| Wednesday, 27th August 2025, 8:16 pm

പത്തടി പൊക്കം, ഘനഗംഭീര ഡോള്‍ബി അറ്റ്‌മോസ് സൗണ്ട്, ട്രോളിനിടയിലും പുതിയ റാപ് സോങ്ങുമായി ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ചയാളാണ് ലാല്‍. മിമിക്രിയിലൂടെ സിനിമയിലേക്കെത്തിയ ലാല്‍ സിദ്ദിഖിനൊപ്പം ഒരുപിടി മികച്ച സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സിദ്ദിഖുമായി പിരിഞ്ഞ ശേഷവും നാല് ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. പിന്നണിഗാന രംഗത്തും ലാല്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയ ഏറെ വളര്‍ന്ന ഇന്നത്തെ കാലത്ത് ലാല്‍ പാടിയ പാട്ടുകള്‍ ട്രോളന്മാര്‍ ഏറ്റെടുത്തിട്ടുണ്ട്. ബാസ് കൂടിയ സൗണ്ടില്‍ ലാല്‍ പാടുന്ന പാട്ടുകളില്‍ ചിലത് ട്രോളിന് വിധേയമായിട്ടുണ്ട്. എ.ഐ ഉപയോഗിച്ച് പല പാട്ടുകളും ലാലിന്റെ ശബ്ദത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. ലാല്‍ പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രം ഓടും കുതിര ചാടും കുതിര റിലീസിനൊരുങ്ങുകയാണ്.

ചിത്രത്തില്‍ ലാല്‍ ആലപിച്ച ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ട്രോളിന്റെ രൂപത്തിലാണ് പാട്ടിന്റെ ലിങ്ക് ഷെയര്‍ ചെയ്തുകൊണ്ടുള്ള പോസ്റ്റില്‍ ഫഹദ് ഫാസില്‍ അടക്കമുള്ളവര്‍ ക്യാപ്ഷന്‍ നല്‍കിയത്. ‘പത്തടി പൊക്കം ഘനഗംഭീര ഡോള്‍ബി അറ്റ്‌മോസ് സൗണ്ട്. ആ ബാസ് ശബ്ദത്തിന്റെ പേരാണ് ലിറ്റില്‍ ലാല്‍’ എന്ന രസകരമായ ക്യാപ്ഷന്‍ ഇതിനോടകം ചര്‍ച്ചയായിരിക്കുകയാണ്.

ജസ്റ്റിന്‍ വര്‍ഗീസിന്റെ സംഗീതത്തില്‍ ലാലും ജസ്റ്റിന്‍ വര്‍ഗീസും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചത്. ലാല്‍ ആദ്യമായി ആലപിക്കുന്ന റാപ് ഗാനമാണിത്. സ്വതസിദ്ധമായ ബാസ് ശബ്ദത്തില്‍ വന്ന പാട്ടിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സുഹൈല്‍ കോയയാണ് ഈ പാട്ടിന് വരികളെഴുതിയത്. ലിറിക്കല്‍ വീഡിയോയുടെ ഒടുവില്‍ ‘യേശുദാസിന്റെ കാര്യം… ശ്ശേ’ എന്ന ലാലിന്റെ ഡയലോഗും ശ്രദ്ധ നേടുന്നുണ്ട്.

ചിത്രത്തിന്റെ പ്രൊമോഷന്‍ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. പഴയകാല കോമഡി ചിത്രം മൂക്കില്ലാ രാജ്യത്തിലെ ഹിറ്റ് കോമഡി രംഗം ഫഹദ് ഉള്‍പ്പെടെയുള്ള അണിയറപ്രവര്‍ത്തകര്‍ ഡബ്‌സ്മാഷ് ചെയ്ത വീഡിയോ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു, മികച്ച പ്രതികരണമായിരുന്നു വീഡിയോക്ക് ലഭിച്ചത്.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ഹിറ്റിന് ശേഷം അല്‍ത്താഫ് സലിം ഒരുക്കുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര. ഫഹദ് ഫാസില്‍ നായകനായെത്തുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് നായിക. വിനയ് ഫോര്‍ട്, സുരേഷ് കൃഷ്ണ, ലാല്‍, രേവതി പിള്ള എന്നിവരാണ് മറ്റ് താരങ്ങള്‍. ഓഗസ്റ്റ് 29നാണ് ചിത്രത്തിന്റെ റിലീസ്.

Content Highlight: New song in Odum Kuthira Chadum Kuthira sung by Lal out now

We use cookies to give you the best possible experience. Learn more