| Thursday, 22nd January 2026, 7:33 am

ഇന്ത്യയുമായി പുതിയ വ്യാപാര കരാര്‍ ഉടന്‍; മോദി മികച്ച നേതാവും സുഹൃത്തുമെന്ന് ട്രംപ്

നിഷാന. വി.വി

ദാവോസ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച നേതാവും സുഹൃത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഇന്ത്യയുമായി വൈകാതെ നല്ല വ്യാപാര കരാര്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ ഇന്ത്യന്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ പരാമര്‍ശം.

‘നിങ്ങളുടെ പ്രധാനമന്ത്രിയോട് എനിക്ക് വലിയ ബഹുമാനമുണ്ട്, അദ്ദേഹം മികച്ച നേതാവും സുഹൃത്തുമാണ്,’ ട്രംപ് പറഞ്ഞു.

ഇന്ത്യയുമായി ഉടന്‍ മികച്ച വ്യാപാര കരാറില്‍ ഏര്‍പ്പെടുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ ഏറ്റവും വലിയ ഇറക്കുമതി തീരുവകളില്‍ ഒന്നായ 50% തീരുവ കരാര്‍ ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ സാഹചര്യത്തിലാണ് ട്രംപിന്റെ പരാമര്‍ശം.

വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്ന് ഇരു രാജ്യങ്ങളും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും പുരോഗതിയൊന്നും ഉണ്ടായിട്ടില്ല.

ഈ മാസം ആദ്യം ഇന്ത്യയിലെ യു.എസ് അംബാസഡറായി സെര്‍ജിയോ ഗോര്‍ ചുമതലയേല്‍ക്കികയും ഇന്ത്യ-യു.എസ് ബന്ധത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

നടന്നുകൊണ്ടിരിക്കുന്ന വ്യാപാര ചര്‍ച്ചകള്‍ക്ക് പിന്തുണ അറിയിക്കുന്നതായും ഒരു കരാറിലെത്താന്‍ ഇരു രാജ്യങ്ങളും ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.

അടുത്ത ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ ട്രംപിന് ഇന്ത്യ സന്ദര്‍ശിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.

റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നത് ട്രംപിനെ ചൊടിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇന്ത്യയ്ക്ക് മേല്‍ 50 ശതമാനത്തോളം ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത്. ഉക്രൈനുമായുള്ള യുദ്ധത്തിന് റഷ്യയെ ഏറ്റവും കൂടുതല്‍ സഹായിക്കുന്നത് ഈ പണമാണെന്നതായിരുന്നു ട്രംപിന്റെ വാദം.

‘ഇന്ത്യ-റഷ്യ എണ്ണ വ്യാപാരത്തില്‍ എനിക്ക് അനിഷ്ടമുണ്ടായിരുന്നു എന്നാല്‍ ഇന്ത്യ എത്രയും പെട്ടെന്ന് ഇതവസാനിപ്പിക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്, അതൊരു വലിയ ചുവടുവെയ്പ്പാണ്,’ ഇതായിരുന്നു ഒക്ടോബറില്‍ ട്രംപിന്റെ ഈ വിഷയത്തിലുള്ള പ്രതികരണം. എന്നാല്‍ ഇന്ത്യ ഇത് തള്ളിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികാര നടപടി.

ഡിസംബര്‍ 10,11 തിയ്യതികളിലായി യു.എസ് പ്രതിനിധി റിക്ക് സ്വിറ്റ്‌സറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ത്യയില്‍ എത്തിയിരുന്നു. ഇന്ത്യ- യു.എസ് ഇറക്കുമതി കരാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംഘം ചര്‍ച്ച നടത്തി. എന്നാല്‍ വിഷയത്തില്‍ പുരോഗതിയുണ്ടാക്കാന്‍ ചര്‍ച്ചയ്ക്കായിട്ടില്ല.

Content Highlight: New trade deal with India coming soon; Trump says Modi is a great leader and friend

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more