തിയേറ്റര്‍ റിലീസിന് ശേഷവും ചിത്രങ്ങള്‍ക്ക് വലിയ മാര്‍ക്കറ്റ് നല്‍കുന്ന പ്ലാറ്റ്‌ഫോമാണ് ഓവര്‍ ദി ടോപ് അഥവാ ഒ.ടി.ടികള്‍. തിയേറ്ററില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന പല സിനിമകളെയും വലിയ വിഭാഗം ജനങ്ങളിലേക്കെത്തിക്കുന്നതില്‍ പ്ലാറ്റ്‌ഫോം നിര്‍ണായക പങ്ക് വഹിക്കാറുണ്ട്. തിയേറ്ററുകളില്‍ പരാജയമായിട്ടും ഒ.ടി.ടി. റിലീസിന് ശേഷം മികച്ച പ്രതികരണം ലഭിച്ച ഭരതനാട്യം രണ്ടാം ഭാഗവുമായി തിയേറ്ററുകളിലെത്തിയത് ഇതിന് ഉദാഹരണമാണ്.
ഇപ്പോഴിതാ പുതിയ ചിത്രങ്ങളുടെ റിലീസുമായി മുന്‍നിര ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകള്‍ കളം പിടിക്കുന്ന വാര്‍ത്തകളാണ് സിനിമാ പ്രേക്ഷകരെ സന്തോഷിപ്പിക്കുന്നത്. കാളിദാസ് ജയറാം, ജയറാം തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ആശകള്‍ ആയിരം, അഷ്‌കര്‍ അലി, വിനീത് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ സംഭവം തുടങ്ങിയ ചിത്രങ്ങളാണ് ഇപ്പോള്‍ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. ഇതോടൊപ്പം ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരുന്ന നിവിന്‍ പോളി- ബി. ഉണ്ണികൃഷ്ണന്‍ ചിത്രം പ്രതിഛായയും റിലീസിനൊരുങ്ങുന്നുണ്ടെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ആശകള്‍ ആയിരം. Photo: X.com
ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം പ്രതിഛായ ഏപ്രില്‍ 24ന് ഒ.ടി.ടി. വമ്പന്മാരായ ജിയോ ഹോട്‌സ്റ്റാറിലാണ് റിലീസിനൊരുങ്ങുന്നത്. മാര്‍ച്ച് 26ന് തിയേറ്ററുകളിലെത്തിയ ചിത്രം മുന്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. മികച്ച പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്ന നിലയില്‍ തിയേറ്ററുകളില്‍ നിന്നും പ്രതികരണം സ്വന്തമാക്കിയ ചിത്രം ആട് 3യുണ്ടാക്കിയ ഓളത്തില്‍ മുങ്ങിപോകുകയായിരുന്നു. പിന്നാലെ ഏപ്രില്‍ രണ്ടിന് ഏറെ പ്രതീക്ഷയോടെയെത്തിയ വാഴ 2വും കളം നിറഞ്ഞതോടെ പ്രതിഛായക്ക് ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ സാധിക്കാതെ പോകുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഒരു മാസത്തിനുള്ളില്‍ ചിത്രം ഒ.ടി.ടി.യില്‍ പ്രത്യക്ഷപ്പെട്ടത്.
2003 ല്‍ പുറത്തിറങ്ങിയ എന്റെ വീട് അപ്പൂന്റെയും എന്ന ചിത്രത്തിന് ശേഷം ജയറാമും മകന്‍ കാളിദാസും ഒന്നിക്കുന്നുവെന്ന പ്രത്യകതയോടെ തിയേറ്ററുകളിലെത്തിയ ചിത്രമാണ് ആശകള്‍ ആയിരം. ജി. പ്രജിത്ത് സംവിധാനം ചെയ്ത് ഫീല്‍ ഗുഡ് ഴോണറില്‍ ഒരുക്കിയ ചിത്രത്തില്‍ ആശ ശരത്, ഷറഫുദ്ദീന്‍, രമേശ് പിഷാരടി തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു. ഒ.ടി.ടി പ്ലാറ്റ്‌ഫോമായ സീ ഫൈവിലാണ് ചിത്രം ഇന്നലെ മുതല്‍ സ്ട്രീമിങ്ങ് ആരംഭിച്ചിരിക്കുന്നത്.
സംഭവം അദ്ധ്യായം ഒന്ന്. Photo: District
ജിയോ ഹോട്‌സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തിയ മറ്റൊരു മലയാള ചിത്രമാണ് സംഭവം അദ്ധ്യായം ഒന്ന്. ആസിഫ് അലിയുടെ സഹോദരന്‍ അഷ്‌കര്‍ അലി നായകനായ ചിത്രം പ്രേക്ഷകരുടെ മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് സിനിമാലോകത്ത് ചര്‍ച്ചയാകുന്നത്. നവാഗതനായ ജിത്തു സതീശന്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തില്‍ കണ്ടുപരിചയിച്ചിട്ടില്ലാത്ത മിസ്റ്ററി ത്രില്ലര്‍ ഴോണറിലാണ് ഒരുക്കിയിരിക്കുന്നത്. വിനീത്, സെന്തില്‍ കൃഷ്ണ, സിദ്ധാര്‍ത്ഥ് ഭരതന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയിരുന്നു.
Content Highlight: New Ott released movies In Malayalam