| Thursday, 1st January 2026, 9:23 am

പുകമഞ്ഞിനൊപ്പം മഴയും, പുതുവര്‍ഷത്തിലും മാറ്റമില്ലാതെ ദല്‍ഹിയിലെ വായു ഗുണനിലവാര സൂചിക

അമര്‍നാഥ് എം.

ന്യൂദല്‍ഹി: പുതുവര്‍ഷത്തിലും മാറ്റമില്ലാതെ രാജ്യതലസ്ഥാനത്തെ വായു ഗുണനിലവാര സൂചിക. 2026 ആരംഭിക്കുമ്പോഴും വായു മലിനീകരണവും അതിശൈത്യവും ദല്‍ഹി നിവാസികള്‍ക്ക് അത്ര നല്ല അനുഭവമല്ല നല്‍കുന്നത്. നിലവിലെ കണക്കുകള്‍ അനുസരിച്ച് 382 ആണ് ദല്‍ഹിയിലെ എ.ക്യൂ.ഐ. പുകമഞ്ഞ് ദല്‍ഹി നിവാസികളെ ശ്വാസം മുട്ടിക്കുകയാണ്.

കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ദല്‍ഹിയിലെ ഏറ്റവും താഴ്ന്ന താപനിലയും ഇന്നാണ് രേഖപ്പെടുത്തിയത്. 14.2 ഡിഗ്രിയാണ് ദല്‍ഹിയിലെ താപനില. 2019 ഡിസംബര്‍ 31ന് ദല്‍ഹിയിലെ താപനി നാല് ഡിഗ്രി വരെ താഴ്ന്നിരുന്നു. പുകമഞ്ഞിനും ശൈത്യത്തിനുമൊപ്പം നേരിയ തോതില്‍ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവിദഗ്ധര്‍ പ്രവചിക്കുന്നുണ്ട്.

മൂടല്‍മഞ്ഞ് പല വിമാന സര്‍വീസുകളെയും ട്രെയിന്‍ സര്‍വീസുകളെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പുകളുണ്ട്. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ തുടങ്ങിയ വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തി. വിമാനസര്‍വീസുകള്‍ പൂര്‍ണമായോ ഭാഗികമായോ മുടങ്ങിയേക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

പുകമഞ്ഞ് കാരണം ഒന്നും ദൃശ്യമാകാത്തതിനാല്‍ കഴിഞ്ഞദിവസം ദല്‍ഹിയില്‍ 150ലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കിുകയും 250ലേറെ വിമാനങ്ങള്‍ വൈകുകയും ചെയ്തിരുന്നു. അതീവ ഗുരുതര അവസ്ഥയിലാണ് കഴിഞ്ഞ കുറേ ദിവസങ്ങളില്‍ ദല്‍ഹിയിലെ വായു ഗുണനിലവാരം. നിരവധി ആശങ്കകള്‍ക്ക് ഇത് വഴിവെച്ചിരിക്കുകയാണ്.

ഓരോ വര്‍ഷവും ദല്‍ഹിയിലെ പുകമഞ്ഞ് രൂക്ഷമാകുന്നതില്‍ പലയിടത്തും പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. ഭരണാധികാരികള്‍ ഈ വിഷയത്തില്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുന്നില്ലെന്ന് സമൂഹമാധ്യമങ്ങളിലടക്കം വിമര്‍ശനങ്ങളാണ്. സുപ്രീം കോടതി അടുത്തിടെ ഈ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

Content Highlight: New year starts with Low quality air index in New Delhi

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more