| Friday, 11th July 2025, 7:56 am

'വി. ജാനകി' വീണ്ടും സെന്‍സര്‍ ബോര്‍ഡിന് മുമ്പില്‍; ഇന്ന് തന്നെ പ്രദര്‍ശനാനുമതി ലഭിച്ചേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള (ജെ.എസ്.കെ) സിനിമയുടെ പുതുക്കിയ പതിപ്പ് പ്രദര്‍ശനാനുമതിക്കായി ഇന്ന് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കും. തിരുവനന്തപുരം സെന്‍സര്‍ ബോര്‍ഡ് ഓഫീസില്‍ രാവിലെ പത്ത് മണിയോടൊയിരിക്കും ചിത്രം സമര്‍പ്പിക്കുക.

മ്യൂട്ട് ചെയ്ത ഭാഗങ്ങളും എഡിറ്റ് ചെയ്ത സബ്‌ടൈറ്റിലും മാത്രമായിരിക്കും സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കുന്നത്. പുതുക്കിയ പതിപ്പ് പൂര്‍ണമായും സമര്‍പ്പിക്കേണ്ടതില്ല എന്ന് സെന്‍സര്‍ ബോര്‍ഡ് നേരത്തെ അറിയിച്ചിരുന്നു.

നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയതിനാല്‍ പുതുക്കിയ പതിപ്പിന് ഇന്ന് തന്നെ പ്രദര്‍ശനാനുമതി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തിന്റെ പേര് ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്നതില്‍ നിന്നും വി. ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്നാക്കി മാറ്റാമെന്ന് നിര്‍മാതാക്കള്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. വിചാരണ രംഗങ്ങളില്‍ ജാനകിയെന്ന പേര് മ്യൂട്ട് ചെയ്യാമെന്നും നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചു.

ചിത്രം എത്രയും വേഗം തീയറ്ററുകളിലെത്തിക്കാനാണ് സെന്‍സര്‍ ബോര്‍ഡ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കാമെന്ന് നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചത്. സിനിമയില്‍ ജാനകി എന്ന് ഉപയോഗിച്ചിരിക്കുന്ന ഭാഗങ്ങള്‍ പൂര്‍ണമായും മാറ്റില്ല. കേന്ദ്ര കഥാപാത്രമായ ജാനകിയെ വിചാരണ ചെയ്യുന്ന രംഗങ്ങളില്‍ പേര് മ്യൂട്ട് ചെയ്യുകയായിരിക്കും ചെയ്യുക.

ജാനകിയുടെ പേര് ഉപയോഗിക്കുന്ന കോടതി രംഗത്തിലെ ഒരു സംഭാഷണം മാറ്റുകയോ മ്യൂട്ട് ചെയ്യുകയോ വേണമെന്നും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു.

ജാനകി എന്ന് ഉപയോഗിക്കുന്നതിന് പകരം കഥാപാത്രത്തിന്റെ മുഴുവന്‍ പേരായ ജാനകി വിദ്യാധരന്‍ എന്നോ ജാനകി വി. എന്നോ ഉപയോഗിക്കണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ മറ്റൊരു പ്രധാന നിര്‍ദേശം. രാമായണത്തിലെ കഥാപാത്രമായ സീതാദേവിയുടെ മറ്റൊരു പേരാണ് ജാനകിയെന്നും ഇത് അനുവദിക്കാന്‍ സാധിക്കില്ല എന്നുമായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്.

സിനിമയില്‍ മറ്റൊരു മതക്കാരന്‍ ജാനകിയെ സഹായിക്കുന്നുണ്ടെന്നും ഇത്തരം സഹായങ്ങള്‍ ഗൂഢലക്ഷ്യത്തോടെയുള്ളതാണെന്നും സെന്‍സര്‍ ബോര്‍ഡ് പറഞ്ഞിരുന്നു.

കേസ് കോടതി പരിഗണിച്ചപ്പോള്‍ സിനിമയുടെ പേര് മാറ്റുന്നതുകൊണ്ടുള്ള ബുദ്ധിമുട്ട് നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചിരുന്നു. ജാനകി എന്ന പേര് ഉപയോഗിക്കുന്ന 96 ഓളം ഭാഗങ്ങളിലും കത്രിക വെക്കേണ്ടിവരുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.

ഇതോടെയാണ് ടൈറ്റിലില്‍ ജാനകി എന്ന പേരിനൊപ്പം ‘വി’ എന്നുകൂടി ചേര്‍ത്താല്‍ മതിയാകുമെന്ന് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കിയത്. കോടതി രംഗങ്ങളില്‍ പേര് ഉപയോഗിക്കുന്ന ഭാഗം മ്യൂട്ട് ചെയ്താല്‍ മതിയെന്നും സെന്‍സര്‍ ബോര്‍ഡ് പറഞ്ഞതായും നിര്‍മാതാവ് വ്യക്തമാക്കിയിരുന്നു.

ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ബി.ജെ.പി നേതാവ് കൂടിയായ സുരേഷ് ഗോപിയുടെ ഈ വിഷയത്തിലെ മൗനവും വലിയ ചര്‍ച്ചാ വിഷയമായിരുന്നു. ഒരു തരത്തിലും പബ്ലിസിറ്റി ലഭിക്കാതിരുന്ന ചിത്രത്തെ ഇത്തരമൊരു വിവാദത്തിലൂടെ ചര്‍ച്ചാവിഷയമാക്കി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമമാണ് നടന്നതെന്ന വിമര്‍ശനങ്ങളും ശക്തമാണ്.

Content Highlight: New version of Janaki vs State of Kerala will be submitted to the Censor Board for screening approval

We use cookies to give you the best possible experience. Learn more