലന്‍ഡിനെ ടൂര്‍ണമെന്റിന്റെ ഫൈനലിലേക്ക് നയിച്ചു.