| Thursday, 12th February 2026, 2:33 pm

ലാലേട്ടന് എല്ല്, മമ്മൂക്കയ്ക്ക് എമ്മ്, കുഞ്ചാക്കോക്ക് കു.ബോ; ചര്‍ച്ചയായി മലയാള നടന്മാരുടെ ചുരുക്കെഴുത്ത്

അശ്വിന്‍ രാജേന്ദ്രന്‍

മലയാള സിനിമയില്‍ പകരം വെക്കാനില്ലാത്ത ബ്രാന്‍ഡുകളാണ് മമ്മൂട്ടിയും മോഹന്‍ലാലും. പതിറ്റാണ്ടുകളായി മലയാള സിനിമയുടെ അമരത്തിരിക്കുന്ന ഇരുവരും സര്‍വ്വ ആധിപത്യമാണ് മോളിവുഡില്‍ കാഴ്ച്ചവെക്കുന്നത്. എന്നാല്‍ അടുത്തിടെയാണ് ഇരുവരും തങ്ങളുടെ ബ്രാന്‍ഡിങ്ങില്‍ ശ്രദ്ധ ചെലുത്താന്‍ തുടങ്ങിയത്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ എമ്പുരാനില്‍ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ റെഫറന്‍സ് ആയ എല്‍ എന്ന ഇംഗ്ലീഷ് അക്ഷരം വന്നത് മുതല്‍ക്കാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു തുടങ്ങിയത്.

Photo: Reddit

പിന്നീട് വിഷ്ണു മോഹന്‍ ചിത്രം L367 എന്ന പേരിലും തരുണ്‍ മൂര്‍ത്തി ചിത്രം L366 എന്ന പേരിലും അനൗണ്‍സ് ചെയ്തതോടെ L മോഹന്‍ലാലിന്റെ ഐഡിന്റിറ്റി ആയി മാറുകയായിരുന്നു. അതേസമയം, അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി അതിഥി വേഷത്തിലെത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ചത്താ പച്ചയില്‍ മമ്മൂട്ടിയെ സൂചിപ്പിക്കാനായി M എന്ന അക്ഷരവും സൂചിപ്പിച്ചിരുന്നു. ഇവരെക്കാളേറെ മുമ്പ് തന്നെ ആരാധകര്‍ ചുരുക്കപ്പേരില്‍ വിളിച്ചിരുന്നത് യുവനടന്‍ ദുല്‍ഖര്‍ സല്‍മാനെയാണെന്നും കാണാം. DQ എന്നാണ് ഇന്ത്യന്‍ സിനിമയില്‍ സജീവമായ ദുല്‍ഖറിനെ വിശേഷിപ്പിക്കുന്നത്.

ഇക്കൂട്ടത്തിലേക്കാണ് മലയാളത്തിന്റെ റൊമാന്റിക് ഹീറോയായ കുഞ്ചാക്കോ ബോബന്റെ കടന്നുവരവ്. താരത്തിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് അറിയിച്ചുകൊണ്ട് പുറത്തുവന്ന പോസ്റ്ററിലാണ് പേരിന് പകരം കു.ബോ എന്ന ചുരുക്കെഴുത്ത് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ ആവേശത്തോടെ സ്വീകരിക്കുന്നതിന് പകരം ട്രോളുകളുമായാണ് സിനിമാ പേജുകള്‍ ഈ ബ്രാന്‍ഡിങ്ങിനെ സ്വീകരിച്ചിരിക്കുന്നത്.

കുഞ്ചാക്കോ ബോബന്‍ കു.ബോ എന്നെഴുതിയപ്പോള്‍ മറ്റ് നടന്മാര്‍ക്കുള്ള ചുരുക്കെഴുത്തുക്കള്‍ കമന്റുകളായി പലരും രേഖപ്പെടുത്തി. പേരിന്റെ ചുരുക്കെഴുത്തിന് പകരം ആരാധകര്‍ അവരെ സ്‌നേഹത്തോടെ വിളിക്കുന്ന പേരിന്റെ അവസാന ഭാഗമാണ് പലരും കമന്റിടുന്നത്. ജയറാമേട്ടനെ മേട്ടന്‍ എന്നും, ദിലീപേട്ടനെ പേട്ടനെന്നും വിളിക്കണമെന്നാണ് ഒരു കമന്റ്. ഇതേ രീതിയില്‍ സുരേഷേ് ഗോപിയെ ഷേട്ടന്‍ എന്നും പൃഥ്വിരാജിനെ വേട്ടന്‍ എന്നും വിളിക്കാമെന്നും കമന്റുകളുണ്ട്.

Photo: Mohammed ihsan/ x.com

താരങ്ങളുടെ പേരിന്റെ ചുരുക്കെഴുത്ത് വെച്ചോ വിളിപ്പേര് വെച്ചോ ചിത്രങ്ങളുടെ അപ്‌ഡേഷന്‍ പുറത്തുവിടുന്നത് ഇന്ത്യന്‍ സിനിമയില്‍ ഇന്നത്തെക്കാലത്ത് സ്വാഭാവികമാണ്. വരാനിരിക്കുന്ന അല്ലു അര്‍ജുന്‍-ലോകേഷ് ചിത്രത്തിന് aa23 എന്നും രജിനികാന്ത് ചിത്രത്തിന് തലൈവര്‍ 173 എന്നുമാണ് താത്കാലികമായി പേരിട്ടിരിക്കുന്നത്.

Content Highlight: New title for Actor Kunchako Boban As KU.BO

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more