2026 ടി – 20 ലോകകപ്പില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ന്യൂസിലാന്‍ഡ്. ചെന്നൈയില്‍ നടന്ന മത്സരത്തില്‍ യു.എ.ഇയ്ക്ക് എതിരെ പത്ത് വിക്കറ്റിനാണ് ടീമിന്റെ വിജയം. ഇതോടെ ടൂര്‍ണമെന്റില്‍ രണ്ടാം വിജയം സ്വന്തമാക്കാനും ടീമിന് സാധിച്ചു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ 174 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി. ഇത് പിന്തുടര്‍ന്ന കിവികള്‍ വിക്കറ്റുകള്‍ ഒന്നും നഷ്ടപ്പെടാതെ ലക്ഷ്യം മറികടക്കുകയായിരുന്നു. 28 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ടീമിന്റെ വിജയം.
ഈ തകര്‍പ്പന്‍ വിജയത്തോടെ ഒരു എലീറ്റ് ലിസ്റ്റിലാണ് കിവികള്‍ ഇടം നേടിയത്. ലോകകപ്പ് ചരിത്രത്തില്‍ പത്ത് വിക്കറ്റ് വിജയം നേടുന്ന ടീമുകള്‍ക്കൊപ്പമാണ് കിവികളും തങ്ങളുടെ പേര് എഴുതി ചേര്‍ത്തത്. ഈ വിജയത്തോടെ ഏഴാമത്തെ ടീമായിരിക്കുകയാണ് കിവികള്‍.
ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക, ഒമാന്‍, പാകിസ്ഥാന്‍, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് ലോകകപ്പ് ചരിത്രത്തില്‍ 10 വിക്കറ്റ് വിജയം നേടിയ ടീമുകള്‍. ഇതില്‍ ഇംഗ്ലണ്ട് മാത്രമാണ് രണ്ട് തവണ വിക്കറ്റ് നഷ്ടമില്ലാതെ വിജയം നേടിയെടുത്തത്.
(വര്‍ഷം – ടീം – എതിരാളി – ടാര്‍ഗറ്റ് എന്നീ ക്രമത്തില്‍)
2007 – ഓസ്‌ട്രേലിയ – ശ്രീലങ്ക – 102
2012 – സൗത്ത് ആഫ്രിക്ക – സിംബാബ്‌വെ – 94
2021 – ഒമാന്‍ – പാപുവ ന്യൂ ഗിനിയ – 130
2021 – പാകിസ്ഥാന്‍ – ഇന്ത്യ – 152
2022 – ഇംഗ്ലണ്ട് – ഇന്ത്യ – 169
2024 – ഇംഗ്ലണ്ട് – യു.എസ്.എ – 116
2026 – ന്യൂസിലാന്‍ഡ് – യു.എ.ഇ – 174
കിവീസിനായി ഓപ്പണര്‍മാരായ ടിം സീഫെര്‍ട്ടും ഫൈന്‍ അലനും അര്‍ധ സെഞ്ച്വറി നേടി. സീഫെര്‍ട്ട് 42 പന്തില്‍ 89 റണ്‍സും അലന്‍ 50 പന്തില്‍ 84 റണ്‍സും നേടി പുറത്താവാതെ നിന്നു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത യു.എ.ഇക്കായി ക്യാപ്റ്റന്‍ മുഹമ്മദ് വസീമും മലയാളി അലിഷാന്‍ ഷറഫുവും തിളങ്ങി. വസീം 45 പന്തില്‍ പുറത്താവാതെ 66 റണ്‍സെടുത്തപ്പോള്‍ ഷറഫു 47 പന്തില്‍ 55 റണ്‍സും സ്‌കോര്‍ ചെയ്തു. ഇവര്‍ക്കൊപ്പം 13 പന്തില്‍ 21 റണ്‍സുമായി മായങ്ക് കുമാറും ചേര്‍ന്നു.
കിവീസിനായി മാറ്റ് ഹെന്റി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മിച്ചല്‍ സാന്റ്‌നര്‍, ജേക്കബ് ഡഫി, ലോക്കി ഫെര്‍ഗുസണ്‍, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.
Content Highlight: New Zealand became seventh team to bag 10 wicket win in T20 World Cup