| Sunday, 18th January 2026, 6:02 pm

ജീവനക്കാരുടെ പെൻഷൻ പണം ഇസ്രഈൽ ​ബോണ്ടുകളിൽ നിക്ഷേപിക്കാനുള്ള നീക്കം; ന്യൂയോർക്കിൽ രാഷ്ട്രീയപ്പോര്

യെലന കെ.വി

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയിലെ ജീവനക്കാരുടെ പെൻഷൻ പണം ഇസ്രഈൽ ​ബോണ്ടുകളിൽ നിക്ഷേപിക്കാനുള്ള നീക്കം വിവാദമാകുന്നു. ഗസയിൽ യുദ്ധം നടക്കുന്ന സമയത്ത് ഇസ്രഈലിന് സാമ്പത്തിക സഹായം നൽകുന്നതിനെ ന്യൂയോർക്ക് സിറ്റിയുടെ പുതിയ മേയർ സൊഹ്റാൻ മാംദാനി എതിർത്തതിനെ തുടർന്നാണ് വിവാദമുണ്ടായത്.

ഗസയിലെ സൈനിക നടപടികൾ തുടരുന്നതിനിടെ ഇസ്രഈൽ ​സർക്കാർ ബോണ്ടുകളിൽ വീണ്ടും നിക്ഷേപം നടത്താനുള്ള നീക്കവുമായി ന്യൂയോർക്ക് സിറ്റി ചീഫ് ഫിനാൻഷ്യൽ ഓഫീസർ മാർക്ക് ലെവിൻ രംഗത്തെത്തിയിരുന്നു. ഇസ്രഈലിലെ നിക്ഷേപങ്ങൾ പിൻവലിക്കണമെന്ന മേയർ സൊഹ്റാൻ മാംദാനിയുടെ കർശന നിലപാടിനെ തള്ളിയാണ് ഈ നീക്കം.

ഗസയിലെ ഇസ്രഈൽ വംശഹത്യയുടെ പശ്ചാത്തലത്തിലാണ് മാംദാനി നിക്ഷേപത്തെ എതിർത്തത്. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്ന ഒരു രാജ്യത്തിന് സഹായകമാകുന്ന രീതിയിൽ പൊതുപണം വിനിയോഗിക്കരുതെന്ന് മംദാനി പറഞ്ഞു.

ഇസ്രഈൽ ബോണ്ടുകൾ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും നിക്ഷേപകർക്ക് മികച്ച വരുമാനം നൽകുന്നവയുമാണെന്നാണ് മാർക്ക് ലെവിന്റെ വാദം. ഒരു ഫിനാൻഷ്യൽ ഓഫീസർ എന്ന നിലയിൽ രാഷ്ട്രീയത്തിനപ്പുറം നിക്ഷേപത്തിന്റെ ലാഭത്തിനാണ് താൻ മുൻഗണന നൽകുന്നതെന്നും അദ്ദേഹം ഫിനാൻഷ്യൽ ടൈംസിനോട് പറഞ്ഞു.

തനിക്ക് ഇസ്രഈലുമായി അടുത്ത വ്യക്തിബന്ധങ്ങൾ ഉണ്ടെന്നും എന്നാൽ തീരുമാനങ്ങൾ എടുക്കുന്നത് സാമ്പത്തിക നേട്ടം മാത്രം മുൻനിർത്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്രഈൽ ​ബോണ്ടുകളിൽ നിക്ഷേപം നടത്തുന്നത് ഫലസ്തീൻ മേഖലകളിലേക്കുള്ള അനധികൃത കുടിയേറ്റത്തിനും സൈനിക അതിക്രമങ്ങൾക്കും ന്യൂയോർക്ക് കൂട്ടുനിൽക്കുന്നതിന് തുല്യമാണെന്ന് മനുഷ്യാവകാശ സംഘടനകളും ആരോപിച്ചു.

ഇസ്രഈൽ ബോണ്ടുകൾ നിലവിൽ അപകടസാധ്യത ഉള്ളവയാണെന്ന് അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസിയായ മൂഡീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും മാർക്ക് ലെവിൻ അത് അവഗണിക്കുകയാണെന്നും വിമർശകർ ചൂണ്ടിക്കാട്ടി.

content highlight: New York pension fund may invest in Israel despite Gaza genocide, defying Mamdani

യെലന കെ.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തരബിരുദം.

We use cookies to give you the best possible experience. Learn more